മൂന്നാം ഊഴത്തിന് മോദിക്കൊപ്പം ഈ അതിഥിയും, കാത്തിരിക്കുന്നത് 12.50 കോടി വില മതിക്കുന്ന ഔദ്യോഗിക വാഹനം
ജയിച്ച് മാത്രം ശീലമുള്ള രാഷ്ട്രീയ ചാണക്യനാണ് നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വൻ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും കടന്നുകൂടിയത് തന്നെ ഭാഗ്യത്തിന്റെ ബലത്തിലാണെന്നത് സാക്ഷാൽ മോദിയെ ഞെട്ടിച്ചിട്ടുണ്ടാവാം. ഇതുവരെ വിജയം മാത്രം രുചിച്ചിരുന്ന നേതാവിന് ഇന്ത്യന്‍ ജനത ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. എങ്കിലും തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്നലെ തന്നെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തിൽ നിന്ന് മോദി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
2019-ലെ കണക്കുകളുമായി നോക്കുമ്പോൾ പ്രധാനമന്ത്രിയുടെ വരെ ഭൂരിപക്ഷം വലിയ തോതിലാണ് ഇടിഞ്ഞത്. പ്രധാനമന്ത്രി നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നും രണ്ടുലക്ഷത്തിൽ താഴേയ്ക്ക് കൂപ്പുകുത്തുകയാണുണ്ടായത്. എന്തൊക്കെയായാലും മൂന്നാം തവണയും കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളെല്ലാം നരേന്ദ്ര മോദി തുടങ്ങിയിട്ടുണ്ട്. എന്തായാലും 15 വർഷം തുടർച്ചയായി ഇന്ത്യ ഭരിക്കാൻ പോവുന്ന പ്രധാനമന്ത്രിയെന്ന നേട്ടവും മോദിക്കിനി സ്വന്തമാവും. അതോടൊപ്പം ഔദ്യോഗിക വാഹനങ്ങളുടെ വലിയൊരു നിരയിലേക്കും ആളുകളുടെ നോട്ടമുണ്ട്.

2014-ൽ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ തൻ്റെ പ്രിയപ്പെട്ട മഹീന്ദ്ര സ്‌കോർപിയോയിൽ എത്തിയാണ് മോദി ഞെട്ടിച്ചത്. പിന്നെ ആർമഡ് ബിഎംഡബ്ല്യു 7 സീരീസിന് പകരം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമായി ഈ മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവി മാറുമെന്ന് വരെ അഭ്യൂഹങ്ങൾ അക്കാലത്ത് പരന്നിരുന്നു. ബിഎംഡബ്ല്യു സെഡാൻ്റെ സുരക്ഷാ സവിശേഷതകൾ അക്കാലത്ത് ഇന്ത്യയിലെ മറ്റേതൊരു വാഹനത്തിനും സമാനതകളില്ലാത്തതിനാൽ കിവംദന്തികളെല്ലാം ചീട്ടുകൊട്ടാരം പോലെ വീണുടയുകയായിരുന്നു.
2001 ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാൽ ഹിന്ദുസ്ഥാൻ അംബാസഡറിൽ നിന്ന് വാഹനം നവീകരിക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) തീരുമാനിച്ചപ്പോൾ മുതലാണ് ബിഎംഡബ്ല്യു 7 സീരീസ് കാറുകൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമാക്കി മാറ്റാൻ തീരുമാനമായത്. അങ്ങനെ പ്രത്യേക സുരക്ഷാ സന്നാഹങ്ങളുമായി പണിത ജർമൻ സെഡാൻ 2002-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ യാത്രകൾക്ക് കൂട്ടായെത്തി.

പിന്നീട് ഇങ്ങോട്ടുള്ള എല്ലാ പ്രധാനമന്ത്രിമാരും പ്രത്യേകമായി നിർമിച്ച ഇത്തരം ആർമഡ് വാഹനങ്ങളാണ് ഔദ്യോഗിക യാത്രകൾക്കായി തെരഞ്ഞെടുത്തത്. അതിനാൽ നരേന്ദ്ര മോദിക്കും തന്റെ പ്രിയപ്പെട്ട സ്കോർപിയോ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ ബിഎംഡബ്ല്യു 7 സീരീസിന് പുറമെ കോടികൾ വില മതിക്കുന്ന വമ്പൻ വാഹന നിര തന്നെയാണ് നരേന്ദ്ര മോദി ഗരാജിലുള്ളത്. അത് ഏതെല്ലാം വണ്ടികളാണെന്നും അവയുടെ പ്രത്യേകതകളും അറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. എങ്കിൽ തുടർന്ന് വായിക്കാം.
ബിഎംഡബ്ല്യു 7 സീരീസ്: മോദിയുടെ ആദ്യത്തെ ഔദ്യോഗിക വാഹനമായി എത്തിയത് ജർമനിയിൽ നിർമിച്ച 7 സീരീസ് കാറായിരുന്നു. ഏതുതരം ആക്രമണങ്ങളേയും ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ഈ മോഡലിന്റെ ഷെൽ വരെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ AK-47 പോലുള്ള ഉയർന്ന കാലിബർ ശേഷിയുള്ള റൈഫിളിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ വരെ ഇതിന് കഴിയും.

