ബാലസോർ ട്രെയിൻ ദുരന്തം, റെയിൽവേ ട്രാക്ക് സംവിധാനങ്ങളേയും സിഗ്നലുകളേയും അറിയാം
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തം രാജ്യത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം സമീപകാലത്ത് ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും വലിയ ട്രെയിൻ അപകടമാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 288 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഈ വലിയ കൂട്ടിയിടി സംഭവിച്ചിരിക്കുന്നത്. മൂന്നു ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഇതാണ് പരുക്കേറ്റവരുടെയും ജീവൻ നഷ്‌ടപ്പെട്ടവരുടേയും എണ്ണത്തിൽ ഇത്രയും വലിയ വർധനവുണ്ടാവാൻ കാരണമായത്. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന വ്യക്തത ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ട്രെയിൻ അപകടത്തിന് കാരണം ട്രാക്കിലെ തകരാർ ആണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം ബെംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം. പിന്നീട് പാളം തെറ്റി അപകടത്തിൽപെട്ട ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
അതോടൊപ്പം സമീപത്ത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയും അപകടത്തിന്റെ നില വഷളാക്കിയെന്ന് റെയിൽവേ അധികൃതർ പറയുന്നു. രണ്ടാമത്തെ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീഴുകയായിരുന്നു. ട്രെയിൻ അപകടത്തിന് കാരണം ട്രാക്കിലെ തകരാർ ആണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞുവെങ്കിലും ഇതൊരു പ്രാഥമിക സംശയം മാത്രമാണ്.

എന്നിരുന്നാലും, വിശദമായ അന്വേഷണത്തിൽ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. വൈകിട്ട് 6.50നും 7.10നും ഇടയിൽ മിനിറ്റുകൾക്കുള്ളിലാണ് വൻ ദുരന്തം നടന്നതെന്നാണ് ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറയുന്നത്. കൂട്ടിയിടിക്കുമ്പോൾ രണ്ട് ട്രെയിനുകളും അമിത വേഗതയിലായിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർഫാസ്റ്റ് തീവണ്ടികളിലൊന്നാണ് അപകടത്തിൽപെട്ട കോറമാൻഡൽ എക്സ്പ്രസ്.
മറ്റ് പല ട്രെയിനുകളെയും അപേക്ഷിച്ച് വേഗത്തിൽ ബംഗാളില്‍ നിന്ന് നിന്നും ചെന്നെയിലേക്കെത്താൻ സാധിക്കുമെന്നതാണ് കോറമാൻഡൽ എക്സ്പ്രസിന്റെ പ്രധാന ആകർഷണം. വെള്ളിയാഴ്ച്ച വൈകിട്ട് 3.30-ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വൻദുരന്തം സംഭവിക്കുന്നത്.

ഇത്രയും ശക്തമായ സിഗ്നലിംഗ് സംവിധാനമുണ്ടായിട്ടും അപകടം എങ്ങനെ സംഭവിച്ചു എന്നതാണ് സംശയം. സിഗ്‌നലിംഗ് സംവിധാനം പാളിയത് ദുരന്തത്തിന്റെ വ്യാപ്തി ഉയർത്തുകയും ചെയ്‌തു. ട്രെയിനുകൾ കൂട്ടിയിടിച്ച സംഭവത്തിൽ റൂട്ടിൽ ആന്റി ട്രെയിൻ കൊളീഷൻ സംവിധാനം 'കവച്' ലഭ്യമല്ലെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് അമിതാഭ് ശർമ്മ പറഞ്ഞു. നിലവിൽ റെയിൽവേ അതിന്റെ ശൃംഖലയിലുടനീളം ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്.
ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യം 68,043 കിലോമീറ്ററാണ് എന്നാല്‍ ഇതില്‍ 1,445 കിലോമീറ്ററിൽ മാത്രമാണ് കവച് സിസ്റ്റം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. തീവണ്ടികൾ തമ്മിലുള്ള കൂട്ടയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം എന്നാണ് ഇതിന്റെ പൂർണ രൂപം. ഒഡീഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിലെ പാളിച്ചകളാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

റെയിൽവേ സിഗ്നൽ സംവിധാനം: ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.
തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഇന്ന് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽഇഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.

പക്ഷേ എല്‍ഇഡി സിഗ്‌നലുകൾ എല്ലായിടത്തും പ്രാവർത്തികവുമായിട്ടില്ല. ട്രെയിനുകളുടെ അമിത വേഗത മൂലം ഉണ്ടാകുന്ന അപകടങ്ങൾ, സിഗ്നലുകളുടെ തകരാര്‍, എന്നിവ പരിഹരിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP) സംവിധാനങ്ങളിലേക്ക് നീങ്ങാനുള്ള പദ്ധതിയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം, ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം എന്നിവയിയുടെ പ്രവര്‍ത്തനങ്ങളാണ് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷനിലേക്ക് മാറുന്നത്.
ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റത്തിന്‍റെ സാങ്കേതികവിദ്യ പ്രധാനമായും ജിപിഎസ് ഡാറ്റയെ ആശ്രയിച്ചാണിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ സിഗ്നലിംഗ് പൂര്‍ണമായും മാറുമെന്നായിരുന്നു 2020-ലുള്ള പ്രഖ്യാപനം. ഇന്ത്യയുടെ 50 ശതമാനത്തിലധികം റെയിൽവേ ട്രാക്കുകൾക്ക് 2025 ഓടെ നവീകരിച്ച സിഗ്നലിംഗ് സംവിധാനം ലഭിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഈ പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഒഡീഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തങ്ങൾ പോലുള്ളവ ഭാവിയിൽ തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








