അകമ്പടിയേകുന്നത് 40 കോടി രൂപ മൂല്യമുള്ള കാറുകൾ, ഇന്ത്യയിലെ ഏറ്റവും ധനികനായ ഇദ്ദേഹം നിസാരക്കാരനല്ല
ഏതൊരു സാധാരണക്കാരന്റേയും ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നാവും പണക്കാരനായി മാറുകയെന്നത്. ഒരു ചെറിയ അംബാനിയാവാൻ മോഹിക്കാത്തവരാരും കാണില്ലെന്ന് ഉറപ്പാണ്. എന്നാൽ ഇവരുടെ ജീവിതത്തിന് അത്രയ്ക്ക് സ്വകാര്യതയൊന്നുമില്ലെന്നത് അറിഞ്ഞാൽ പലരും നമ്മുടെ സാധാരണ ജീവിതം മതിയെന്ന് വരെ പറഞ്ഞേക്കും. ഇന്ത്യയിലെ ഏറ്റവും കനത്ത സുരക്ഷയുള്ള സ്വകാര്യ വ്യക്തികളില്‍ ഒരാളാണ് മുകേഷ് അംബാനി (Mukesh Ambani). Z പ്ലസ് ക്യാറ്റഗറി സുരക്ഷയിലാണ് ഈ കുടുംബത്തിന്റെ യാത്രയും ജീവിതവും. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയുടെ വാഹനവ്യൂഹം കണ്ടാൽ തന്നെ കിളിപാറും.
പലരുടേയും സ്വപ്ന വാഹനങ്ങളാവും മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിൽ സെക്യൂരിറ്റി കാറായി ഉപയോഗിക്കുന്നത് കേട്ടോ. ഒന്നിലധികം അത്യാധുനിക എസ്‌യുവികൾ, സെഡാനുകൾ, എംപിവികൾ എന്നിവ അണിനിരക്കുന്ന വാഹനനിര തന്നെ കണ്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോവും. നിരവധി ആഡംബര കാറുകള്‍ ഉള്‍പ്പെട്ട ഈ വാഹന വ്യൂഹത്തിന്റെ മാത്രം ഏകദേശ മൂല്യം 40 കോടി രൂപ വരുമെന്നാണ് കണക്കുകൾ.

ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം സുരക്ഷയും ഉറപ്പു നല്‍കുന്ന മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിലെ കാറുകളുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡായിട്ടുണ്ട് കേട്ടോ. ഹോട്ടസ്റ്റ് കാര്‍സ് ഇന്‍ ഇന്ത്യ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് അംബാനിയുടെ സെക്യൂരിറ്റി കാറുകളുടെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 20 കോടി രൂപ വിലമതിക്കുന്ന രണ്ട് മെർസിഡീസ് ബെൻസ് S 680 ഗാർഡ് ഉൾപ്പടെയുള്ള അതിഭീകരൻമാരാണ് ഇതിലെ താരങ്ങൾ.
ബീക്കൺ ലൈറ്റുകളും സൈറണുകളും ചുറ്റിനും പൊലീസ് എന്ന് എഴുതിയ സ്റ്റിക്കറുകളും ഒട്ടിച്ച എംജി ഗ്ലോസ്റ്ററിൽ നിന്നാണ് അംബാനിയുടെ വാഹനവ്യൂഹം ആരംഭിക്കുന്നത്. പിന്നാലെ നിരനിരയായി അതേ ലൈറ്റുകളും സൈറണുകളുമുള്ള ഒരു റേഞ്ച് റോവർ വോഗും അതിനു ശേഷം മുകളിൽ നെറ്റ്‌വർക്ക് ജാമറുള്ള കറുത്ത ടൊയോട്ട ഫോർച്യൂണറും വരുന്നത് കാണാം. അടുത്തതായി മറ്റൊരു റേഞ്ച് റോവർ വോഗും പാഞ്ഞടുക്കുന്നത് കാണാം.

