മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്, കേരളാ പൊലീസിനെ ഞെട്ടിച്ച് ഓല ഇലക്‌ട്രിക്
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയ്ക്ക് മൈലേജായവരാണ് ഓല. രണ്ട് പുതുപുത്തൻ സ്‌കൂട്ടറുകളിലൂടെ ചരിത്രം തീർത്ത ഈ സ്റ്റാർട്ടപ്പ് കമ്പനി നിലവിൽ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉടമകൾ കൂടിയാണെന്ന് നെഞ്ചുവിരിച്ച് പറയാം. ആദ്യകാലത്ത് കുറച്ച് പേരുദോഷമൊക്കെ കേൾപ്പിച്ചുവെങ്കിലും പിന്നീട് ഓലയെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു.
ഇലക്‌ട്രിക് വാഹനങ്ങൾ പതിയെ നിരത്തുകൾ വാഴാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദീർഘദൂര യാത്രകൾക്ക് ഇവ പോരാ എന്നൊരു കേട്ടുകേൾവി നമുക്കിടയിലുണ്ട്. അതിന്റെ കാരണം റേഞ്ച് ഉത്കണ്ഠകളും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളുമാണ്. ഇവികളിൽ പൊതുവേ ആരും ദീർഘദൂര യാത്രകൾക്ക് മുതാരാറില്ല. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായ പല ചുവടുവെപ്പുകളും അടുത്തകാലത്തായി നാം കാണാറുണ്ട്. അടുത്തിടെ കാശ്‌മീർ മുതൽ കന്യാകുമാരി വരെ പര്യടനം നടത്തി ടാറ്റ നെക്സോണും വാർത്തകളിൽ നിറഞ്ഞിരുന്നു.

ദേ ഇപ്പോൾ ഓല ഇലട്രിക് സ്‌കൂട്ടറിൽ മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര നടത്തി ട്രെൻഡ് സെറ്ററായിരിക്കുകയാണ് ഒരു വ്ലോഗൾ. വാഹനം പരിശോധിക്കാൻ കേരള പൊലീസ് S1 പ്രോ ഇലക്ട്രിക് സ്കൂട്ടർ റൈഡറെ തടഞ്ഞുനിർത്തുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. ആർവി മീഡിയയാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. സംഭവം പെറ്റിയടിക്കാൻ പിടിച്ചു നിർത്തിയതൊന്നുമല്ല കേട്ടോ... സ്‌കൂട്ടറിൽ തോന്നിയ കൗതുകം കാരണമാണ് പൊലീസ് വണ്ടി പരിശോധിച്ചത്.
കർണാടകയിലെ ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലൂടെയാണ് ഇവി ഉടമ സവാരി ചെയ്‌തു വന്നത്. കൂടുതലും ഹൈവേകളാണ് യാത്രക്കായി തെരഞ്ഞെടുത്തത്. കൂടാതെ റേഞ്ചുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സ്ഥിരമായ വേഗത നിലനിർത്തുകയും ചെയ്തു. പിന്നീട് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ബൈക്ക് റൈഡർമാരുടെ സ്വപ്ന വീധികളിലൂടെയാണ് ഓല ഇലക്‌ട്രിക് സ്‌കൂട്ടറിൽ റൈഡർ കടന്നുപോന്നത്. പ്രശ്‌നങ്ങളൊന്നും കൂടാതെ മൈസൂരുവിൽ നിന്നും ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം.
ചെക്ക്പോസ്റ്റ് കടന്ന് രണ്ട് കിലോമീറ്റർ എത്തിയ ശേഷം ഒരു പൊലീസുകാരൻ ഓല ഇലക്ട്രിക് സ്കൂട്ടർ റൈഡറെ കൈകാണിച്ച് നിർത്തുന്നത് വീഡിയോയിൽ കാണാം. ക്യാമറ ഘടിപ്പിച്ച സ്‌കൂട്ടർ ഓടിക്കുന്നത് സംസ്ഥാനത്ത് നിയമവിരുദ്ധമായതിനാൽ തന്റെ ശരീരത്തിൽ ഗോ പ്രോ ഘടിപ്പിച്ചതിനെക്കുറിച്ച് റൈഡർ ആദ്യം ആശങ്കാകുലനായിരുന്നു. എന്നാൽ പേടിച്ചപോലെയൊന്നുമല്ലായിരുന്നു സംഭവം. ഏതെങ്കിലും മദ്യമോ മറ്റേതെങ്കിലും നിയമവിരുദ്ധമായ വസ്തുക്കളോ കൊണ്ടുപോകുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് വാഹനം ശരിക്കും നിർത്തിപ്പിച്ചത്.
എന്നാൽ മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയാണെന്ന് മനസിലാക്കിയപ്പോൾ സ്‌കൂട്ടറിനെ കുറിച്ച് കൂടുതൽ ചോദിക്കാൻ തുടങ്ങി. ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഒരാൾ ഇങ്ങനെ റോഡ് യാത്ര ചെയ്യുന്നത് കണ്ട് അവർ ശരിക്കും അമ്പരന്നിരിക്കാം. അത് വഴിയെ പറയുന്നുമുണ്ടേ. മുഴുവനായി ചാർജ് ചെയ്താൽ ലഭിക്കുന്ന റൈഡിംഗ് റേഞ്ചിനെക്കുറിച്ച് പൊലീസുകാരിൽ ഒരാൾ ചോദിച്ചറിയുന്നുണ്ട്. പൂർണമായി ചാർജ് ചെയ്തപ്പോൾ സ്കൂട്ടർ 150 കിലോമീറ്റർ പിന്നിട്ടെന്ന് അറിഞ്ഞപ്പോൾ അതിലൊരു ഉദ്യോഗസ്ഥൻ അത്ഭുതപ്പെട്ടു.

