മഴക്കാലത്ത് കാർ വൃത്തിയാക്കൽ ഒരു പണി തന്നെ, പക്ഷേ ഇക്കാര്യങ്ങളുണ്ടേൽ കാര്യങ്ങൾ എളുപ്പം
കേരളത്തിൽ മൺസൂൺ ആരംഭിച്ചിരിക്കുകയാണ്. മഴയത്ത് ഒരു ഡ്രൈവ് പോകാൻ നമ്മിൽ പലർക്കും ഇഷ്ടമാണെങ്കിലും കാലവർഷം ഇങ്ങെത്തിക്കഴിഞ്ഞപ്പോൾ വാഹന ഉടമകളുടെ ഏറ്റവും വലിയ ആശങ്ക വൃത്തിയോടെ വണ്ടികൾ കൊണ്ടുനടക്കുന്നതിനെ കുറിച്ചായിരിക്കും. കാറിന്റെ അകത്തും പുറത്തും അടിഞ്ഞുകൂടുന്ന അഴുക്ക് കണക്കിലെടുക്കുമ്പോൾ മഴക്കാലത്ത് കാർ വൃത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
മിക്കവരും കാർ വാഷിംഗിന് പുറത്തുള്ള കടകളെ ആശ്രയിക്കുകയാണ് പതിവ്. പക്ഷേ ഇന്റീരിയറും എക്സ്റ്റീരിയറുമെല്ലാം വാഷ് ചെയ്‌ത് കിട്ടാൻ 600 രൂപ മുതൽ ചുരുങ്ങിയത് കൊടുക്കേണ്ടി വരും. ഇതോർക്കുമ്പോൾ പലരും ഇതിനായി മുതിരാറുമില്ല, കാർ സ്വയം കഴുകുകയാണ് പതിവും. എന്നാൽ ഴക്കാലത്ത് കാർ ക്ലീനിംഗ് എളുപ്പമാക്കുന്നതിനുള്ള 5 കാർ ആക്‌സസറികൾ ഒന്നു പരിചയപ്പെട്ടാലോ? ഈ മൺസൂൺ സീസണിൽ നിങ്ങളുടെ വാഹനം മികച്ച രീതിയിൽ കൊണ്ടുനടക്കാൻ ഇവ സഹായിച്ചേക്കും.

കാർ വാക്‌സ്: കാർ കഴുകിയ ശേഷം വാക്‌സ് ചെയ്യുന്നത് മഴക്കാലത്ത് പെയിന്റിനെ ഒരു പരിധിവരെ ചെളിയിൽ നിന്നും മറ്റ് അഴുക്കുകളിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്ന കാര്യമാണ്. ഒരു ലെയർ വാക്‌സ് ചെയ്യുന്നത് ബോഡി പാനലുകളിൽ അഴുക്ക് പറ്റിനിൽക്കുന്നത് തടയും. മാത്രമല്ല വാഹനം കഴുകുമ്പോൾ അഴുക്ക് എളുപ്പത്തിൽ കളയാനും ഇത് സഹായിക്കും. കാർ വാക്‌സ് ചെയ്യുന്നത് ഒരു പരിധിവരെ പെയിന്റിന്റെ ക്ലിയർ കോട്ടിനെ സംരക്ഷിക്കുന്ന കാര്യം കൂടിയാണ്.
പവർ വാഷർ: ഒരു വണ്ടി കഴുകാൻ ഏറ്റവും എളുപ്പമായ മാർഗങ്ങളിൽ ഒന്നാണ് പവർ വാഷർ ഉപയോഗിക്കുക എന്നത്. കാറിന് അടിയിലോ മറ്റ് ഭാഗങ്ങളിലോ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യാൻ പവർ വാഷറിന്റെ ഫലപ്രാപ്തിയോട് അടുത്തൊന്നും മറ്റൊരു സംഗതിയും വരില്ല. പവർ വാഷറുകൾ വർഷങ്ങളായി സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന വിലയിൽ വിപണിയിൽ സുലഭമായി ലഭിക്കുകയും ചെയ്യും.

മഡ് ഫ്ലാപ്പ്: പലരും കാറിലെ ഒരു നിസാര ആക്‌സസറിയായാണ് ഇവയെ കാണുന്നത് എങ്കിലും ആളത്ര സിമ്പിളില്ല എന്നത് മനസിലാക്കിയിരിക്കണം. ഈ ആക്സസറിയുടെ ഉദ്ദേശ്യം അതിന്റെ പേരിൽ തന്നെയുണ്ട്. ലളിതവും താങ്ങാനാവുന്നതുമായ ഈ ആക്സസറി കാറിന്റെ വശങ്ങളിലേക്ക് ചെളി തെറിക്കുന്നത് തടയുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അങ്ങനെ മഴക്കാലത്ത് ഇവയുണ്ടെങ്കിൽ വണ്ടി കഴുകുന്നതു പോലെയുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കും.
മൈക്രോ ഫൈബർ ക്ലോത്ത്: നല്ല നിലവാരമുള്ള മൈക്രോ ഫൈബർ തുണിക്ക് ധാരാളം വെള്ളം ആഗിരണം ചെയ്യാൻ കഴിയും. അതുപോലെ കാർ കഴുകുമ്പോൾ ഇത്തരം തുണികൾ ഉപയോഗിക്കുന്നതും വളരെ ഉപയോഗപ്രദമാണ്. ശരിക്കും നല്ല നിലവാരമുള്ള മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് ഒരു കാർ മുഴുവൻ വെറും രണ്ടര ബക്കറ്റ് വെള്ളം കൊണ്ട് കഴുകാം.

റബർ മാറ്റുകൾ: മഴക്കാലത്ത് കാറിന്റെ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് റബർ മാറ്റുകളുടെ ഉപയോഗം. കാർപെറ്റ് മാറ്റുകളിൽ നിന്ന് വ്യത്യസ്തമായി റബർ മാറ്റുകൾ എളുപ്പത്തിൽ കഴുകാനും ഉണക്കാനും കഴിയും. ഇത് മഴക്കാലത്ത് കാർ ഉടമകൾക്ക് വളരെ സൗകര്യപ്രദമായ കാര്യമാണ്. അതുമാത്രമല്ല ഇവ കാർപെറ്റ് ലെയർ നനയാതെ സംരക്ഷിക്കുകയും ചെയ്യും.
മേൽപറഞ്ഞ ഈ ആക്‌സസറികളെല്ലാം മഴക്കാലത്ത് കാർ ഉപയോഗിക്കുന്നവർക്ക് വളരെ ഉപയോഗപ്രദമായ കാര്യങ്ങളാണ്. ഈ പറഞ്ഞ ആക്‌സസറികൾ കാർ ക്ലീനിംഗ് എന്ന ശ്രമകരമായ പ്രക്രിയ ലളിതമാക്കുക മാത്രമല്ല, ധാരാളം സമയവും ഊർജവും ലാഭിക്കാനും സഹായിക്കും. മഴക്കാലത്ത് ഡ്രൈവിംഗ് സമയത്ത് നാം അഭിമുഖീകരിക്കുന്ന പല തടസങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താനുള്ള ആക്‌സസറികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരം സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനം കഴിഞ്ഞ ദിവസങ്ങളിൽ ഡ്രൈവ്സ്പാർക്ക് മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








