എസ്‌യുവികളിലെ സൂപ്പർസ്റ്റാർ; Rolls Royce Cullinan സ്വന്തമാക്കി അല്ലു അർജുൻ
തെലുങ്ക് സിനിമാ താരം അല്ലു അർജുനെ അറിയാത്ത മലയാളികൾ അധികമാരും ഉണ്ടാവില്ല. ആര്യയിലൂടെയും പുഷ്‌പയിലൂടെയെല്ലാം തരംഗമായ താരം കഴിഞ്ഞ ദിവസം ഒരു റോൾസ് റോയ്സ് കലിനൻ എസ്‌യുവി സ്വന്തമാക്കിയാണ് വാർത്തകളിൽ നിറയുന്നത്.

ഒരു പരിപാടിയിൽ പങ്കെടുക്കാനായി താരം തന്റെ എസ്‌യുവിയിൽ താജ് കൃഷ്ണ ഹോട്ടലിലെത്തിയതോടെയാണ് പുത്തൻ ലക്ഷ്വറി വാഹനം വാങ്ങിയ കാര്യം ഇന്റർനെറ്റിലൂടെ വൈറലാവുന്നത്. തെലുങ്ക് സിനിമാ മേഖലയിൽ കാറുകളെ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്ന താരങ്ങളിൽ പ്രധാനിയാണ് അല്ലു അർജുൻ.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അല്ലു അർജുൻ ജീവിതത്തിൽ ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ പൊടിക്കുന്നത് കോടികളാണ്. അതിനാൽ തന്നെ നടന്റെ ഗാരേജിൽ വൈവിധ്യമാർന്ന ആഡംബര കാറുകൾക്കും എസ്‌യുവികൾക്കും ഒരു പഞ്ഞവുമില്ലെന്നു വേണം പറയാൻ.
റോൾസ് റോയ്‌സ് കലിനനാണ് ഈ ശ്രേണിയിലേക്ക് സൂപ്പർ താരം വാങ്ങിയ പുതിയ അതിഥി. ശരിക്കും പറഞ്ഞാൽ വാഹന ലോകത്തെ ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് കാറുകൾ. തിളങ്ങുന്ന കറുത്ത വാനിറ്റി വാൻ മുതൽ മെഗാ വെഡ്ഡിംഗ് സെറ്റ് അപ്പ് വരെ ഒരുക്കാൻ അല്ലു വൻ തുക മുടക്കിയതും പലതവണ വാർത്തകളിൽ നിറഞ്ഞ കാര്യമാണ്.

വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ റോൾസ് റോയ്‌സ് കലിനനാണ് അല്ലു അർജുൻ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര ക്യാബിൻ, സവിശേഷതകൾ, സുഖസൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമായ ലക്ഷ്വറി കാറുകളിലെ പ്രത്യേക ബ്രീഡാണ് കലിനൻ എന്നും പറയാതെ വയ്യ.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കുള്ള ട്രെൻഡിനെ സൂചിപ്പിച്ചതോടെയാണ് ഒരു എസ്‌യുവി അവതരിപ്പിക്കാൻ റോൾസ് റോയ്‌സ് തീരുമാനിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ആഡംബര എസ്‌യുവി കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയം.

വിപണിയിൽ എത്തിയതും അതിവേഗം വമ്പർ ഹിറ്റായി മാറാനും റോൾസ് റോയ്‌സ് കലിനന് സാധിച്ചിട്ടുണ്ട്. താമസിയാതെ നിരവധി ശതകോടീശ്വരൻമാരായ വ്യവസായികളുടെയും സെലിബ്രിറ്റികളുടെയും ഗാരേജിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താനും ഈ വാഹനത്തിന് സാധിച്ചു. ഇന്ത്യയിൽ പോലും സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമായ കാറാണ് റോൾസ് റോയ്സ് കലിനൻ.

റോൾസ് റോയ്‌സ് സ്വന്തമാക്കിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഉണ്ടെങ്കിലും കലിനൻ ഉള്ളത് വളരെ ചുരുക്കം പേർക്കു മാത്രമാണ്. നടൻ അജയ് ദേവ്ഗൺ, ടി-സീരീസ് ഉടമ ഭൂഷൺ കുമാർ എന്നിവരെല്ലാമാണ് കലിനൻ സ്വന്തമാക്കിയിട്ടുള്ളവരുടെ പട്ടികയിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള കോടീശ്വരൻ വ്യവസായികളും റോൾസ് റോയ്സ് കലിനൻ ഉടമകളാണ്.

അംബാനി കുടുംബത്തിന് അവരുടെ ഗാരേജിൽ മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികളാണുള്ളത്. അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ റോൾസ് റോയ്‌സ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവിയുടെ പെയിന്റ് ജോലിക്ക് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്.

അംബാനിമാരെക്കൂടാതെ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഉടമയായ എംഎ യൂസഫ് അലിക്കും മറ്റ് ആഡംബര കാറുകൾക്കും എസ്‌യുവികൾക്കും ഒപ്പം ഒരു കലിനനും ഉണ്ട്. ഇനി അല്ലു അർജുവിന്റെ വാഹനത്തിലേക്ക് വന്നാൽ കൃത്യമായ കസ്റ്റമൈസേഷനുകളും വിശദാംശങ്ങളും ഇപ്പോൾ ലഭ്യമല്ല.

കലിനൻ എസ്‌യുവിയുടെ ക്യാബിന് വളരെ പ്രീമിയം ലുക്ക് നൽകുന്ന ബ്രൗൺ കളർ ലെതർ ഇന്റീരിയറാണ് അല്ലു തെരഞ്ഞെടുത്തിരിക്കുന്നത്. റോൾസ് റോയ്സ് നിരയിൽ കലിനൻ നിലവിൽ ഗോസ്റ്റിനും ഫാന്റം എയ്റ്റിനും ഇടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ റോൾസ് റോയ്‌സ് കൂടിയാണിത്.

യുകെയിലെ ഗുഡ്‌വുഡിലുള്ള റോൾസ് റോയ്‌സിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ റോൾസ് റോയ്‌സ് കലിനനും അതുല്യമാണെന്ന് കമ്പനി പറയുന്നു. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഇതിന് ഹൃദയം തന്നെ. ഇത് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

എഞ്ചിൻ 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കലിനന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഈ വാഹനത്തിനു പുറമെ ഫാൽക്കൺ വാനിറ്റി വാൻ, ഹമ്മർ H2, റേഞ്ച് റോവർ വോഗ്, മെർസിഡീസ് 200 CDI, തുടങ്ങിയ അത്യാഡംബര കാർ കളക്ഷനാണ് തെന്നിന്ത്യൻ താരത്തിന്റെ പക്കലുള്ളത്.


Click it and Unblock the Notifications