മറ്റ് രണ്ട് പൊലീസുകാർ റൈഡറുടെ അടുത്ത് വന്ന് സ്കൂട്ടറിനെ കുറിച്ച് കൂടുതൽ ചോദിച്ചു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് വീഡിയോകൾ പ്ലേ ചെയ്യാൻ കഴിയുമോ എന്ന് പോലുമുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. സ്കൂട്ടറിനൊപ്പം ഇൻബിൽറ്റായി വരുന്ന സ്പീക്കറുകളിലൂടെ ഒരു മ്യൂസിക്കും പ്ലേ ചെയ്തത് പൊലീസുകാരെ ഓല ഇലക്ട്രിക് സ്‌കൂട്ടർ റൈഡർ ഞെട്ടിക്കുന്നുണ്ട്. ഓല സ്‌കൂട്ടർ നൽകുന്ന ചാർജറും ബൂട്ട് സ്‌പേസും വരെ അവർ പരിശോധിക്കുകയുണ്ടായി.
ഇതിനുശേഷം റൈഡറെ യാത്ര തുടരാൻ പൊലീസുകാർ അനുവദിക്കുകയും ചെയ്‌തു. മൊത്തത്തിൽ അവർക്ക് സ്കൂട്ടറിൽ മതിപ്പുളവാക്കിയെന്ന് സാരം. ഇന്നത്തെ കാലത്തെ പെട്രോളിന്റെ ഉയർന്ന വിലയും മറ്റ് ഉയർന്ന ജീവിത ചെലവുകളും നോക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ ശരിക്കും അർഥവത്താണ്. പെട്രോൾ അടിക്കുന്ന തുക ദിനംപ്രതി പോക്കറ്റിൽ കിടക്കുന്നത് ചില്ലറ കാര്യമൊന്നുമല്ലല്ലോ... അതിനാൽ ഇവികളെ കുറിച്ചുള്ള അവബോധം കൂടുതൽ ആളുകളിലേക്ക് എത്തുന്നതോടെ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറിയേക്കാം.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ഓല S1 പ്രോ. 1,29,999 രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നതെങ്കിലും ഒറ്റത്തവണ ചാർജ് ചെയ്താൽ IDC സാക്ഷ്യപ്പെടുത്തിയ 181 കിലോമീറ്റർ റേഞ്ച് വരെ വാഹനം നൽകുമെന്നതാണ് പ്രത്യേകത. 4 kWh ബാറ്ററി പായ്ക്ക് സ്റ്റാൻഡേർഡായി ഒരുക്കിയിരിക്കുമ്പോൾ 8.5 kW ഇലക്ട്രിക് മോട്ടോർ ആണ് ഇതിന് തുടിപ്പേകുന്നത്.


Click it and Unblock the Notifications








