ആകാശത്തൂടി പറക്കേണ്ട അംബാനിയുടെ ഹെലികോപ്റ്ററല്ലേ ഇത്, എന്തുപറ്റി റോഡിലിറക്കാനെന്ന് സോഷ്യൽ മീഡിയ
അത്യാഡംബര വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചാൽ സ്വാഭാവികമായും നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന പേര് അംബാനി എന്നായിരിക്കുമല്ലോ. മെർസിഡീസ് ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്‌സ്, പോർഷ അങ്ങനെ എല്ലാത്തരം ആഡംബര വാഹനങ്ങളും ഒന്നിച്ച് കാണണമെങ്കിൽ അംബാനിയുടെ വീട്ടിലേക്ക് എത്തിനോക്കിയാൽ മതിയാവും. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ മുകേഷ് അംബാനി നിരത്തുകളിൽ മാത്രമല്ല ആകാശത്തിലൂടെയുള്ള യാത്രകൾക്കായി പ്രത്യേക ആഡംബര വിമാനങ്ങളും സ്വന്തമാക്കിവെച്ചിട്ടുള്ള ആളുകൂടിയാണ് കേട്ടോ.
വിമാനങ്ങൾക്ക് പുറമെ ഹെലികോപ്റ്ററും പുള്ളിക്കാരന്റെ വീട്ടിലുണ്ടെന്നതാണ് സത്യം. അങ്ങനെ ഒരു സാധാരണക്കാരൻ ആഗ്രഹിക്കുന്ന എല്ലാത്തരം സൗഭാഗ്യങ്ങളും ജീവിതത്തിൽ ആസ്വദിക്കുന്ന മുകേഷ് അംബാനിയുടെ പുതിയ ഹെലികോപ്റ്ററിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. അതും ആകാശത്തുകൂടി പോവുന്നതല്ല, റോഡിലൂടെ പോവുന്ന ഹെലികോപ്റ്റർ ആയതിനാലാണ് സംഭവം ഇത്രയും ചർച്ചയായിരിക്കുന്നത്.

അംബാനി കുടുംബത്തിന്റെ പുത്തൻ ഹെലികോപ്റ്ററുകളിലൊന്നായ 150 കോടി രൂപ വിലയുള്ള എയർബസ് H160 ട്രെയിലറിൽ കൊണ്ടുപോകുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അംബാനി കുടുംബത്തിലെ അംഗമായതിനാൽ തന്നെ Z പ്ലസ് ക്യാറ്റഗറി സുരക്ഷയിലാണ് ഹെലികോപ്റ്റിന്റെ സഞ്ചരാവും. ഓട്ടോമൊബിലി ആർഡന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഛത്രപതി ശിവാജി മഹാരാജ് ഡൊമസ്റ്റിക് ടെർമിനൽ T1B ലേക്കുള്ള റോഡിൽ ഹെലികോപ്റ്റർ കിടക്കുന്നതാണ് ഒരു ചിത്രത്തിൽ കാണാനാവുക. അതേസമയം, മറ്റൊരു ചിത്രത്തിൽ ഈ ഹെലികോപ്റ്റർ റോഡരികിൽ, സുരക്ഷാ ഉദ്യോഗസ്ഥരും ഗതാഗതത്തിനായി നിയമിക്കപ്പെട്ട ജീവനക്കാരും ചുറ്റപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഈ ഹെലികോപ്റ്ററിന്റെ പിൻഭാഗത്തെ റോട്ടറും മുൻവശത്തെ ക്യാബിനും മൂടിയിരിക്കുന്നതും പലരും ശ്രദ്ധിച്ചിട്ടുണ്ടാവും.

റിലയൻസ് ഇൻഡസ്ട്രീസ് ലോഗോയുള്ള ഒരു വെളുത്ത എയർബസ് H160 ഹെലികോപ്റ്റർ ഫ്ലാറ്റ്ബെഡിൽ കയറ്റിക്കൊണ്ട് പോകുന്നത് നിരത്തുകൾക്ക് അപൂർവ കാഴ്ച്ചയായിരുന്നുവെന്ന് വേണം പറയാൻ. ഇതെന്താണ് ആകാശത്തുകൂടി പറക്കേണ്ട സാധനം റോഡിലൂടെ ചുറ്റുന്നതെന്ന് ചിന്തിച്ചവരാകും അധികവും. അംബാനി കുടുംബത്തിലേക്ക് എത്തിയ പുതിയൊരു ഹെലികോപ്റ്റർ ആയിരിക്കാം ഇതെന്ന് ചിലർ ഊഹിച്ചിട്ടുണ്ടാവും.
പക്ഷേ സംഗതി അതല്ല കേട്ടോ, ഇപ്പോൾ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങിയ ഒരു പഴയ ഹെലികോപ്റ്ററാണ്. ആയതിനാൽ മിക്കവാറും, ഈ ഹെലികോപ്റ്റർ സർവീസ് ചെയ്ത് വിമാനത്താവളത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതായിരിക്കാം. അല്ലെങ്കിൽ ഈ ഹെലികോപ്റ്ററിന്റെ സ്ഥാനം ഒരു വിമാനത്താവളത്തിൽ നിന്ന് മറ്റുന്നതുമാവാം എന്നാണ് നിഗമനം.
ചിത്രങ്ങളിൽ കാണുന്ന ഹെലികോപ്റ്റർ മുകേഷ് അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഒന്നാണ്. 150 കോടി രൂപയിൽ കൂടുതൽ വിലയുള്ള എയർബസ് H160 മോഡലാണിത്. ഏകദേശം 1,300 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന ടൂ സഫ്രാൻ അരാനോ 1A ടർബോഷാഫ്റ്റ് എഞ്ചിനുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി 255 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന കുഞ്ഞൻ ഹെലികോപ്റ്ററുകളിൽ ഒന്നുകൂടിയാണേ എയർബസ് H160.
ഒപ്പം ഇന്ധനം നിറച്ചാൽ 890 കിലോമീറ്റർ സഞ്ചരിക്കാനും എയർബസിനാവും. എയർബസ് H160 മോഡലിന് മൊത്തത്തിൽ 4 മണിക്കൂർ 30 മിനിറ്റ് പ്രവർത്തന ദൈർഘ്യവുമുണ്ട്. സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ 12 യാത്രക്കാരോടൊപ്പം ഒന്നോ രണ്ടോ പൈലറ്റുമാരെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് മോഡൽ പണിതിറക്കിയിരിക്കുന്നത്. വിപണിയിലെ ഏറ്റവും നൂതനമായ ഹെലികോപ്റ്ററുകളിൽ ഒന്നാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


Click it and Unblock the Notifications








