കോടികളുടെ ആസ്‌തിയുള്ള മനുഷ്യനാ... വൈറലായ ധോണിയുടെ ഇലക്‌ട്രിക് സൈക്കിളിന്റെ വില അറിയണോ?
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സിന്റെ നട്ടെല്ലുമാണ് മഹേന്ദ്ര സിംഗ് ധോണി. എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായി അറിയപ്പെടുന്ന ധോണി ഐപിഎല്ലിൽ ഇത്തവണയും നിറസാന്നിധ്യമാണ്. സിഎസ്കെയുടെ ക്യാപ്റ്റൻസി ഒഴിഞ്ഞുവെങ്കിലും മൈതാനത്ത് ഇപ്പോഴും തലയുടെ വിളയാട്ടമാണ് കാണാനാവുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന പല താരങ്ങളേക്കാളും ആരാധകരുള്ള കളിക്കാരനാണ് ധോണിയെന്ന് മനസിലാക്കാൻ ടിവി സ്ക്രീനിൽ താരത്തിന്റെ മുഖം കാണിക്കുമ്പോൾ ഗ്യാലറിയിൽ നിന്നും വരുന്ന വലിയ ആരവം കേട്ടാൽ മതി. സാക്ഷാൽ വിരാട് കോലിയേക്കാൾ ഫാൻസാണ് ഇപ്പോഴും തല ധോണിക്കുള്ളത്. ക്രിക്കറ്റ് കഴിഞ്ഞാൽ താരത്തിന്റെ ഏറ്റവും വലിയ വിനോദം വണ്ടികളാണെന്ന് എല്ലാവർക്കും അറിയാം.

അത്രക്ക് ഫേമസാണ് ധോണിയുടെ വണ്ടിപ്രേമം. മോട്ടോര്‍സൈക്കിളുകളുടെയും അത്യപൂര്‍വമായ കാറുകളുടെയും കമനീയ ശേഖരമാണ് ധോണിയുടെ റാഞ്ചിയിലെ വലിയ വീട്ടിലുള്ളത്. വലിയ ഷോറൂമുകൾ പോലും തോറ്റുപോവുന്ന തരത്തിലാണ് താരം ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നതും. പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വണ്ടികളാണ് ധോണിക്ക് ഇന്നും പ്രിയം. അത് മനസിലാക്കാൻ മുൻനായകന്റെ വിന്റേജ് കാർ, മോട്ടോർബൈക്കുകളുടെ കളക്ഷൻ കണ്ടാൽ മതി.
എന്നാൽ ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്‌സ് താരം കറങ്ങാനിറങ്ങിയ ഇലക്‌ട്രിക് ടൂവീലറാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഇതേത് വണ്ടിയെന്ന് തിരക്കിയാണ് ഇപ്പോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ചൈന്നൈ വീഥികളിലൂടെ സവാരിക്കിറങ്ങിയ തലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതുവരെ കണ്ടത് 10 ലക്ഷത്തിലധികം ആളുകളാണ്. ഫിറ്റ്നെസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചക്കും തയാറല്ലാത്ത എംഎസ് ധോണി തന്റെ സൈക്കിൾ യാത്രയിലൂടെ പറഞ്ഞുവെക്കുന്നതും ഇതേ സന്ദേശമാണ്.

