പൊടിച്ചത് 12 കോടി രൂപയ്ക്ക് മുകളിൽ, ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി ലേഡി അംബാനി
രാജ്യത്തെ ഏറ്റവും വലിയ ധനിക കുടുംബമെന്ന് കേട്ടാൽ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേരാവും മുകേഷ് അംബാനിയുടേത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാന്റെ ഭാര്യയും ലോകം അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികന്റെ പത്നിയാണെങ്കിലും അടുക്കളയിൽ ഒതുങ്ങികൂടാതെ ഭർത്താവിനും മക്കൾക്കും ഒപ്പം ബിസിനസിലും കാര്യമായി പ്രവർത്തിക്കുന്നയാളാണ് ഇവർ.
സംരംഭക, സാമൂഹിക പ്രവർത്തക, അധ്യാപക തുടങ്ങി നിരവധി റോളുകളിൽ നിത അംബാനി പേരെടുത്തിട്ടുണ്ട്. 2016-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നിലയിലൊക്കെ ആദരവ് ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മുകേഷ് അംബാനിയുടെ ഭാര്യ. 2022-ലെ കണക്കനുസരിച്ച് 23199 കോടിക്കും 24856 കോടിക്കും ഇടയിലാണ് നിത അംബാനിയുടെ ആസ്തിയെന്നാണ് റിപ്പോർട്ട്.

ഓരോ വർഷവും ശരാശരി 1.65 കോടി രൂപ അവർ സമ്പാദിക്കുന്നുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ അണിയറയിലും, കള്‍ച്ചറല്‍ സെന്ററും തുടങ്ങി നിരവധി കാര്യങ്ങളിൽ തിരക്കിട്ട് പാഞ്ഞുനടക്കുന്ന നിത അംബാനിക്ക് യാത്ര ചെയ്യാനും അത്യാഡംബര കാറുകളാണുള്ളത്. Z പ്ലസ് സുരക്ഷയൊരുക്കിയുള്ള ലേഡി അംബാനിയുടെ യാത്രകളും അൾട്രാ ലക്ഷ്വറി കാറുകളും നിരത്തുകൾക്ക് ഒരു ദൃശ്യവിരുന്നാണ്.
ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്ന് കൂടി കടന്നുവന്നിരിക്കുകയാണ്. റോൾസ് റോയ്‌സ് ഫാൻ്റം VIII EWB ആണ് ജിയോ ഗരാജിൽ പുതുതായി എത്തിയിരിക്കുന്നത്. പുത്തൻ ലക്ഷ്വറി കാറിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിട്ടുണ്ട്. നിത അംബാനി തൻ്റെ ആഡംബര സെഡാനായി റോസ് ക്വാർട്സ് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ഏറെ രസകരമായ കാര്യമാണ്.

ഈ നിറമുള്ള രാജ്യത്തെ ആദ്യത്തെ റോൾസ് റോയ്‌സ് ഫാൻ്റം VIII EWB കാറാണിത് എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 12 കോടി രൂപയോളമാണ് ചെലവാക്കേണ്ടി വരുന്നത്. നിത അംബാനി പ്രത്യേക കളർ ഓപ്ഷൻ കൂടി തെരഞ്ഞെടുത്തിരിക്കുന്നതിനാൽ വാഹനത്തിന്റെ വിലയും ഇതിലും കൂടിയിട്ടുണ്ടെന്നാണ് വിവരം. കാരണം ഇതുപോലെയുള്ള കസ്റ്റമൈസേഷൻ വർക്കുകൾക്ക് അധിക തുക മുടക്കേണ്ടി വരുമെന്ന് റോൾസ് റോയ്‌സ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആയതിനാൽ നിത അംബാനി വാങ്ങിയ റോൾസ് റോയ്‌സിൻ്റെ കൃത്യമായ വില നിർണയിക്കാൻ കഴിയില്ല. റോസ് ക്വാർട്സ് കളർ ഓപ്ഷനിൽ വാഹനം കാണാൻ തന്നെ കിടിലമാണെന്ന് പറയാതെ വയ്യ. റോസ് ക്വാർട്സ് എക്സ്റ്റീരിയറിനൊപ്പം ഓർക്കിഡ് വെൽവെറ്റ് ഇന്റീരിയറാണ് നിത തെരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിന്റെ മുൻനിര മോഡലാണ് ഫാൻ്റം.

കാറുകളിലെ ആഡംബരത്തിൻ്റെ പ്രതീകമായാണ് റോൾസ് റോയ്‌സ് അറിയപ്പെടുന്നത്. അതിൽ ഫാന്റത്തിന്റെ റോളും വളരെ ഉയർന്നതാണ്. EWB പതിപ്പായതിനാൽ പിൻസീറ്റ് യാത്രക്കാർക്ക് അത്യാഡംബര യാത്രയാണ് വാഹനം സമ്മാനിക്കുന്നത്. യാത്രക്കാർക്ക് പരമാവധി സൗകര്യം ഒരുക്കുകയെന്നതാണ് പരമപ്രധാനമായി കമ്പനി കാണുന്നതു തന്നെ. കാറിലെ ഹെഡ്‌റെസ്റ്റുകളിൽ നിതയുടെ ഇനീഷ്യലുകൾ (NMA) പോലും എംബ്രോയ്ഡറി ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.
ഫിക്സഡ് റിയർ സെൻ്റർ കൺസോളിൽ വിസ്കി ഗ്ലാസുകളും ഡികാൻ്ററും, ഷാംപെയ്ൻ ഫ്ലൂട്ടുകളും കൂൾബോക്സും ഉള്ള ഒരു ഡ്രിങ്ക് കാബിനറ്റും വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. റോൾസ് റോയ്‌സ് ഫാൻ്റം VIII EWB സെഡാന്റെ ഡാഷ്‌ബോർഡിനെ ശ്രദ്ധേയമാക്കുന്നത് അനലോഗ് ക്ലോക്കാണ്.
Z പ്ലസ് സുരക്ഷയുള്ള വ്യക്തിയായതിനാൽ നിത അംബാനിയുടെ പുത്തൻ കാർ പ്രത്യേകമായി നിർമിച്ചവയാണോ അല്ലയോ എന്ന് അറിവായിട്ടില്ല. 6.75 ലിറ്റർ V12 ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഫാൻ്റം VIII EWB സെഡാന്റെ ഹൃദയം. ഇത് 571 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. "സാറ്റലൈറ്റ് എയ്ഡഡ് ട്രാൻസ്മിഷൻ" എന്ന് വിളിക്കപ്പെടുന്ന ജിപിഎസ് പ്രവർത്തനക്ഷമമാക്കിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
മുകളിൽ സൂചിപ്പിച്ചതുപോലെ അംബാനി കുടുംബത്തിന് വിലകൂടിയ കാറുകളുടെ വമ്പൻ കളക്ഷനുണ്ട്. ഏകദേശം 168 കാറുകളോളം സ്വന്തമായുള്ളതെന്നാണ് വിവരം. അതിൽ നിരവധി റോൾസ് റോയ്സ് ഫാന്റം, ഗോസ്റ്റ്, കലിനൻ എന്നിവയും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ദീപാവലി വേളയിൽ മുകേഷ് അംബാനി നിത അംബാനിക്ക് ഒരു പുതിയ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ചിരുന്നു. ഇതിലാണ് അധികമായും നിതയുടെ സഞ്ചാരം.
Image Courtesy: Automobili Ardent: The Petrolhead Lifestyle


Click it and Unblock the Notifications