ഇതിനു ശേഷമാണ് മെർസിഡീസ് ബെന്‍സ് S680 ഗാര്‍ഡ് ബുള്ളറ്റ്പ്രൂഫ് കാറുകളിൽ ആദ്യത്തേത് വരുന്നത്. പ്രത്യേകമായി നിർമിച്ചിരിക്കുന്ന ഈ മോഡൽ ഗോൾഡൻ നിറത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 999 എന്ന വിഐപി രജിസ്ട്രേഷൻ നമ്പറും ഇതിനുണ്ടെന്നത് എത്രപേർ ശ്രദ്ധിച്ചു? കഴിഞ്ഞില്ല, സെക്യൂരിറ്റി കാറുകളിൽ അടുത്തതായി വരുന്നത് 3 റേഞ്ച് റോവർ വോഗുകൾ, 2 എംജി ഗ്ലോസ്റ്ററുകൾ, ഒരു മെർസിഡീസ് ബെൻസ് V-ക്ലാസ് പ്രീമിയം എംപിവികൾ എന്നിവ കൂടിയുണ്ട്.
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ മെർസിഡീസ് ബെൻസ് S680 ഗാർഡ് സെഡാൻ കടന്നുവരുന്നത്. ഈ പ്രത്യേക കാറിന് 333 എന്ന വിഐപി രജിസ്ട്രേഷൻ നമ്പറാണ് വാങ്ങിയിരിക്കുന്നത്. ഈ വീഡിയോയിൽ കാണാനാവില്ലെങ്കിലും അംബാനി കുടുംബത്തിന് മൂന്നാമതൊരു S680 ഗാർഡ് ആഡംബര സെഡാൻ കൂടിയുണ്ട്. ഈ രണ്ടാ കാറുകളിൽ നിന്നും വ്യത്യസ്‌തമായി അതിന് പക്ഷേ ബ്ലാക്ക് കളർ ഓപ്ഷനാണുള്ളത്.

റേഞ്ച് റോവര്‍ വോഗ്, V-ക്ലാസ്, എംജി ഗ്ലോസ്റ്റര്‍ എന്നീ വാഹനങ്ങളേയും മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തില്‍ കാണാനാവും. മൊത്തത്തിൽ, 6 റേഞ്ച് റോവർ വോഗുകൾ, 4 എംജി ഗ്ലോസ്റ്ററുകൾ, 2 മെർസിഡീസ്-ബെൻസ് V-ക്ലാസ് എംപിവികൾ, ഒരു ടൊയോട്ട ഫോർച്യൂണർ എന്നിവയാണ് മുകേഷ് അംബാനിക്ക് അകമ്പടിയേകി വരുന്നത്. അംബാനിയെ പോലുള്ള സുപ്രധാന വ്യക്തികള്‍ക്ക് അതീവ സുരക്ഷ നല്‍കുന്നതില്‍ പേരു കേട്ട വാഹനമാണ് ബെന്‍സിന്റെ S680 ഗാര്‍ഡ്.
10 കോടി രൂപയോളം വില വരുന്ന മെർസിഡീസ് ബെൻസ് S680 ഗാർഡിന് 612 bhp കരുത്തിൽ പരമാവധി 830 Nm torque ഉത്പാദിപ്പിക്കുന്ന കൂറ്റൻ V12 എഞ്ചിനാണ് തുടിപ്പേകുന്നത്. 4.2-ടൺ ഭാരമമുള്ള സെഡാന് ഓൾ-വീൽ ഡ്രൈവും ലഭിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ ഈ വാഹനത്തെ സഹായിക്കും. ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനായി കാറിന് സ്പെഷ്യലൈസ്ഡ് ടയറുകളും ഒരുക്കിയിട്ടുണ്ട്.
ടയർ പൊട്ടിയാൽ പോലും 30 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന പോലെയാണ് ടയർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് മാത്രമല്ല പൊട്ടിത്തെറികളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ 3.5-4 ഇഞ്ച് കനമുള്ള ഗ്ലാസ് പാനലുകളാണ് മെർസിഡീസ് ബെൻസ് S680 ഗാർഡിൽ ഒരുക്കിയിരിക്കുന്നത്. എന്തായാലും ഇത്രയും മൂല്യമുള്ള വാഹനവ്യൂഹം മറ്റേതെങ്കിലും വ്യക്തി ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ടോയെന്ന് വരെ സംശയമാണ്.


Click it and Unblock the Notifications








