ഓണം ബമ്പറടിച്ചാലും നമുക്കൊന്നും വാങ്ങാൻ പറ്റൂല്ല! 1000 കോടി രൂപയുടെ ആഡംബര വിമാനം വാങ്ങി മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിയെ അറിയാത്തവരായി രാജ്യത്ത് ആരും തന്നെയുണ്ടാവില്ല. നമ്മളിൽ പലരും സ്വപ്‌നം കാണുന്ന ആഡംബര പൂർവമായ ജീവിതം നയിക്കുന്ന അംബാനി കുടുംബം യാത്രകൾക്കായി ഉപയോഗിക്കുന്നതും. വിലകൂടിയ വാഹനങ്ങളോടുള്ള അംബാനി കുടുംബത്തിന്റെ ഇഷ്ടവും സമാനതകളില്ലാത്തതാണ്. വലിയ ധനികനായതിനാൽ തന്നെ Z പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇവർക്കായി രാജ്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഭടന്മാരുടെ വൻ അകമ്പടിയുണ്ടെങ്കിലും സുരക്ഷിതമായ വാഹനങ്ങളാണ് എപ്പോഴും ഉപയോഗിക്കാൻ ശ്രമിക്കാറ്. സുരക്ഷാ സന്നാഹങ്ങൾക്കായി കൊടുത്തിരിക്കുന്ന വണ്ടികൾ പോലും കോടികൾ വിലമതിക്കുന്നതാണ്.
മെർസിഡീസ് ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്‌സ്, പോർഷ അങ്ങനെ എല്ലാത്തരം ആഡംബര വാഹനങ്ങളും ഒരുകുടക്കീഴിൽ കാണണമെങ്കിൽ അംബാനിയുടെ വീട്ടിലേക്ക് എത്തിനോക്കിയാൽ മതിയാവും. ഇപ്പോഴിതാ അംബാനിയുടെ യാത്രകൾക്ക് അകമ്പടിയേകാൻ പുതിയൊരു പേടകം കൂടിയെത്തിരിക്കുകയാണ്. അതും ഈ വാഹനം ഇന്ത്യയിൽ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയെന്ന റെക്കോർഡും മുകേഷ് അംബാനി തൂക്കിയിട്ടുണ്ട്.

റോഡിലൂടെ പായാൻ കാറല്ല ഇത്തവണ ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ കൂടെക്കൂട്ടിയിരിക്കുന്നത്. പകരം ആകാശ യാത്രകൾക്കായി പുത്തൻ ബോയിംഗ് 737 മാക്‌സ് 9 വിമാനമാണ് മുകേഷ് അംബാനി കോടികൾ പൊടിച്ച് വാങ്ങിയിരിക്കുന്നത്. ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിൻ്റെ വില ഏകദേശം 1000 കോടി രൂപയാണെന്നാണ് കണക്കുകൾ. നിലവിൽ ഏതൊരു ഇന്ത്യൻ വ്യവസായ പ്രമുഖൻ്റെയും ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് വിമാനമാണിത്.
പുതുതായി വാങ്ങിയിരിക്കുന്ന ജെറ്റ് കൂടാതെ റിലയൻസ് ഇൻഡസ്ട്രീസിന് ഒമ്പത് സ്വകാര്യ ജെറ്റുകളും ഉണ്ട്. ബോയിംഗ് 737 മാക്‌സ് 9 ജെറ്റ് കാര്യമായ പരിഷ്‌കാരങ്ങൾക്കും പരീക്ഷണ പറക്കലുകൾക്കും ശേഷം അടുത്തിടെ ഇന്ത്യയിലെത്തുകയുണ്ടായി. 1000 കോടിയുടെ ആഡംബര വിമാനം 2023 ഏപ്രിൽ 13 മുതൽ സ്വിറ്റ്‌സർലൻഡിലെ ഫെസിലിറ്റിയിലാണുള്ളത്. ഇവിടെയാണ് അംബാനിയുടെ ജെറ്റിന്റെ എല്ലാവിധ പണികളും പൂർത്തിയാക്കുന്നത്.

