10 കോടി രൂപയുടെ കാർ നിരത്തിൽ, ക്യാമറ കണ്ണുമായി ആരാധകർ പിന്നാലെ
ലോകത്തിലെ അതിസമ്പന്നൻമാരുടെ പട്ടികയിലുള്ളയാളാണ് മുകേഷ് അംബാനി (Mukesh Ambani). വിലകൂടിയ വാഹനങ്ങളോടുള്ള അംബാനി കുടുംബത്തിന്റെ ഇഷ്ടവും സമാനതകളില്ലാത്തതാണ്. അത്രയേറെ സമ്പന്നമായ ഗരാജാണ് ഈ കുടുംബത്തിനുള്ളത്. ആഡംബര കാറുകൾ, സ്‌പോർട്‌സ് കാറുകൾ തുടങ്ങി വൈവിധ്യമാർന്ന മോഡലുകളാണ് അംബാനിയുടെ വാഹന ശേഖരം ഇത്രയേറെ പ്രത്യേകതകൾ നിറഞ്ഞതാക്കുന്നത്.
മെർസിഡീസ് ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്‌സ്, പോർഷ അങ്ങനെ എല്ലാത്തരം ആഡംബര വാഹനങ്ങളും ഒരുകുടക്കീഴിൽ കാണണമെങ്കിൽ അംബാനിയുടെ വീട്ടിലേക്ക് എത്തിനോക്കിയാൽ മതിയാവും. അതൊരു അപൂർവ കാഴ്ച്ച തന്നെയാണ്. ഇത്രയേറെ ലക്ഷ്വറി കാറുകളുണ്ടെങ്കിലും റോൾസ് റോയ്സ് ആഡംബര കാറുകളോട് ഒരു പ്രത്യേക ഇഷ്‌ടം അംബാനിക്കുണ്ട്. കൂടുതലായും യാത്രകളും ഇവയിൽ തന്നെയാണ്.

അടുത്തിടെ അംബാനി കുടുംബം പുതിയൊരു റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ വാർത്തകളെല്ലാം ഇന്റർനെറ്റിൽ ചൂടുപിടിച്ച ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആ വണ്ടിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുംബൈ നഗരത്തിലെ നിരത്തിലൂടെ പായുന്ന അംബാനിയുടെ ഗോസ്റ്റ് കാണാൻ തടിച്ചുകൂടുന്നതും നിരവധിയാളുകളാണ്. ശരിക്കും നമ്മുടെ നിരത്തുകൾക്കൊരു വിസ്‌മയമാണ് ഇത്തരം കാറുകൾ. സാധാരണ വണ്ടികൾ കാണുന്ന പോലെ എപ്പോഴും റോൾസ് റോയ്‌സ് കാറുകൾ നാം കണ്ടിട്ടുപോലുമുണ്ടാവില്ല.
ആയതിനാൽ ഗോസ്റ്റ് നിരത്തുകൾക്ക് ഒരു അപൂർവ കാഴ്ച്ചയാണ്. പെട്ര ഗോൾഡ് കളർ ഓപ്ഷനിൽ നിരങ്ങിനീങ്ങുന്ന അംബാനി കുടുംബത്തിന്റെ പുത്തൻ റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ വിശേഷങ്ങളിലേക്ക് കടക്കാം ഇനി. 2020-ൽ ആദ്യമായി പുറത്തിറങ്ങിയ അത്യാഡംബര സെഡാന്റെ ഏറ്റവും പുതുതലമുറ മോഡലാണ് ശതകോടീശ്വരൻ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഗോസ്റ്റിന് 6.95 കോടി രൂപ മുതൽ 7.95 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

കസ്റ്റമൈസേഷൻ തെരഞ്ഞെടുത്താൽ വില ഇനിയും കൂടുമെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ ആദ്യത്തേത് ഒരു സ്റ്റാൻഡേർഡ് V12 വേരിയന്റാണ്. മറ്റൊന്ന് എക്സ്റ്റെൻഡഡ് വീൽബേസ് വേരിയന്റ് (EWB) എന്ന് വിളിക്കപ്പെടുന്ന ടോപ്പ് വേരിയന്റാണ്. അംബാനി കുടുംബവും ടോപ്പ് എൻഡ് EWB വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സമൃദ്ധിയുടെയും പരിഷ്‌ക്കരണത്തിന്റെയും പ്രതീകമായാണ് റോൾസ് റോയ്‌സ് ഗോസ്റ്റിനെ പലരും കാണുന്നത് തന്നെ.
രണ്ടാം തലമുറ മോഡൽ ഇതിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ്. രണ്ടാം തലമുറ ഗോസ്റ്റ് പൂർണമായും പുനർരൂപകൽപ്പന ചെയ്തതാണ്. പുതിയ പ്ലാറ്റ്‌ഫോമും ഷാസിയും ഒപ്പം പരിഷ്‌ക്കരിച്ച സ്റ്റൈലിംഗും സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചാണ് അത്യാഡംബര സെഡാനെ പണികഴിപ്പിച്ചിരിക്കുന്നത്. നീളമുള്ള ഹുഡും ഉയർന്ന ബെൽറ്റ്‌ലൈനും കാറിന്റെ കരുത്തിനെയും ഗംഭീര്യത്തേയും എടുത്തു കാണിക്കുന്നുണ്ട്. ഡിസൈൻ ശരിക്കും കാലികമാണെന്നു തന്നെ പറയാം. ഐക്കണിക് റോൾസ് റോയ്‌സ് ഗ്രില്ലും മുൻവശത്തെ പ്രധാന ആകർഷണമാണ്.

