കച്ചോടമില്ലാത്ത കാറിന് ഇത്രയും വലിയ പരസ്യം വേറെ കിട്ടാനില്ല, പുറത്തിറങ്ങാൻ ധോണിക്ക് സാധാരണക്കാരന്റെ വണ്ടി
ഇന്ത്യയിൽ തൊട്ടതെല്ലാം പിഴച്ച കഥകൾ മാത്രമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന് (Citroen) പറയാനുണ്ടാവുക. എന്നാൽ ഒരു കാര്യത്തിൽ മാത്രം കമ്പനി കറക്റ്റായ തീരുമാനം എടുത്തിട്ടുണ്ട്. ഏതാണെന്ന് ഊഹിക്കാനാവുമോ? മറ്റേതുമല്ല, ബ്രാൻഡ് അംബാസിഡറായി നമ്മുടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ എംഎസ് ധോണിയെയാണ് (MS Dhoni) കാർ വിൽപ്പനയ്ക്കായി സിട്രൺ കൊണ്ടുവന്നത്. അടുത്തിടെ C3 കോംപാക്‌ട് ഹാച്ച്ബാക്ക്, എയർക്രോസ്, ബസാൾട്ട് മോഡലുകളുടെ ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയപ്പോൾ ധോണിക്ക് ആദ്യ വണ്ടി കൈമാറ്റം ചെയ്‌ത് ഐശ്വര്യത്തോടെ തുടങ്ങാനും സിട്രണിനായി.
ടാറ്റ കർവിനെ പൂട്ടാനെത്തിയ ബസാൾട്ടിന്റെ ബ്ലാക്ക് എഡിഷനായിരുന്നു എംഎസ് ധോണിയുടെ ഗരാജിലേക്ക് എത്തിയത്. ഇപ്പോഴിതാ അതേ ഡാർക്ക് എഡിഷൻ എസ്‌യുവി ഓടിക്കുന്ന ധോണിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ നിറഞ്ഞ ഗരാജിൽ നിന്നും തന്റെ യാത്രകൾക്കായി മുൻ ഇന്ത്യൻ നായകൻ ബസാൾട്ട് തെരഞ്ഞെടുത്തിരിക്കുന്നത് ആരാധകരിൽ വരെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

റാഞ്ചിയിലെ തന്റെ മണിമാളികയിൽ നിന്നും സിട്രൺ ബസാൾട്ട് ബ്ലാക്ക് എഡിഷൻ കൂപ്പെ എസ്‌യുവി പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണാം. പ്രതീക്ഷിച്ചതുപോലെ വാഹനമോടിച്ചിരുന്നത് ധോണി തന്നെയായിരുന്നു. മാധ്യമങ്ങളെ നോക്കി കൈവീശിയ താരം വണ്ടിയൊന്നും നിർത്താൻ കൂട്ടാക്കാതെ നേരെ റോഡിലേക്ക് പോവുകയാണ്. എന്തായാലും ഇതിലും നല്ലൊരു പരസ്യം സിട്രണിന് കിട്ടാനില്ലെന്ന് തന്നെയാണ് ആരാധകരുടെ പക്ഷം.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സിട്രൺ ബസാൾട്ട് ഉൾപ്പടെയുള്ള ബ്ലാക്ക് എഡിഷൻ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. 12.80 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കൂപ്പെ എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ വിപണിയിൽ പുറത്തിറക്കിയത്. എന്നാൽ ഏകദേശം 14.10 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ബസാൾട്ടിന്റെ ടോപ്പ്-എൻഡ് ടർബോ ഓട്ടോമാറ്റിക് പതിപ്പാണ് ധോണിയുടെ പക്കലുള്ളത്.

ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമായി എല്ലാം അതേപടിയാണ് വാഹനം തുടരുന്നത്. എന്നാൽ കറുപ്പഴകിൽ വണ്ടിക്ക് വല്ലാത്തൊരു സ്പോർട്ടിനെസ് കൈവരിക്കാനായിട്ടുണ്ടെന്നതാണ് സത്യം. പെർല നേര ബ്ലാക്ക് കളർ ഓപ്ഷനിലാണ് കൂപ്പെ എസ്‌യുവിയുടെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. ഗ്രില്ലിലെ ഡാർക്ക് ക്രോം ഫിനിഷുകൾ, ബോഡി സൈഡ് മോൾഡിംഗുകൾ, സിട്രണിന്റെ ഷെവ്‌റോൺ ബാഡ്ജ് എന്നിവ ഗംഭീരമാണ്.
ഇതോടൊപ്പം ബമ്പറുകളിലും ഡോർ ഹാൻഡിലുകളിലും അധിക ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ് എസ്‌യുവികൾക്ക് അന്യായ റോഡ് പ്രസൻസുമാണ് സമ്മാനിക്കുന്നത്. എക്സ്റ്റീരിയറിന് സമാനമായ നവീകരണങ്ങളെല്ലാം അകത്തളത്തിലും കാണാനാവുമേ. കാർബൺ ബ്ലാക്ക് ഇന്റീരിയർ കളർ ഓപ്ഷനാണ് അകത്തളത്തിലെ വെറൈറ്റി. കോൺട്രാസ്റ്റ് റെഡ് ഡീറ്റെയിലിംഗും ലെതറെറ്റ് സീറ്റ് കവറുകളും കൂടിയാവുമ്പോൾ ഡാർക്ക് എഡിഷനുകൾ കൂടുതൽ പ്രീമിയം ഫീലാണ് നൽകുന്നത്.

പ്രധാന സ്ഥലങ്ങളിലെല്ലാം ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ചിട്ടുണ്ട് സിട്രൺ എന്നതിനാൽ കാഴ്ച്ചയിലും പ്രീമിയംനെസ് പ്രകടമാണ്. ലെതറെറ്റ് പൊതിഞ്ഞ ഇൻസ്ട്രുമെന്റ് പാനലും ഹൈലൈറ്റായി എറിച്ചുനിൽക്കുന്നുണ്ട്. കസ്റ്റം സീറ്റ് അപ്ഹോൾസ്റ്ററി, യുണീക് ഡാർക്ക് ക്രോം ട്രിം പീസുകൾ തുടങ്ങിയ എക്സ്ക്ലൂസീവ് ഫീച്ചറുകളും സിട്രണിന്റെ ഡാർക്ക് എഡിഷൻ കാറുകൾ വഹിക്കുന്നുണ്ട്. നല്ല സസ്പെൻഷനും എഞ്ചിൻ ഓപ്ഷനും റൈഡ് ക്വാളിറ്റിയുമെല്ലാം ധോണിയെ വരെ അമ്പരിപ്പിക്കുന്നതാണ്.
എഞ്ചിനിലേക്ക് വരുമ്പോൾ ബസാൾട്ട് ഡാർക്ക് എഡിഷനിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ തന്നെയാണ് സിട്രൺ ഉപയോഗിക്കുന്നത്. താഴ്ന്ന വേരിയന്റുകളിലെ NA പെട്രോൾ 80 bhp കരുത്തിൽ 115 Nm ടോർക്കും ഉത്പാദിപ്പിക്കതാണ്. അതേസമയം ടർബോചാർജ്ഡ് പതിപ്പ് 109 bhp പവറിൽ 205 Nm ടോർക്ക് വരെ വികസിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്.


Click it and Unblock the Notifications