സ്വിറ്റ്‌സർലൻഡിലെ യൂറോ എയർപോർട്ട് ബാസൽ-മൾഹൗസ്-ഫ്രീബർഗിൽ (BSL) വിപുലമായ ക്യാബിൻ മോഡിഫിക്കേഷനുകൾക്കും ഇൻ്റീരിയർ നവീകരണത്തിനും ശേഷം മുകേഷ് അംബാനിയുടെ ബോയിംഗ് 737 മാക്‌സ് 9 വിമാനം ഡൽഹിയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ട്. ഈ ജെറ്റിൻ്റെ അകത്തളത്തിലെ ചിത്രങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഏറ്റവും ആഡംബരപരമായ വസ്തുക്കളാൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാനാവും.
ഇന്ത്യയിലെത്തുന്നതിനുമുമ്പ് ഈ സ്വകാര്യ ജെറ്റ് ബാസൽ, ജനീവ, ലണ്ടൻ ലൂട്ടൺ വിമാനത്താവളങ്ങൾക്കിടയിൽ ആറ് പരീക്ഷണ പറക്കലുകൾ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. മോഡിഫിക്കേഷനുകൾക്ക് ശേഷം വിമാനത്തിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ ഈ പറക്കലുകൾ നിർണായകമായിരുന്നു. 2024 ഓഗസ്റ്റ് 27-നാണ് ബോയിംഗ് 737 മാക്‌സ് 9 ബാസലിൽ നിന്ന് ഡൽഹിയിലേക്കുള്ള അവസാന പറക്കൽ പൂർത്തിയാക്കുന്നത്.

9 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന, 6,234 കിലോമീറ്റർ ദൂരം പിന്നിടുന്നതായിരുന്നു ബോയിംഗ് 737 മാക്‌സ് 9 ജെറ്റിന്റെ ഇന്ത്യയിലേക്കുള്ള യാത്ര. നിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ജെറ്റുകളിൽ ഒന്നായി അറിയപ്പെടുന്ന ഈ വിമാനത്തിന് ഒരുപാട് പ്രത്യേകതകളുണ്ടെന്നതാണ് രസകരമായ കാര്യം. . രണ്ട് CFMI LEAP-1B എഞ്ചിനുകൾ ഉപയോഗിച്ചാണ് അംബാനിയുടെ ഈ വിമാനം പണികഴിപ്പിച്ചിരിക്കുന്നത്.
ഇത് ബോയിംഗിൻ്റെ റെൻ്റൺ പ്രൊഡക്ഷൻ സൌകര്യത്തിലാണ് അസംബിൾ ചെയ്‌തത്. MSN നമ്പർ 8401 ഉള്ള വിമാനത്തിന് ഒറ്റ യാത്രയിൽ 6,355 നോട്ടിക്കൽ മൈൽ അതായത് 11,770 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. ബോയിംഗ് 737 MAX 9 ജെറ്റിന്റെ അടിസ്ഥാന വില 118.5 മില്യൺ ഡോളറാണ്. സ്വിറ്റ്‌സർലൻഡിൽ പൂർത്തിയാക്കിയ ക്യാബിൻ റിട്രോഫിറ്റിംഗിൻ്റെയും ഇൻ്റീരിയർ മോഡിഫിക്കേഷനും അധിക തുകയും ചെലവഴിക്കേണ്ടി വരും.
മുൻഗാമിയായ ബോയിംഗ് മാക്‌സ് 8 പതിപ്പിനെ അപേക്ഷിച്ച് വലിയ ക്യാബിനും കാർഗോ വിഭാഗവുമാണ് ബോയിംഗ് 737 MAX 9 ജെറ്റിനുണ്ട്. ഇന്ത്യയിലെത്തിയ അംബാനിയുടെ പുത്തൻ വാഹനം നിലവിൽ ഡൽഹി എയർപോർട്ടിലെ കാർഗോ ടെർമിനലിനടുത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. ബൊംബാർഡിയർ ഗ്ലോബൽ 6000, രണ്ട് ദസാൾട്ട് ഫാൽക്കൺ 900എസ്, എംബ്രയർ ERJ-135, രണ്ട് ഹെലികോപ്റ്ററുകൾ എന്നിവയാണ് മുകേഷ് അംബാനിയുടെ കുടുംബം ആകാശയാത്രകൾക്കായി ഉപയോഗിക്കാറുള്ളത്. ഇക്കൂട്ടത്തിലേക്കാണ് പുതിയവനും കടന്നുവന്നിരിക്കുന്നത്.


Click it and Unblock the Notifications








