ശതകോടീശ്വരനൊപ്പം സൂപ്പർബൈക്കിൽ കറങ്ങി സുശാന്തിന്റെ പഴയ കാമുകി; ലവ്ബേർഡ്‌സ് ആരെന്ന് മനസിലായോ
ബോളിവുഡ് നടൻ സുശാന്ത് രജ്‌പുത്തിന്റെ (sushant singh rajput) മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു സുശാന്തിന്റെ കാമുകി കാമുകിയും നടിയുമായിരുന്ന റിയ ചക്രവർത്തിയുടേത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസില്‍ റിയയ്ക്ക് ജയിലില്‍ പോവേണ്ടി വരെ വന്നിരുന്നു. എന്തായാലും ഇതിൽ നിന്നെല്ലാം അകന്ന് പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ബി-ടൌണിലെ ഈ സുന്ദരി. ജീവിതത്തിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയതിന് ശേഷം മാറ്റങ്ങളെ ആഘോഷിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് റിയ അടുത്തിടെ തന്റെ പോഡ്കാസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോൾ റിയ ചക്രവർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായ നിഖിൽ കാമത്തുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ ഇരുവരും ബൈക്കിൽ കറങ്ങുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. മുംബൈയിലെ തിരക്കുപിടിച്ച തെരുവിലൂടെ സുസുക്കി ഇൻട്രൂഡർ M1800R എന്ന ഐക്കണിക് സൂപ്പർബൈക്കിലാണ് ഇരുവരും ചുറ്റിനടക്കുന്നത്.

നിഖിലും റിയ ചക്രവർത്തിയും സുസുക്കി ഇൻട്രൂഡർ M1800R ക്രൂയിസർ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്ന വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. മുഖം പൂർണമായും മറച്ചാണ് ഇരുവരുടേയും സഞ്ചാരം. നിഖിൽ കാമത്ത് മാസ്ക്കിനൊപ്പം ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും പിന്നിലിരിക്കുന്ന റിയ ഹെൽമറ്റ് ധരിച്ചിട്ടില്ല. സെറോദ സഹസ്ഥാപകനായ നിഖിൽ കാമത്തിൻ്റെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2012-ലാണ് നിഖിൽ ഈ ക്രൂയിസർ മോട്ടോർസൈക്കിൾ സ്വന്തമാക്കുന്നത്. സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെറോദയിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച യുവ ബിസിനസുകാരനാണ് നിഖില്‍ കാമത്ത്. 3.1 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. വാഹനങ്ങളോട് പ്രത്യേക കമ്പനുള്ള ഇദ്ദേഹം അടുത്തിടെ ഏഥർ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതും വാർത്തയായിരുന്നു.

ഹാർലി ഡേവിഡ്‌സൺ, ഇന്ത്യൻ, ട്രയംഫ് എന്നിവയുടെ ക്രൂയിസർ മോട്ടോർസൈക്കിളുകളോട് മത്സരിക്കാനായി സുസുക്കി പണികഴിപ്പിച്ച ഫ്ലാഗാഷിപ്പ് ക്രൂയിസർ ബൈക്കായിരുന്നു ഇൻട്രൂഡർ. ഒരു വലിയ ബൈക്കായതിനാൽ തന്നെ ഇതിന്റെ ഡിസൈനും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2019-ൽ നിർത്തലാക്കിയെങ്കിലും വണ്ടിഭ്രാന്തൻമാർക്കിടയിൽ ഇന്നും പ്രത്യേകം സ്ഥാനം ഈ ഐക്കണിക് മോഡലിനുണ്ടെന്നതാണ് ശ്രദ്ധേയം.
127 bhp പവറിൽ പരമാവധി 160 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1,783 സിസി വി-ട്വിൻ എഞ്ചിനാണ് സുസുക്കി ഇൻട്രൂഡർ M1800R ക്രൂയിസറിന്റെ ഹൃദയം. 5-സ്പീഡായിരുന്നു ഗിയർബോക്‌സ് ഓപ്ഷൻ. ഇന്ത്യയിൽ ഏകദേശം 15.95 ലക്ഷം മുതൽ 16.45 ലക്ഷം രൂപ വരെയായിരുന്നു സൂപ്പർർബൈക്കിന്റെ എക്സ്ഷോറൂം വില വന്നിരുന്നത്. അതേസമയം ഓൺ-റോഡ് വില 18 ലക്ഷം രൂപ വരെയും വന്നിരുന്നു.

സുസുക്കി ഇൻട്രൂഡറിന് 347 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെങ്കിലും മികച്ച ലോ-എൻഡ് ടോർക്ക് നൽകാൻ ക്രൂയിസർ ബൈക്കിനാവുമായിരുന്നു. 19.5 ലിറ്റർ ഫ്യുവൽ ടാങ്കായിരുന്നു മറ്റൊരു പ്രത്യേകത. നിഖിൽ കാമത്തിനെ കൂടാതെ സുസുക്കി ഇൻട്രൂഡർ M1800R ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും സ്വന്തമാക്കിയിട്ടുണ്ട്. ഒരുകാലത്ത് സുസുക്കിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായിരുന്നു മസിൽമാൻ.
ഇൻട്രൂഡറിനെ കൂടാതെ ഏഥർ 450X അപെക്‌സ് ഇലക്ട്രിക് സ്കൂട്ടറും റിയ ചക്രവർത്തിയുടെ പുതിയ പങ്കാളിയായ നിഖിൽ കാമത്തിനുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ ഏഥറില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നതാണ് ഹൈലൈറ്റ്.1.89 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനിയുടെ അതിഗേവ സ്‌കൂട്ടർ ഇന്ത്യയിലെത്തിച്ചിരുന്നത്.
7kW PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.7kWh ബാറ്ററി പായ്ക്കാണ് ഇവിയിലുള്ളത്. 0-40 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ഇലക്ട്രിക് സ്കൂട്ടറിന് 100 കിലോമീറ്ററാണ് പരമാവധി കൈവരിക്കാനാവുന്ന വേഗം. അധിക പവർ ഡെലിവറിക്കായി അപെക്‌സ് ലിമിറ്റഡ് എഡിഷനിൽ പുതിയ വാർപ്പ് പ്ലസ് മോഡും ഏഥർ അവതരിപ്പിച്ചിട്ടുണ്ട്. 150 കി.മീ മുതൽ 157 കി.മീ വരെ റേഞ്ചാണ് ഏഥർ അപെക്‌സിന് സിംഗിൾ ചാർജിൽ കിട്ടുന്നത്.


Click it and Unblock the Notifications