പുതിയ ഇലക്ട്രിക് സൈക്കിളുമായി സവാരിക്ക് ഇറങ്ങിയതാണോ അതോ ഇമോട്ടോറാഡിന്റെ പരസ്യ ചിത്രീകരണമാണോയെന്ന് വ്യക്തമല്ല. എന്തായാലും ഈ വണ്ടിയേതാണെന്ന് തിരക്കുന്നവർക്കുള്ള ഉത്തരം ഇനി പറഞ്ഞുതരാം. ഇമോട്ടോറാഡ് ഡൂഡിൽ V3 എന്ന ഇലക്‌ട്രിക് സൈക്കിളാണ് ധോണി ഉപയോഗിക്കുന്ന മോഡൽ. ഇപ്പോൾ മനസിൽ ഓർക്കുന്ന കാര്യം ഇതിനൊക്കെ വലിയ വിലയായിരിക്കും എന്നായിരിക്കും അല്ലേ.
ഇലക്ട്രിക് സ്‌കൂട്ടർ പോലെ അല്ലെങ്കിൽ സൈക്കിളായി ഉപയോഗിക്കാനാവുന്ന ഇമോട്ടോറാഡ് ഡൂഡിൽ V3 ഫോൾഡബിൾ ഇ-സൈക്കിളിന് ഇന്ത്യയിൽ 52,999 രൂപയാണ് വില വരുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുന്ന വാഹനത്തിന് പെഡൽ സംവിധാനത്തിന് ഒപ്പം ഇലക്ട്രിക് കരുത്തിലും ഓടിക്കാം എന്നതാണ് പ്രത്യേകത. ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് ഒറ്റ ചാർജിൽ 60 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 12.75 Ah ബാറ്ററി പായ്ക്കാണ് ഇതിന്റെ ഹൃദയം.
20 ഇഞ്ച് സ്‌പോക്ക് വീലുകളും ഫാറ്റ് ടയറുകളും ഉള്ള 16 ഇഞ്ച് അലുമിനിയം അലോയ് ഫ്രെയിമാണ് ഇമോട്ടോറാഡ് ഡൂഡിൽ V3 ഇലക്ട്രിക് സൈക്കിളിന് ലഭിക്കുന്നത്. മുൻവശത്തെ ഫോർക്കുകൾ ലോക്കൗട്ടിനൊപ്പം 60 മില്ലീമീറ്റർ ട്രാവലുമായാണ് വരുന്നത്. ഷിമാനോ ടൂർണി 7-സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ച് റിയർ വീലിലേക്കാണ് പവർ അയയ്‌ക്കുന്നത്. ഓട്ടോ കട്ട് ഓഫ് ആയി പവർ നിർത്തുന്ന സംവിധാനവും ഇതിലുണ്ട്. ഡൂഡിൽ V3 മോഡലിന് ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.
ഇലക്ട്രിക് സൈക്കിളിന്റെ ഫ്രെയിമിലാണ് ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നത്. ഇ-ബൈക്ക് എന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. മടക്കിയെടുത്ത് വീടിനകത്തോ കാറിലോ വെക്കാനും സാധിക്കുമെന്നതും ഇമോട്ടോറാഡ് ഇവിയുടെ പ്രത്യേകതയാണ്. റിമൂവബിൾ ബാറ്ററി വാഗ്‌ദാനം ചെയ്യുന്നതിനാൽ പുറത്ത് വെച്ച് തന്നെ ചാർജ് ചെയ്യാമെന്നതിന് പുറമെ സൌകര്യം കൂട്ടുന്നതിനായി ഇവ നീക്കം ചെയ്ത് പ്രത്യേകം ചാർജ് ചെയ്യാനും സാധിക്കും.

ഷിമാനോ ഗിയർ സിസ്റ്റത്തിന് പുറമെ എൽസിഡി ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട്, മികച്ച കാര്യക്ഷമതയ്ക്കായി വ്യത്യസ്ത മോഡുകൾ എന്നീ ഫീച്ചറുകളും ഇമോട്ടോറാഡ് ഡൂഡിൽ V3 ഫോൾഡബിൾ ഇ-സൈക്കിളിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന്റെ ടഫ്, ഫാറ്റ് ടയറുകൾ ഇലക്ട്രിക് ബൈക്കിനെ സ്ഥിരതയുള്ളതും ഏത് ഭൂപ്രദേശത്തും സഞ്ചരിക്കാനും പ്രാപ്തവുമാക്കുന്ന കാര്യം കൂടിയാണ്.
നിലവിൽ ഫോൾഡബിൾ ഇലക്ട്രിക് സൈക്കിളുകളുടെ ട്രെൻഡാണ് ഇന്ത്യൻ വിപണിയിലുള്ളത്. എന്തായാലും ധോണിയുടെ വരവോടെ ഇമോട്ടോറാഡ് ഇലക്ട്രിക്കിന്റെ വിൽപ്പന ഇനി കൂടുമെന്നതിൽ സംശയമൊന്നും വേണ്ട. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, ഓഫ്‌ലൈൻ ഡീലർഷിപ്പുകൾ എന്നിവയിൽ നിന്നും ഡൂഡിൽ V2 വാങ്ങാനാവും.


Click it and Unblock the Notifications








