വഴിയിലാവുമെന്ന പേടിവേണ്ട! ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന പുത്തൻ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏഥർ എനർജിയുടെ 340, 450 എന്നിവയിലൂടെ നേടിയെടുത്ത ഊർജമാണ് ഇന്ന് ഇലക്‌ട്രിക് വാഹന വിപണിയുടെ ഈ സ്വീകാര്യതയ്ക്ക് പിന്നിലുള്ള രഹസ്യമെന്ന് വേണമെങ്കിൽ അവർക്ക് അവകാശപ്പെടാനാവും.

ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഇന്ന് വളരെ ജനപ്രിയമായി ജനങ്ങളിലേക്ക് കൂടുതൽ അടുത്തു കഴിഞ്ഞു. ഇപ്പോൾ നിരവധി ഇവി സ്റ്റാർട്ടപ്പുകൾ നമുക്കായി ചില കിടിലൻ മോഡലുകൾ വിപണിയിൽ എത്തിക്കുകയും ചെയ്‌തിട്ടുണ്ട്.

എന്നാലും ഇന്ന് ഒരു ഇലക്‌ട്രിക് ടൂവീലർ വാങ്ങുമ്പോൾ ഉയർന്ന റേഞ്ച് നോക്കി ഒരു മോഡൽ സ്വന്തമാക്കാൻ തന്നെയാവും ഏവരും ശ്രമിക്കുക. പെട്രോൾ വില ഇത്രയും ഉയർന്നു നിൽക്കുമ്പോൾ ഏവരുടെയും പ്രധാന മുൻഗണനയും റേഞ്ചാണ്. ആയതിനിൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ലെയിം ചെയ്യപ്പെട്ട റേഞ്ചുള്ള ഏറ്റവും പുതിയ 5 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ഒന്നു പരിചയപ്പെട്ടാലോ?

സിമ്പിൾ എനർജി വൺ
ബെഗളൂരൂ ആസ്ഥാനമായുള്ള സിമ്പിൾ എനർജി അടുത്തിടെ പുറത്തിറക്കിയ 'വൺ' എന്ന ഇലക്ട്രിക് സ്‌കൂട്ടർ ഒറ്റ ചാർജിൽ 236 കിലോമീറ്ററും 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗതയും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഇക്കോ മോഡിൽ യഥാർഥ റോഡ് സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് 180-190 കിലോമീറ്ററുകൾക്കിടയിലായിരിക്കും.

എന്തായാലും ഉൽപ്പന്ന ഗുണനിലവാരത്തിലും 'ഫിനിഷിലും' സ്‌കൂട്ടറിന് അതിന്റേതായ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ഉയർന്ന റേഞ്ച് നൽകുന്നതുമായ ഇലക്ട്രിക് ഇരുചക്ര വാഹനമാണ് സിമ്പിൾ വൺ. ഇതിന്റെ ഡെലിവറി കമ്പനി ഉടൻ ആരംഭിക്കാനിരിക്കുകയുമാണ്.

1.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള സിമ്പിൾ വൺ ഇവിക്ക് സ്റ്റാൻഡേർഡ് ചാർജർ വഴി 4.5 മണിക്കൂർ സമയമെടുത്ത് പൂർണമായും ചാർജിംഗ് പൂർത്തിയാക്കാനാവും. അതേസമയം ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 2.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജാവുകയും ചെയ്യും.

ഒബെൻ റോർ
ബെഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഓബെൻ. ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ റോർ എന്ന മോട്ടോർസൈക്കിളിലൂടെ 200 കിലോമീറ്റർ റേഞ്ചാണ് ഒബെൻ അവകാശപ്പെടുന്നത്. ഇ-ബൈക്കിന് ഒരു വലിയ നോൺ-റിമൂവബിൾ 4.4kWh ബാറ്ററി പാക്കിൽ പായ്ക്ക് ലഭിച്ചിരിക്കുന്നത്.

കൂടാതെ ഇക്കോ, സിറ്റി, ഹാവോക് എന്നീ മൂന്ന് വ്യത്യസ്‌തമായ ഡ്രൈവ് മോഡുകളും ഇതിന് ലഭിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോർസൈക്കിളിന് പരമാവധി 70 കിലോമീറ്റർ വേഗതയാണ് ഒബെൻ അവകാശപ്പെടുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, സംയോജിത എൽഇഡി ഡിആർഎൽ റിംഗ്, ബാറ്ററിയുടെ മുകളിൽ ശക്തമായ കവർ എന്നിവയുള്ള നിയോ-ക്ലാസിക് ഡിസൈനാണ് ഇതിന് സമ്മാനിച്ചിരിക്കുന്നതും.

