മഴയും വെയിലും ഏൽക്കേണ്ട; ഹിറ്റായി ഇരുചക്ര വാഹനങ്ങളിലെ പുത്തൻ ഷീൽഡ് സജ്ജീകരണം
മഞ്ഞും മഴയും വെയിലും ഏറ്റു വാഹനമോടിക്കേണ്ടല്ലോ എന്നോർത്താണ് പലരും മോട്ടോർസൈക്കിളിനു പകരം കാറുകൾ തെരഞ്ഞെടുക്കുന്നതു തന്നെ. എന്നാൽ എല്ലാവർക്കും ഒരു കാർ സ്വന്തമാക്കുക എന്നതും സാധ്യമല്ലാത്തൊരു കാര്യം കൂടിയാണ്.

ഇരുചക്ര വാഹന യാത്രക്കാരെ വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷിക്കാനായി വിപണിയിൽ എത്തിയ ഒരു പുതിയ മാർഗം ഇപ്പോൾ ട്രെൻഡായി മാറികൊണ്ടിരിക്കുകയാണ്. ഏതുകാലവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സെപ്പൽ ഷീൽഡ് എന്ന ഉൽപ്പന്നത്തെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.
പ്രദീപ് ഓൺ വീൽസ് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് സെപ്പൽ ഷീൽഡ് ഹിറ്റായിരിക്കുന്നത്. സെപ്പൽ ഷീൽഡിന്റെ റിവ്യൂവാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. നിർമാതാവിന്റെ അവകാശവാദമനുസരിച്ച് സെപ്പൽ ഷീൽഡ് ഡ്രൈവറെ മഴ നനയാതെയും വേനൽക്കാലത്ത് വെയിൽ കൊള്ളാതെയും മോട്ടോർസൈക്കിൾ ഓടിക്കാൻ പ്രാപ്‌തമാക്കുന്നു എന്നതാണ് പ്രത്യേകത.

വീഡിയോയിൽ ബജാജ് ഓട്ടോയുടെ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളായ ഡൊമിനാർ 400 മോഡലിലാണ് ഈ ഷീൽഡ് ഘടിപ്പിച്ചിരിക്കുന്നത്. മുകളിൽ ഒരു മേലാപ്പുമായി സംയോജിപ്പിക്കുന്ന ഒരു ഷീൽഡ് ഉണ്ടെന്ന് കാണാൻ കഴിയും. ഇത് റൈഡറെ മഴയിൽ നിന്നും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കും.

മോട്ടോർസൈക്കിളിന് അനുയോജ്യമായ ബ്ലാക്ക്, റെഡ് നിറത്തിലാണ് ഈ ഷീൽഡ് പൂർത്തിയാക്കിയിരിക്കുന്നത്. ഹാൻഡിൽ ബാറിൽ നക്കിൾ ഗാർഡുകൾ സ്ഥാപിച്ചാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഷീൽഡിന്റെ ഫ്രണ്ട് ഗ്ലാസിന്റെ മുകൾ പകുതി തുറക്കാനും കഴിയും. ഇത് വായുസഞ്ചാരം അനുവദിക്കും.

വിൻഡ്ഷീൽഡ് അടയ്ക്കുന്നതിന് രണ്ട് ബോൾട്ട്-ഓൺ ലോക്കുകളും നിലവിലുണ്ട്. ഉയർന്ന വേഗതയിൽ പോലും ഷീൽഡ് മികച്ച സ്ഥിരതയുള്ളതായാണ് വീഡിയോയിൽ പറയുന്നത്. അതായത് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വരെ ഇത് പരീക്ഷിച്ച് തെളിഞ്ഞതാണെന്ന് സാരം. പ്രത്യക്ഷത്തിൽ ഷീൽഡ് ഇൻസ്റ്റാൾ ചെയ്യാനും വളരെ എളുപ്പമാണ്.

