എക്‌സ്പ്രസ്‌വേയിൽ ട്രക്ക് ഇടിച്ചുതകർത്തത് 12 വാഹനങ്ങൾ, ഓട്ടത്തിനിടെ ബ്രേക്ക് പോയാൽ എന്ത് ചെയ്യും?
വലിയ എക്‌സ്പ്രസ് ഹൈവേകളിലും മറ്റ് റോഡുകളിലുമെല്ലാമുള്ള സ്ഥിരം കാഴ്ച്ചകളിൽ ഒന്നാണ് ട്രക്ക് അപകടങ്ങൾ. റോഡ് ശൃംഖല ഉപയോഗിച്ച് രാജ്യമെമ്പാടും ആവശ്യമായ വസ്തുക്കൾ ട്രാൻസ്‌പോർട്ട് ചെയ്യുന്ന ഇത്തരം ഭാരവാഹനങ്ങൾ ചിലർക്കൊക്കെ പേടി സ്വപ്‌നമാണ്. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്. മണിക്കൂറുകളായുള്ള നീണ്ട യാത്രയും സമ്മർദ്ദവും അപടങ്ങളുടെ പ്രധാന കാരണമാണ്.
ഇതുമാത്രമല്ല, അശ്രദ്ധയും വേണ്ടത്ര അനുഭവമില്ലായ്‌മയും എല്ലാം വലിയ അപകടങ്ങിലേക്ക് നയിക്കാറുണ്ട്. മുംബൈ-പൂനെ എക്‌സ്പ്രസ്‌വേയിൽ വലിയൊരു കൂട്ടിയിടി ഉണ്ടായിരിക്കുകയാണിപ്പോൾ. എക്‌സ്പ്രസ്‌വേയില്‍ നിയന്ത്രണംവിട്ട ട്രക്ക് 12 വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതാണ് വാർത്തയിലെ ഹൈലൈറ്റ്. ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഖോപോളി എക്‌സിറ്റിന് സമീപമാണ് സംഭവം.

വലിയ അപകടത്തെ തുടർന്ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.55 ഓടെ മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ ഗതാഗതം സ്തംഭിച്ചതായി പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടമായ ട്രക്ക് ആദ്യം തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു കാറില്‍ ഇടിച്ചശേഷം ഒന്നിനുപിറകേ ഒന്നായി റോഡിലുള്ള വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇന്റർനെറ്റിൽ വൈറലാണിപ്പോൾ. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
അമിതവേഗതയിൽ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ അറിവായിട്ടില്ല. ബ്രേക്ക് തകരാറിലായി അപകടം സംഭവിക്കുന്നത് ഇത് ആദ്യമായല്ലെങ്കിലും ചില മുൻകരുതലുകൾ എടുത്താൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാവും. മനസാന്നിധ്യം വീണ്ടെടുക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. വെപ്രാളപ്പെട്ടാൽ ഉണ്ടാവാൻ പോവുന്ന അപകടത്തിന്റെ വ്യാപ്‌തി ഉയരുകയും ചെയ്യും.

