ക്ലാസിക് കാറുകളുടെ രാജകുമാരൻ, ധോണി കറങ്ങുന്ന കാർ തിരഞ്ഞ് സോഷ്യൽ മീഡിയ
ക്രിക്കറ്റിനോട് എന്നപോലെ വിന്റേജ് വാഹനങ്ങളോടും പ്രത്യേക കമ്പമുള്ളയാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകനും ലോകകപ്പ് വിജയിയുമായി എംഎംസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞുവെങ്കിലും ഐപിഎല്ലിൽ ഇന്നും ചെന്നൈ സൂപ്പർ കിംഗ്‌സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസുനിറയ്ക്കാൻ ക്യാപ്റ്റൻ കൂളിനാവുന്നുണ്ട്. കഴിഞ്ഞകൊല്ലം സിഎസ്കെയ്ക്ക് കിരീടം നേടിക്കൊടുത്ത് തന്റെ നായക മികവ് വീണ്ടും ഈ നാൽപ്പത്തിരണ്ടുകാരൻ തെളിച്ചു.
ക്രിക്കറ്റ് കഴിഞ്ഞാൽ വാഹനങ്ങളോടുള്ള കമ്പമാണ് ധോണിയുടെ പ്രധാന വിനോദം. അടുത്തിടെ ധോണിയുടെ വാഹന ശേഖരം കണ്ട മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് പോലും ഞെട്ടിയിരുന്നു. പഴഞ്ചൻ ബൈക്കുകളാണ് ഏറെ പ്രിയമെങ്കിലും വിന്റേജ് കാറുകളുടെ വളരെ വലിയ ശേഖരവും താരത്തിന്റെ പക്കലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ക്യാപ്റ്റൻ കൂളിന്റെ താമസം.

തന്റെ ഗരാജിലെ സൂപ്പര്‍ ബൈക്കുകളുമായി റാഞ്ചിയിലെ നിരത്തുകളിലൂടെ പോവുന്ന ധോണി ഒരു സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ ഇപ്പോൾ ഇതാ ധോണി ഒരു പഴയ കിടിലൻ കാറുമായി നിരത്തിലൂടെ പായുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറൽ. വാഹനമേതെന്ന് ആദ്യ കാഴ്ച്ചയിൽ കടുത്ത വണ്ടിഭ്രാന്തൻമാർക്കു പോലും മനസിലാവില്ല. ഇതേതാ മോഡൽ എന്ന ചോദിക്കുന്നവരും അനേകമാണ്. ധോണി സഞ്ചരിക്കുന്ന വീഡിയോയിൽ കാണുന്നത് 1980 മോഡല്‍ റോള്‍സ് റോയ്സ് കാറാണ്.
ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവമായ റോൾസ് റോയ്‌സിന്റെ 1980 മോഡൽ സിൽവർ വ്രെയ്ത്ത് II ആണിത്. ക്ലാസിക് കാറുകളിൽ ഏതോ ഒന്നാണെന്ന് വിളിച്ചുപറയുന്ന രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡ്യുവൽ-ടോൺ ബ്ലൂ-ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഈ രാജകീയ സെഡാൻ സ്റ്റോക്ക് കണ്ടീഷനിൽ അതേപടി നിലനിർത്താനും ധോണി ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ കാറിന്റെ അപൂർവ ഉദാഹരണങ്ങളിലൊന്നാണ് ഈ സിൽവർ വ്രെയ്ത്ത് II. 1976-ൽ പുറത്തിറങ്ങിയ ഈ മോഡൽ വിപണിയിലും ഹിറ്റായിരുന്നു.
ലോംഗ്-വീൽബേസ് ലക്ഷ്വറി സെഡാൻ 1980 വരെയാണ് നിർമാണത്തിലുണ്ടായിരുന്നത്. ഈ റോൾസ് റോയ്‌സ് കാർ ധോണിയുടെ കാർ ശേഖരത്തിലെ ഏറ്റവും ആകർഷണീയമായ കാറുകളിൽ ഒന്നുമാത്രമാണ്. റോവർ മിനി കൂപ്പർ സ്‌പോർട്, ലാൻഡ് റോവർ ഡിഫെൻഡർ 110, 1971 ലെ ലാൻഡ് റോവർ സീരീസ് 3 സ്റ്റേഷൻ വാഗൺ, പോണ്ടിയാക് ഫയർബേർഡ്, നിസ്സാൻ ജോംഗ, ട്രാൻസ്‌ആം എന്നിവ പോലുള്ള വിന്റേജ് കാറുകളുടെ അത്യപൂർവ സംഗമമാണെന്നു വേണം പറയാൻ.
ഈ ക്ലാസിക് കാറുകൾക്കൊപ്പം ആധുനിക കാറുകളുടെയും എസ്‌യുവികളുടെയും ശേഖരം ധോണിയുടെ ഗരാജിനെ വ്യത്യസ്‌തമാക്കുന്ന കാര്യമാണ്. ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്കാണ് ഇതിലെ കണ്ണഞ്ചിപ്പിക്കുന്ന മോഡൽ. ഇന്ത്യയിലെ ഒരേയൊരു മോഡലാണിതെന്നതാണ് ശ്രദ്ധേയമാക്കുന്നത്. ഈ പവർഫുൾ എസ്‌യുവിയിൽ 6.2 ലിറ്റർ ഹെൽകാറ്റ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

ഇത് ഏതാണ്ട് 707 bhp കരുത്തിൽ പരമാവധി 875 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 3.62 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കൂറ്റൻ എഞ്ചിൻ എസ്‌യുവിയെ പ്രാപ്‌തമാക്കുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ എസ്‌യുവി എന്ന പദവി ഉറപ്പിക്കുന്ന കണക്കുകളാണിത്. കാറുകളേക്കാൾ കൂടുതൽ മോട്ടോർസൈക്കിളുകളുടെ എണ്ണമാണ് അമ്പരിപ്പിക്കുന്നത്.
ഇതിനായി വലിയൊരു ചില്ലുകൂടാരം വരെ ധോണി തന്റെ ഫാം ഹൗസിൽ പണിതിട്ടുണ്ട്. റാഞ്ചിയിലെ ധോണിയുടെ ബൈക്കുകളും കാറുകളും എന്നു പറഞ്ഞ് എംഎസ്കെ പ്രസാദ് പുറത്തുവിട്ട വീഡിയോ കഴിഞ്ഞ ദിവസം ട്രെൻഡിംഗായിരുന്നു. ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെത്തിയപ്പോഴാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ സൂപ്പര്‍ ബൈക്കുകളുടെ കളക്ഷന്‍ കണ്ട് അന്തം വിട്ടത്.
കരിയറിലെ വലിയ നേട്ടങ്ങളോടൊപ്പം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിച്ച ഭാഗ്യവാനാണ് താങ്കള്‍ എന്നും ധോണിയെ വെങ്കിടേഷ് പ്രസാദ് വിശേഷിപ്പിച്ചു. ഇത്രയും വലിയ വാഹന ശേഖരമുള്ള ഒരു സെലിബ്രിറ്റി രാജ്യത്ത് വേറെയുണ്ടായെന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. ബൈക്കിന്റേതു പോലെ തന്നെ കാറുകൾക്കായും പ്രത്യേക ഏരിയ താരം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ കിയ EV6 GT ഇലക്ട്രിക് കാറും ധോണി ഗരാജിലെത്തിച്ചിരുന്നു.


Click it and Unblock the Notifications