അണ്ടർബോഡി കവചം ഉപയോഗിച്ച്, ഗ്രനേഡ് ആക്രമണങ്ങളെ നേരിടാനും ഏതെങ്കിലും വിഘടന ചാർജുകളെ സംരക്ഷിക്കുന്നതിനുള്ള ഓപ്ഷണൽ റൂഫ് പ്രൊട്ടക്ഷനും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ബാലിസ്റ്റിക് സംരക്ഷണത്തിന് പുറമെ വാഹനം സമാനതകളില്ലാത്ത യാത്രാ സുഖവും ക്ലാസ്-ലീഡിംഗ് ഡ്രൈവിംഗ് ഡൈനാമിക്സുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രത്യേകം രൂപകല്പന ചെയ്ത ടയറുകൾ ഉപയോഗിച്ച് പഞ്ചറായാൽ പോലും മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ ഓടിക്കാൻ കഴിയും.
റേഞ്ച് റോവർ സെന്റിനൽ: 7 സീരീസിൽ നിന്നും ഔദ്യോഗിക വാഹനം ലക്ഷ്വറി എസ്‌യുവിയാക്കാനും പ്രത്യേക താത്പര്യവും മോദി കാട്ടിയിരുന്നു. V8 ബാലിസ്റ്റിക് പരിരക്ഷ ലഭിക്കുന്ന വാഹനമാണ് ഈ കസ്റ്റം ബിൽഡ് റേഞ്ച് റോവർ സെന്റിനൽ. 71-ാം സ്വാതന്ത്ര്യദിനത്തിലാണ് അദ്ദേഹം എസ്‌യുവിയിലേക്കുള്ള യാത്ര മാറ്റിയത്. ടാറ്റ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ നിർമിച്ച മോഡലിന് ഗ്രനേഡുകൾ, കുഴിബോംബുകൾ, ഐഇഡി ആക്രമണങ്ങൾ എന്നിവയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള കഴിവുണ്ട്.
ബിഎംഡബ്ല്യു 7 സീരീസ് പോലെ റേഞ്ച് റോവർ സെന്റിനലിന് ഫ്ലാറ്റ് ടയറുകളിൽ 80 കിലോമീറ്റർ വേഗതയിൽ ഓടിക്കാനും ഏകദേശം 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുമുള്ള കഴിവുണ്ട്. ഏകദേശം 375 bhp ഉത്പാദിപ്പിക്കുന്ന 5 ലിറ്റർ സൂപ്പർചാർജ്ഡ് V8 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഏകദേശം 10 കോടി രൂപയോളം ചെലവഴിച്ചാണ് ഈ എസ്‌യുവിയെ തന്റെ ഔദ്യോഗിക വാഹനമാക്കി നരേന്ദ്ര മോദി മാറ്റിയത്.
ടൊയോട്ട ലാൻഡ് ക്രൂയിസർ: ജർമ്മൻ സെഡാനും റേഞ്ച് റോവറും കൂടാതെ, ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള എസ്‌യുവികളിലൊന്നായ ടൊയോട്ട ലാൻഡ് ക്രൂയിസറും പ്രധാനമന്ത്രിയുടെ യാത്രകൾക്ക് അകമ്പടിയേകാനായി എത്താറുണ്ട്. 2019-ൽ പ്രധാനമന്ത്രി തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗം നടത്താൻ ചെങ്കോട്ടയിൽ എത്തിയതും ഈ ആർമഡ് വാഹനത്തിലായിരുന്നു. മുമ്പ് അഹമ്മദാബാദിൽ ലാൻഡ് ക്രൂയിസറിൽ മോദിയെ കണ്ടിരുന്നുവെങ്കിലും സ്വകാര്യ സന്ദർശനങ്ങളിൽ മാത്രമാണ് മോദിയിത് ഉപയോഗിക്കാറുള്ളൂ.
മെർസിഡീസ് മെയ്ബാക്ക് S650 ഗാർഡ്: മൂന്നാംതവണയും പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യ ചുവടുവെക്കാൻ തയാറായി നിൽക്കുന്ന മോദിയുടെ ഏറ്റവും പുതിയ ഔദ്യോഗിക വാഹനമായിരുന്നു ഇത്. കവചിത മെയ്ബാക്ക് S650 ഗാർഡിന് ഏറ്റവും ഉയർന്ന VR10 സർട്ടിഫിക്കേഷൻ ബാലിസ്റ്റിക്ക് സ്റ്റാൻഡേർഡുമായാണ് വരുന്നത്. വാഹനത്തിന്റെ നവീകരിച്ച വിന്‍ഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
രണ്ട് മീറ്റര്‍ അകലത്തില്‍നിന്നുള്ള 15 കിലോഗ്രാം TNT സ്‌ഫോടനത്തില്‍നിന്ന് വരെ വാഹനത്തിനുള്ളിലുള്ളവരെ സംരക്ഷിക്കാന്‍ കാറിന് സാധിക്കും. ഗ്യാസ് ആക്രമണമുണ്ടായാല്‍ ക്യാബിന് പ്രത്യേക എയര്‍ സപ്ലൈയും ഉറപ്പാക്കുന്ന മെർസിഡീസ് മെയ്ബാക്ക് S650 ഗാർഡിന് ഏകദേശം 12.50 കോടി രൂപയാണ് ഏകദേശ വില. ഏകദേശം 630 bhp ഔട്പുട്ടുള്ള 6-ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് കാറിന്റെ ഹൃദയം. അടുത്ത 5 കൊല്ലത്തേക്കും മോദിക്കൊപ്പം സേവനത്തിന് ഇവനും ഉണ്ടാവുമെന്നാണ് വിവരം.


Click it and Unblock the Notifications








