പാട്ട് യാത്രകൾ ഇനി എംജിയുടെ ഇലക്‌ട്രിക് ആഡംബര കാറിൽ, 73.83 ലക്ഷം മുടക്കി M9 വാങ്ങി ശങ്കർ മഹാദേവൻ
സംഗീത പ്രേമികൾക്ക് ഏറെ പ്രിയമുള്ള ശബ്‌ദമാണ് ശങ്കർ മഹാദേവന്റേത്. മലയാളികൾക്കും ഏറെ പ്രിയങ്കരമായ ഗായകൻ ഒരുപിടി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഗ്രാമി അവാർഡ് വരെ നേടിയിട്ടുള്ള ശങ്കർ ശരിക്കും പാതി മലയാളിയാണെന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. സംഗീതത്തിന് പുറമെ പാചകത്തോടും വാഹനങ്ങളോടും ഏറെ കമ്പമുള്ളയാളാണ് നമ്മുടെ പാട്ടുകാരൻ. ഇപ്പോഴിതാ യാത്രകൾക്കായി പുത്തനൊരു ആഡംബര വാഹനം പോച്ചിലെത്തിച്ചിരിക്കുകയാണ് ശങ്കർ മഹാദേവൻ. എംജി മോട്ടോർസിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് ലിമോസിനായ M9 ഇവിയാണ് ശങ്കർജിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്ന പുതിയ അഥിതി.
ശങ്കർ മഹാദേവന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങളും വാർത്തയും എംജി മോട്ടോർ ഇന്ത്യ പത്രക്കുറിപ്പിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കാനായി എംജി പുറത്തിറക്കിയ ആഡംബര ഇലക്ട്രിക് എംപിവിയാണ് M9. ബ്രാൻഡിന്റെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്ട് വഴിയാണ് കാറിന്റെ വിൽപ്പനയും നടക്കുന്നത്.

കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന ഇവിയുടെ ബ്ലാക്ക് നിറമാണ് ഗായകൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്റീരിയറാണ് ലിമോസിന്റെ ഏറ്റവും വലിയ പ്രത്യേകത. എംജി M9 ഒരു 7-സീറ്റർ കൂടിയാണ് കേട്ടോ. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ പോലുള്ള സവിശേഷതകളെല്ലാം കാറിൽ കുത്തിനിറച്ചിട്ടുണ്ട്.
രണ്ടാംനിരയിൽ ഇരിക്കുന്നവർക്ക് പവർഡ് ക്യാപ്റ്റൻ സീറ്റുകൾ, ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ IRVM, PM 2.5 എയർ ഫിൽട്ടർ, രണ്ടാംനിരയിലെ പ്രസിഡൻഷ്യൽ സീറ്റുകൾ, മസാജിംഗ്, വെന്റിലേഷൻ, ഹീറ്റഡ് പ്രവർത്തനങ്ങൾ എന്നിവയും ശങ്കർ മഹാദേവന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്.

പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റുകൾ, മാനുവൽ വിൻഡോ ഷേഡുകൾ, അധിക സുഖത്തിനായി ഒട്ടോമൻ ഫീച്ചർ. മൂന്നാം നിരയിൽ എസി വെന്റുകളും യുഎസ്ബി-എ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും M9 ഇവിയുടെ പ്രത്യേകതയാണ്. സേഫ്റ്റിയിലും അങ്ങേയറ്റം കരുതലോടെയാണ് ഈ അത്യാഡംബര ഇലക്ട്രിക് എംപിവി പണികഴിപ്പിച്ചിരിക്കുന്നത്. ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 7 എയർബാഗുകൾ എന്നിവ അടിസ്ഥാനമായി കിട്ടും.
കൂടാതെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയവ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്. ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ.
ഒറ്റ ചാർജിൽ 548 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 90 kWh ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയുടെ ഹൃദയം. ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ടുമായി വന്നിരിക്കുന്ന ഇലക്ട്രിക് എംപിവിക്ക് 245 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും.
ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാം. വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗും M9 ഇവി നൽകും. 69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാറിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓൺ-റോഡിലെത്തുമ്പോൾ മുംബൈയിൽ എംപിക്ക് 73.83 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരിക.


Click it and Unblock the Notifications








