കാറിനെ വെല്ലുന്ന അകത്തളം, ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് നിരത്തിൽ
ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി മുംബൈ. ഇനി നഗരത്തിലെത്തുന്നവർക്ക് പ്രൗഢഗംഭീരമായി ഇരുനില ബസിൽ യാത്ര ചെയ്യാനാവും. കാറുകൾക്ക് സമാനമായ ഇന്റീരിയറാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതിനാൽ യാത്രക്കാരെ എളുപ്പത്തിൽ ആർഷിക്കാൻ സർക്കാരിനാവും.
എയർകണ്ടീഷൻ ചെയ്ത ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകളിലെ ആദ്യ യൂണിറ്റ് മുംബൈയിലെ പൊതുഗതാഗത സ്ഥാപനമായ ബെസ്റ്റ് ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തി. മാസങ്ങൾ നീണ്ട കാലതാമസത്തിന് ശേഷമാണ് ഏവരും കൊതിയോടെ കാത്തിരുന്ന ഡബിൾ ഡെക്കർ ബസ് യാത്ര ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഒന്നിൽ ഒതുങ്ങില്ലെന്നും മാർച്ച് അവസാനത്തോടെ നഗരത്തിൽ EiV 22 എന്ന് വിളിക്കപ്പെടുന്ന 20-ഓളം ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനുമാണ് സർക്കാരിന്റെ പദ്ധതി.

അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് കൊമേഴ്‌സ്യൽ വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയിൽ നിന്ന് ബെസ്റ്റ് വാടകയ്‌ക്കെടുത്തതാണ് ഈ ഇലക്ട്രിക് ബസുകൾ. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് കേന്ദ്രമന്ത്രി നിതിൻ ഗഡകരി മുംബൈയിൽ അനാച്ഛാദനം ചെയ്‌തിരുന്നു. അലുമിനിയത്തിൽ നിർമിച്ച ബോഡിയുള്ള ഈ വാഹനം ഉയർന്ന പാസഞ്ചർ-വെയിറ്റ് റേഷ്യോ പാലിക്കുന്നുണ്ട്. ഇത് വാഹനത്തിന്റെ റണ്ണിങ് കോസ്റ്റ് കുറക്കുന്നതിൽ ഏറെ നിർണായകമാവുകയും ചെയ്യും.
റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ഈ ഇലക്ട്രിക് ഡബിൾ ഡെക്കറുകൾ രജിസ്റ്റർ ചെയ്ത ശേഷം എസി ബസുകൾ മുംബൈ നിരത്തുകളിൽ എത്തുകയും സബർബൻ റൂട്ടുകളിൽ ഓടിത്തുടങ്ങുകയും ചെയ്യും. ഡീസലിൽ ഓടുന്ന പരമ്പരാഗത ഡബിൾ ഡെക്കർ ബസുകൾക്ക് പകരമായി ഇലക്ട്രിക് കരുത്തിലെത്തുന്ന ഈ മോഡലുകൾ ഇനി മുതൽ ഇടംപിടിക്കും. നേരത്തെ കേരളത്തിലുൾപ്പടെ അവതരിപ്പിച്ച ഇ-ബസുകൾ ഡീസൽ ബസുകളേക്കാൾ കൂടുതൽ ലാഭകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മുംബൈ നഗരത്തിൽ അഞ്ച് ഇലക്ട്രിക് ബസുകൾ കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു. വർഷാവസാനത്തോടെ ഇത്തരം 200-ഓളം ഇലക്ട്രിക് ഡബിൾ ഡെക്കർ ഇ-ബസുകൾ മുംബൈ നിരത്തുകളിൽ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. സ്വിച്ച് മൊബിലിറ്റിയുടെ EiV 22 മോഡുലാർ ബാറ്ററി ഓപ്ഷനുകളുള്ള വിപുലമായ ലിഥിയം-അയൺ NMC കെമിസ്ട്രിയിലാണ് വാഹനം സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിലെ ബാറ്ററി പായ്ക്കിന് 231 kWh ശേഷിയാണുള്ളത്. കൂടാതെ ലിക്വിഡ് കൂളിംഗ് സംവിധാനവും ഇത് ഉപയോഗിക്കുന്നുണ്ട്. 1.5 മുതൽ 3 മണിക്കൂർ വരെയുള്ള സമയംകൊണ്ട് ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാം. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് ഓടിക്കാൻ തക്ക ശേഷിയുള്ളതാണെന്നാണ് അശോക് ലെയ്‌ലാൻഡ് അവകാശപ്പെടുന്നത്.

EiV 22 ബസ് ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് എസി മോട്ടോറിൽ നിന്നാണ് പവർ ഉത്പാദിപ്പിക്കുന്നത്. ഇത് 320 bhp കരുത്തിൽ പരമാവധി 3,100 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പതൽഗംഗയിലുള്ള സ്വിച്ച് മൊബിലിറ്റിയുടെ സ്ഥാപനത്തിലാണ് ഈ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ പൂർണമായും നിർമിക്കുന്നത്. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ മുകളിലെ ഡെക്കുകളിലേക്ക് പ്രവേശിക്കാൻ രണ്ട് വാതിലുകളും സ്റ്റെയർകേസുകളുമാണ് വരുന്നത്.
ഈ ബസുകളിൽ ഡിജിറ്റൽ ടിക്കറ്റിംഗ്, സിസിടിവി ക്യാമറകൾ, തത്സമയ ട്രാക്കിംഗ്, ഡിജിറ്റൽ ഡിസ്പ്ലേ, അടിയന്തര സാഹചര്യങ്ങൾക്കുള്ള പാനിക് ബട്ടൺ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ബസുകളിൽ ഏകദേശം 65 യാത്രക്കാർക്ക് ഇരിക്കാൻ കഴിയും. എന്നിരുന്നാലും നിൽക്കുന്ന യാത്രക്കാരെ ഉൾപ്പെടുത്തിയാൽ ബസുകൾക്ക് ഒരേസമയം 100 യാത്രക്കാരെ കയറ്റാൻ കഴിയുമെന്നാണ് സ്വിച്ച് പറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറോടെ ഈ ബസുകൾ നിരത്തിലെത്തുമെന്ന് ബെസ്റ്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും യൂണിറ്റുകളുടെ സർട്ടിഫിക്കേഷനിൽ കാലതാമസമുണ്ടായി.

സ്വിച്ച് മൊബിലിറ്റി പറയുന്നത് അനുസരിച്ച് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പുതുക്കിയ സർട്ടിഫിക്കേഷൻ പ്രക്രിയയാണ് കാലതാമസം സംഭവിച്ചത്. ഇക്കാര്യങ്ങളാണ് ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങാൻ വൈകിയത്. ബെസ്റ്റിന്റെ എസി ഇല്ലാത്ത ഡബിൾ ഡക്കർ ബസുകൾ ഏറെ പ്രശസ്തമാണെങ്കിലും എസി ഡബിൾ ഡക്കർ ബസ് ആദ്യമാണ് യാത്രയ്ക്കൊരുങ്ങുന്നത്. എന്തായാലും പുതിയ വാഹനം നിരത്തിലിറങ്ങുന്നത് ഒരു വിപ്ലവം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി കേരളത്തിലും ഇതേ ഡബിൾ ഡെക്കറുകളെ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണിപ്പോൾ.


Click it and Unblock the Notifications