1.02 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഒബെൻ റോർ വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്. ഉടൻ ഡെലിവറി ആരംഭിക്കാനിരിക്കുന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഏകദേശം 160 കിലോമീറ്റർ റേഞ്ച് വരെ നൽകാനും കഴിയും. 15A സോക്കറ്റുവഴി രണ്ട് മണിക്കൂറാണ് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ എടുക്കുന്ന സമയം.

കൊമാകി റേഞ്ചർ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കായ കൊമാകി റേഞ്ചറിന് 3.6kWh ബാറ്ററിയാണ് കരുത്തേകുന്നത്. ഒറ്റ ചാർജിൽ പരമാവധി 200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 4kW BLDC മോട്ടോറുമായി വരുന്ന ഇ-ബൈക്കിന് പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.

ഫീച്ചറുകളുടെ കാര്യത്തിൽ എൽഇഡി ലൈറ്റുകൾ, ഫോക്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആന്റി-തെഫ്റ്റ് ലോക്ക് സിസ്റ്റം, മൊബൈൽ ചാർജിംഗ് പോയിന്റ്, റിവേഴ്‌സ് അസിസ്റ്റ്, കൃത്രിമ എഞ്ചിൻ ശബ്‌ദം സൃഷ്ടിക്കാൻ സ്പീക്കറുകൾ എന്നിവ ഇതിന് ലഭിക്കുന്നു. 1.75 ലക്ഷം രൂപ വില വരുന്ന കൊമാകി റേഞ്ചറിന് ചാർജിംഗിനായി നാലു മുത. അഞ്ച് മണിക്കൂർ വരെ സമയം വേണ്ടി വരും.

ഓല S1 പ്രോ
പല പുതുമകൾക്കൊണ്ടും ഇന്ത്യയിൽ വിപ്ലവം തീർത്ത ഇലക്‌ട്രിക് സ്‌കൂട്ടറാണ് ഓല S1 പ്രോ. 3.97kWh ബാറ്ററിയാണ് ഇതിന്റെ ഹൃദയം. കൂടാതെ ARAI സാക്ഷ്യപ്പെടുത്തിയ 181 കിലോമീറ്റർ റേഞ്ചും മോഡലിൽ കമ്പനി അവകാശപ്പെടുന്നു. എന്നാൽ 104 കി.മീ. ആണ് യഥാർഥ റേഞ്ച്. ഇക്കോ, നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നിങ്ങനെ ഇലക്ട്രിക് സ്കൂട്ടറിന് നാല് റൈഡിംഗ് മോഡുകളും S1 പ്രോയുടെ പ്രത്യേകതയാണ്.

11.3 bhp കരുത്തിൽ 58 Nm torque വരെ പരമാവധി ഉത്പാദിപ്പിക്കുന്ന ഹൈപ്പർഡ്രൈവ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് ലഭിക്കുന്നത്. S1 പ്രോയ്ക്ക് മണിക്കൂറിൽ പരമാവധി 116 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കഴിയുമെന്നും ഓല അവകാശപ്പെടുന്നു.

1.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഇവിക്ക് ഓല ഹോം ചാർജർ ഉപയോഗിച്ച് 6 മണിക്കൂർ 30 മിനിറ്റുകൊണ്ടു മാത്രമേ പൂർണ ചാർജിലെത്താൻ കഴിയൂ.

ഒഡീസ് ഹോക്ക് പ്ലസ്
ഫുൾ ചാർജിൽ 170 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.88 kwh പോർട്ടബിൾ ലിഥിയം-അയൺ ബാറ്ററിയുമായി വരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറാണ് ഒഡീസ് ഹോക്ക് പ്ലസ്. ഇതിന് മിതമായ 1.8kW മോട്ടോറാണ് ലഭിക്കുന്നത്. ഇത് പരമാവധി വേഗത മണിക്കൂറിൽ 45 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു.

ബ്ലാക്ക്, വൈറ്റ്, ബ്ലൂ, റെഡ്, സിൽവർ എന്നീ അഞ്ച് നിറങ്ങളിൽ ഹോക്ക് പ്ലസ് ലഭിക്കും. ഫീച്ചർ ലിസ്റ്റിൽ മ്യൂസിക് സിസ്റ്റവും ക്രൂയിസ് കൺട്രോളും വരെ ഉൾപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 1.14 ലക്ഷം രൂപ വിലയുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് 4 മണിക്കൂർ കൊണ്ട് പൂർണ ചാർജ് കൈവരിക്കാനാവും.


Click it and Unblock the Notifications








