ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞേക്കും, നാല് മാസത്തിനുള്ളിൽ ബാറ്ററി സ്വാപ്പിംഗ് നയം നടപ്പിലാക്കാൻ നീതി ആയോഗ്
ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമെല്ലാം അധികം വില കൊടുക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണം ബാറ്ററി നിർമാണത്തിന്റെ അധിക ചെലവുകളാണ്. മൊത്തം വാഹന വിലയുടെ ഏകദേശം 50 ശതമാനവും ബാറ്ററിയുടെ വിലയാണ് നാം മുടക്കേണ്ടത്.

തങ്ങളുടെ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് വിൽക്കുമ്പോൾ നിർമാതാക്കൾ നേരിടുന്ന ഏറ്റവും വലിയ തടസം അതാണ്. കൂടാതെ റേഞ്ച് പരിമിതിയും ഉത്കണ്ഠ പ്രശ്നങ്ങളും അർഥമാക്കുന്നത് ഉപഭോക്താക്കളെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്നതിൽ നിന്നും പിന്നോട്ടുവലിക്കുന്നുണ്ട്.

അത് കണക്കിലെടുത്ത് മുൻകൂർ ചെലവ് ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് തിങ്ക് ടാങ്ക് ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്കായി പുതിയ നയങ്ങൾ ആവിഷ്ക്കരിക്കുകയാണ്. ഈ വർഷത്തെ വാർഷിക ബജറ്റ് പ്രഖ്യാപന വേളയിലാണ് ഈ പദ്ധതികളെ കുറിച്ചുള്ള തീരുമാനം സർക്കാർ അവതരിപ്പിച്ചത്.

ഈ നയത്തിന്റെ പ്രധാന ഊന്നൽ ബാറ്ററി സ്വാപ്പുകൾക്ക് ചില പൊതുവായ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നതായിരുന്നു. ബാറ്ററികൾ എല്ലാവർക്കും പൊതുവായതാണെങ്കിൽ അത് ഏതെങ്കിലും പെട്രോൾ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് പോലെയാകും. അങ്ങനെയെങ്കിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം രാജ്യത്ത് കൂടുതൽ എളുപ്പവും സുഗമവും ആകും.

നിലവിൽ ഈ സജ്ജീകരണം പര്യവേക്ഷണം ചെയ്ത അധികം കമ്പനികൾ രാജ്യത്തില്ലെന്നതും ശ്രദ്ധേയമാണ്. റിവോൾട്ടും ബൗൺസ് ഇൻഫിനിറ്റിയും മാത്രമാണ് ഇത്തരം സ്വാപ്പിംഗ് സജ്ജീകരണങ്ങളുമായി വിപണയിൽ എത്തിയിട്ടുള്ള മോഡലുകൾ എന്നാണ് ഓർമ. ബൗൺസ് ഇ-സ്‌കൂട്ടറിന്റെ ഡെലിവറികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ബൗൺസിന്റെ സ്വാപ്പിംഗ് ചെലവുകൾ കണക്കിലെടുക്കുകയാണെങ്കിൽ ഏറ്റവും കാര്യക്ഷമമായ ഐസിഇ സ്കൂട്ടറിൽ ഇന്ധനം നിറയ്ക്കുന്നതിനേക്കാൾ 4,200 രൂപ വാർഷിക ഫീസ് (മാസം 35 x 10 സ്വാപ്പുകൾ x 12 മാസം) വളരെ വില കുറഞ്ഞതായിരിക്കും.

കൂടാതെ കുറഞ്ഞ മുൻകൂർ ചെലവുകൾ ഉള്ളതിനാൽ ഉപഭോക്താവിന് ബാറ്ററിക്ക് പണം നൽകേണ്ടതില്ല അല്ലെങ്കിൽ വാടകയ്‌ക്ക് എടുക്കേണ്ടതുമില്ലെന്ന് സാരം. അങ്ങനെ ഇവികളുടെ യഥാർഥ വില കൂടുതൽ താങ്ങാനാവുന്ന രീതിയിൽ നിശ്ചയിക്കാനും സാധിക്കും.

ഹീറോ മോട്ടോകോർപ്പ്, ഹോണ്ട തുടങ്ങിയ ഇരുചക്ര വാഹന ഭീമൻമാരുടെ വരവ് ബാറ്ററി സ്വാപ്പിംഗ് സ്‌പേസിൽ കാണാൻ സാധ്യതയുണ്ട്. ഹീറോയുടെ വിഡ ഇലക്ട്രിക് സബ് ബ്രാൻഡ്, ഗോഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് ടെക്നോളജി ഉണ്ടായിരിക്കാൻ സാധ്യതയുള്ള ആദ്യ സ്കൂട്ടർ മാർച്ചിൽ പുറത്തിറക്കും.

ഈ നയം പ്രാബല്യത്തിൽ വരുന്നതോടെ മറ്റ് ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ, ബജാജ്, ടിവിഎസ്, ഓല എന്നിവർ എങ്ങനെ തങ്ങളുടെ തന്ത്രങ്ങൾ പുനഃക്രമീകരിക്കുന്നു എന്നതും കാത്തിരുന്നു കാണേണ്ട വസ്‌തുതയാണ്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ ഉപയോഗിച്ച് ഒരു സ്കൂട്ടർ നിർമിക്കുന്നത് കൂടുതൽ സങ്കീർണ്ണവും കുറച്ചുകൂടി ചെലവേറിയതുമാണ്.

എന്നിരുന്നാലും അന്തിമ ഉപയോക്താവിനുള്ള നേട്ടങ്ങൾ ഇവിടെ വളരെ കൂടുതലാണ്. പ്രത്യേകിച്ച് താങ്ങാനാവുന്ന മൊബിലിറ്റി പരിഹാരങ്ങൾ ആഗ്രഹിക്കുന്നവർക്ക്. ലാസ്റ്റ് മൈൽ ഡെലിവറി, റൈഡ്-ഷെയറിംഗ് തുടങ്ങിയ മേഖലകൾക്ക് ഉത്തേജനം നൽകിക്കൊണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ, മോട്ടോർസൈക്കിളുകൾ, ത്രീ വീൽ ഓട്ടോ റിക്ഷകൾ എന്നിവയ്‌ക്കായുള്ള ബാറ്ററി സ്വാപ്പ് സേവനങ്ങളിലാകും കേന്ദ്ര സർക്കാരും നീതി ആയോഗും തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ബാറ്ററിയുടെ മൊത്തം സബ്‌സ്‌ക്രിപ്‌ഷന്റെയോ സബ്സ്ക്രിപ്ഷൻ ചെലവിന്റെയോ 20 ശതമാനം വരെ ഇൻസെന്റീവ് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. 2019-ൽ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് നേരിട്ട് സബ്‌സിഡികൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ 100 ബില്യൺ രൂപ (1.3 ബില്യൺ ഡോളർ) മാറ്റിവെക്കുകയും ചെയ‌്‌തിരുന്നു.

എന്നാൽ ഇതിന്റെ 10 ശതമാനം മാത്രമാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂ. ബാറ്ററി സ്വാപ്പിംഗിനുള്ള പ്രോത്സാഹനങ്ങൾ ഇതേ ഫണ്ടിൽ നിന്ന് നൽകുമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്ത് ഇവികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് പ്രസംഗത്തിൽ രാജ്യത്ത് ഇവികളുടെ ഉപയോഗവും ഇന്റർഓപ്പറബിലിറ്റി നിലവാരവും വർധിപ്പിക്കുന്നതിനായി സർക്കാർ ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications








