പുതിയ പ്രസിഡണ്ട്‌സ് ലിമോ തയ്യാറാവുന്നു
ഒബാമ അധികാരത്തില്‍ വന്ന 2009 മുതല്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവാഹനം 'ബീസ്റ്റ്' എന്നു വിളിക്കുന്ന കാഡില്ലാക് ലിമോസിനാണ്. രാസായുധങ്ങളും ചെറുബോംബുകളും വെടിയുണ്ടകളുമെല്ലാം പ്രതിരോധിക്കാന്‍ ഈ ലിമോസിന് ശേഷിയുണ്ട്. മാസൈല്‍ ആക്രമണത്തെ വരെ ചെറുത്ത് നില്‍ക്കാന്‍ അഞ്ചിഞ്ച് കനമുള്ള ബോഡിയുള്ള ബീസ്റ്റിന് സാധിക്കുമെന്നാണ് കേള്‍ക്കുന്നത്.
ഒബാമയുടെ ലിമോ ബ്രേക് ഡൗണ്ടായതെങ്ങനെ?
ഓരോ വര്‍ഷം ചെല്ലുന്തോറും അമേരിക്കന്‍ പ്രസിഡണ്ടിനുള്ള ജീവാപായസാധ്യത ഏറിവരികയാണെന്നാണ് യുഎസ് രഹസ്യാന്വേഷണവിഭാഗം ലോകത്തെ ധരിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ടിന്റെ സുരക്ഷാസന്നാഹം വര്‍ധിപ്പിച്ചും മറ്റും അവര്‍ ഇക്കാര്യം ലോകത്തെ അറിയിക്കാറുണ്ട്. അടുത്ത പ്രസിഡണ്ടിന് ഇനിയും സുരക്ഷാ സംവിധാനങ്ങളുള്ള ഒരു പുതിയ ലിമോസിന്‍ തയ്യാറാക്കുകയാണ് അമേരിക്ക.

അടുത്ത പ്രസിഡണ്ട് അധികാരത്തിലെത്തുക 2017ലാണ്. പുതിയ പ്രസിഡണ്ടിനു വേണ്ടിയുള്ള സന്നാഹമൊരുക്കല്‍ അമേരിക്ക ഇപ്പോഴേ തുടങ്ങിവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് പുതിയ ലിമോസിന്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കവും.

പ്രസിഡണ്ടിന്റെ കാര്‍ ഒരു അമേരിക്കന്‍ കമ്പനി അമേരിക്കയില്‍ വെച്ചുതന്നെ നിര്‍മിച്ചതാകണമെന്നാണ് ആവശ്യം. നിലവില്‍ ഒബാമ ഉപയോഗിക്കുന്ന ലിമോസിന്‍ ജനറല്‍ മോട്ടോഴ്‌സ് നിര്‍മിച്ചു നല്‍കിയതാണ്. അടുത്ത ലിമോസിനും ഇവര്‍ തന്നെ നിര്‍മിക്കണമെന്ന് നിര്‍ബന്ധമൊന്നും അധികൃതര്‍ക്കില്ല.

ഫോര്‍ഡ്, ക്രൈസ്‌ലര്‍ എന്നീ കമ്പനികളും ലിമോസിന്‍ നിര്‍മാണത്തിനുള്ള അനുമതി കിട്ടാന്‍ ലോബീയിംഗ് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രസിഡണ്ടിന്റെ വാഹനത്തെക്കാള്‍ വലിയ ഒരു പരസ്യം വേറെയെന്താണുള്ളത്?

പ്രസിഡണ്ടിന്റെ ഇപ്പോഴത്തെ കാറിന് 4600 കിലോയോളം ഭാരമുണ്ട്. ഈ വാഹനത്തിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്നത് സംബന്ധിച്ച ഊഹങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. മിസൈല്‍ ആക്രമണം തടയാനും വെടിയുണ്ട, ബോംബ് തുടങ്ങിയവയെ പ്രതിരോധിക്കാനും ഫ്‌ലാറ്റ് ടയറില്‍ ഓടാനുമൊക്കെയുള്ള ശേഷിയെക്കുറിച്ച് നേരത്തെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇത്രയുംകൊണ്ട് പ്രസിഡണ്ട്‌സ് ലിമോസിന്റെ സവിശേഷതകള്‍ തീരുന്നില്ല എന്നതാണ് സത്യം. ഇവ പുറത്തുവിടാന്‍ ജനറല്‍ ഒരിക്കലും തയ്യാറായിട്ടുമില്ല.

ഒബാമയുടെ ബീസ്റ്റ് നിര്‍മിച്ചിട്ട് ഇപ്പോള്‍ നാലഞ്ച് വര്‍ഷം കഴിഞ്ഞു. ഈ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും പുതിയ പ്രസിഡണ്ട്‌സ് ലിമോസിനില്‍ പ്രതിഫലിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.

പുതിയ ലിമോസിന്‍ നിര്‍മിക്കാനുള്ള കരാര്‍ അടുത്ത ഓഗസ്റ്റ് 29ന് ഏതെങ്കിലുമൊരു കമ്പനിക്ക് അമേരിക്ക നല്‍കിയിരിക്കും. ഫോഡ്, ക്രൈസ്‌ലര്‍, ജനറല്‍ മോട്ടോഴ്‌സ് എന്നീ മൂവരില്‍ ഒരാളായിരിക്കും വാഹനം നിര്‍മിക്കുക എന്നാണൂഹിക്കേണ്ടത്.


Click it and Unblock the Notifications