ഹെവി വാഹനങ്ങളിലും ട്രക്കുകളിലും സാധാരണയായി എയർ ബ്രേക്കുകളാണ് ഉപയോഗിക്കാറുള്ളത്. പിസ്റ്റണിൽ കംപ്രസ് ചെയ്ത വായു വാഹനം നിർത്താൻ ആവശ്യമായ മർദ്ദം ബ്രേക്ക് പാഡിലോ ബ്രേക്ക് ഷൂവിലോ പ്രയോഗിക്കാൻ ഉപയോഗിക്കുന്ന രീതിയാണിത്. ഒരു കംപ്രസ്ഡ്-എയർ-ബ്രേക്ക് സിസ്റ്റം ഒരു സപ്ലൈ സിസ്റ്റമായും ഒരു കൺട്രോൾ സിസ്റ്റമായും തിരിച്ചിട്ടുമുണ്ട്. ഇനി ട്രക്കുകളുടെ അപകടങ്ങൾ സംഭവിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് അശ്രദ്ധ.
ചില ട്രക്ക് ഡ്രൈവർമാർ ഇന്ധനം ലാഭിക്കുന്നതിനായി ഇറക്കത്തിൽ വാഹനമോടിക്കുമ്പോൾ അവരുടെ എഞ്ചിൻ ഓഫ് ചെയ്യുന്ന പ്രവണത നാം കണ്ടിട്ടുണ്ട്. എയർ കംപ്രസർ പ്രവർത്തിക്കുന്നത് തടയുന്നു എന്നാണ് ഇതിനർഥം. ട്രക്കുകളിൽ ഇലക്‌ട്രോണിക് പവർ സ്റ്റിയറിംഗ് സാധാരണയായി ഉപയോഗിക്കാറില്ലെങ്കിലും ബ്രേക്കുകൾക്കായി എഞ്ചിൻ പവർ ഉപയോഗിക്കുന്നുണ്ട്. ആയതിനാൽ ഇറക്കത്തിൽ ഒരുകാരണവശാലും എഞ്ചിൻ ഓഫാക്കരുത്. ഇനി യാദൃശ്ചികമായി ഓടുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലായാൽ പരിഭ്രാന്തരാകുന്നതിനു പകരം സ്റ്റിയറിംഗിൽ നിയന്ത്രണം നിലനിർത്തുകയാണ് വേണ്ടത്.

പെട്ടന്നുണ്ടാകുന്ന ഭയത്തില്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്താതിരിക്കാനും ഓർമിക്കാം. ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിയാൽ ബ്രേക്കിംങ് സമ്മർദ്ദം താൽകാലികമായി വീണ്ടെടുക്കാനുമായേക്കാം. ശക്തമായി ബ്രേക്ക് പെഡൽ ചവിട്ടി പമ്പ് ചെയ്യുക. ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ബ്രേക്ക് പൂർണമായും ചവിട്ടുകയാണ് വേണ്ടത്. എന്നിട്ടും ശരിയായില്ലെങ്കിൽ ഗിയർ പതിയെ ഡൌൺ ചെയ്‌ത് വണ്ടി നിർത്താനും ശ്രമിക്കാം.
വാണിജ്യ വാഹനങ്ങളുടെ അമിതഭാരം ഇന്ത്യയിൽ ഒരു വ്യാപകമായ പ്രശ്നമാണ്. ഇത് റോഡുകളിൽ മറ്റ് വാഹനങ്ങൾക്കും ഇതൊരു തലവേദനയാവാറുണ്ട്. ഓവർ ലോഡിൽ നിന്നുള്ള അധിക ഭാരം എഞ്ചിനിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് ട്രക്കിന്റെ എഞ്ചിന്റെ ആയുസിനെയും കാര്യമായി ബാധിക്കാറുണ്ട്. മാത്രമല്ല, അടിക്കടി ട്രക്കിന് പണി വരുന്നതിന് കാരണവും ഓവർ ലോഡിംഗ് പോലുള്ള പ്രശ്‌നങ്ങളാണ്. കൂടാതെ ഇടയ്ക്കിടെ പാർട്‌സുകൾ മാറ്റിസ്ഥാപിക്കേണ്ടിവരുന്ന സാഹചര്യവും ഇവിടെയുണ്ടാവുന്നുണ്ട്.
അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അവ നിരത്തിലിറങ്ങുന്ന മറ്റ് വാഹനയാത്രക്കാർക്ക് ഭീഷണിയായി തുടരുകയാണ്. അമിതഭാരം കയറ്റിയ ട്രക്കുകളും ഭാരവാഹനങ്ങളും റോഡുകളിൽ പതിവായി കാണുന്ന ഒന്നാണ്. ഹെവി വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ പാടെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ മോട്ടോർസ് തങ്ങളുടെ വലിയ ട്രക്ക് മോഡലുകളിലേക്ക് ADAS പോലുള്ള സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അത് അനന്തമായി മണിക്കൂറുകൾ ഡ്രൈവ് ചെയ്യുന്ന ട്രക്ക് ഡ്രൈവർമാരെ തീർച്ചയായും സഹായിക്കുകയും അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.


Click it and Unblock the Notifications