563 bhp പവറിൽ പരമാവധി 820 Nm torque വരെ ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ V12 എഞ്ചിനാണ് ഗോസ്റ്റിന്റെ ഹൃദയം. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ വെറും 4.6 സെക്കൻഡിനുള്ളിൽ കാറിന് 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ബ്രിട്ടീഷ് ആഡംബര ബ്രാൻഡ് പറയുന്നു. ഗംഭീരമായ പെർഫോമൻസ് ഉണ്ടെങ്കിലും ഗോസ്റ്റ് അവിശ്വസനീയമാംവിധമുള്ള യാത്രയാണ് സമ്മാനിക്കുന്നത് എന്ന കാര്യവും എടുത്തു പറയേണ്ട കാര്യമാണ്.
വിപുലമായ നോയിസ് ഇൻസുലേഷനും പുതിയ എയർ സസ്പെൻഷൻ സിസ്റ്റവുമാണ് ഇക്കാര്യം കൈവരിക്കാൻ റോൾസ് റോയ്‌സ് ഗോസ്റ്റിനെ സഹായിക്കുന്നത്. ആഡംബര കാറിന്റെ അകത്തളത്തിലേക്ക് കയറിയാൽ പിന്നെയിറങ്ങാൻ പോലും തോന്നിയേക്കില്ല. ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഇൻ്റീരിയർ ആരേയും അതിശയിപ്പിക്കുന്നതാണ്. ലെതറിൽ ഒരുക്കിയിരിക്കുന്ന സീറ്റിന് ഹീറ്റഡ്, വെന്റിലേഷൻ ഫീച്ചറുകളെല്ലാം നൽകിയിട്ടുമുണ്ട്.
ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും യാത്രകളിലെ വിനോദത്തെ വേറെ ലെവലിലെത്തിക്കും. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയും രണ്ടാം തലമുറ ഗോസ്റ്റിന്റെ സവിശേഷതയാണ്.
ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് റോഡിന്റെ അവസ്ഥ കണ്ടെത്താനും അതിനനുസരിച്ച് സസ്‌പെൻഷൻ ക്രമീകരിക്കാനും ഉപയോഗിക്കുന്ന സവിശേഷമായ "ഫ്ലാഗ് ബെയറർ" സംവിധാനവും റോൾസ് റോയ്‌സ് ഗോസ്റ്റിലുണ്ട്. സെഡാന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ "സൈലന്റ് സീൽ" സാങ്കേതികവിദ്യയാണ്. ഉയർന്ന വേഗതയിൽ പോലും അവിശ്വസനീയമാംവിധം ശാന്തമായ ഇന്റീരിയർ സൃഷ്ടിക്കാൻ ഈ സവിശേഷത വിപുലമായ ശബ്ദ ഇൻസുലേഷൻ ഉപയോഗിക്കുന്നു.
ലക്ഷ്വറി കാറിന് ഒരു "വിസ്പർ" മോഡും ഉണ്ട്. ഇത് ശബ്ദവും വൈബ്രേഷനും കൂടുതൽ കുറയ്ക്കാനായാണ് നൽകിയിരിക്കുന്നത്. ഇതുപോലെ നിരവധി റോൾസ് റോയ്‌സ് കാറുകൾ ഉപയോഗിക്കുന്നതിൽ പ്രശസ്‌തരാണീ കുടുംബം. 2022 മുതൽ മുകേഷ് അംബാനിയുടെ കയ്യിൽ അൾട്രാ പ്രീമിയം കാറായ കലിനനും ഉണ്ട്. ഇത് അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ കലിനനൻ മോഡലായിരുന്നു. ഏകദേശം 13.14 കോടി രൂപയാണ് കാറിന്റെ അന്നത്തെ വില.


Click it and Unblock the Notifications