മൂന്ന് പീസുകളായാണ് ഷീൽഡ് വരുന്നത്. ആദ്യത്തെ പീസ് മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ടാങ്ക് കവർ ചെയ്യുന്നു. ടാങ്കിന്റെ ഈ ഭാഗത്തോടെ പീസ് മുറുക്കാൻ ഉപയോഗിക്കാവുന്ന മൂന്ന് സ്ട്രാപ്പുകളും നൽകിയിട്ടുണ്ട്. പിന്നെ ഫ്യുവൽ ടാങ്കിലെ പീസിന് ഇണങ്ങുന്ന സ്റ്റാൻഡുമായി വരുന്ന വിൻഡ്ഷീൽഡുണ്ട്.

എന്നിരുന്നാലും ഇന്ധനം നിറയ്ക്കുമ്പോൾ ഇതൊരു തടസമാകില്ലെന്നതും ശ്രദ്ധേയമാണ്. സ്റ്റാൻഡ് തന്നെ ഒരു മൊബൈൽ ഹോൾഡറായി ഉപയോഗിക്കുകയുമാവാം. ഒരിക്കൽ ഷീൽഡ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഹോൾഡർ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതിനാലാണ് ഇത് ഇത്തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പിന്നെ അവിടെത്തന്നെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന മേലാപ്പും ഉണ്ട്. അതിനാൽ നിങ്ങൾ ഒറ്റയ്ക്കാണ് സവാരി ചെയ്യുന്നതെങ്കിൽ പിൻഭാഗം ആവശ്യാനുസരണം നീക്കം ചെയ്യാനും സാധിക്കും.പിൻഭാഗം ചേർത്താൽ കുറച്ച് ഫ്ലെക്സ് ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഒരു ലോഡും വഹിക്കാനും ഇതിനാവില്ല.

സെപ്പൽ ഷീൽഡിന്റെ വില 7,500 രൂപയാണ്. ഷീൽഡ് സ്ഥാപിച്ച ശേഷം റോഡിലെ വ്യത്യസ്ത കാഴ്ച്ചകൾ ആ വ്യക്തിക്ക് ശീലമാക്കേണ്ടതുണ്ട്. ബജാജ് ഡൊമിനാർ 400, റോയൽ എൻഫീൽഡ് ക്ലാസിക് 350, റോയൽ എൻഫീൽഡ് ഹിമാലയൻ, യമഹ R15, യമഹ MT-15, കെടിഎം ഡ്യൂക്ക്, കൂടാതെ ഹോണ്ട CBR 650R എന്നിവയിലും നിലവിൽ സെപ്പൽ ഷീൽഡ് സജ്ജീകരിക്കാനാവും.

വീഡിയോയിൽ പറയുന്നത് അനുസരിച്ച് സെപ്പൽ ഷീൽഡിന്റെ ഇൻസ്റ്റാളേഷൻ വളരെ ലളിതമാണ്. വെറും 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ കൊണ്ടാണ് താൻ ഇത് ഇൻസ്റ്റാൾ ചെയ്തതെന്ന് വീഡിയോയിൽ പറയുന്നു. സവാരി ചെയ്യുമ്പോൾ ഷീൽഡ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയുണ്ടാക്കുന്നില്ല എന്നതും ഒരു മേൻമയാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഷീൽഡിന് ചില പോരായ്‌മകളും ഉണ്ടെന്നുള്ളതും യാഥാർഥ്യമാണ്. ഉദാഹരണത്തിന് താക്കോൽ പുറത്തെടുക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

മാത്രമല്ല മാപ്പുകൾ പരിശോധിക്കാൻ, റൈഡർ താഴേക്ക് നോക്കേണ്ടതുണ്ട്. മാത്രമല്ല ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ നേരിട്ടുള്ള കാഴ്ച്ച ഇത് മറുയ്ക്കുകയും ചെയ്യുന്നതിനാൽ റൈഡിംഗിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.


Click it and Unblock the Notifications








