മാജിക് മൊമന്റ് കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടായിരുന്നല്ലേ... ചർച്ചയായി ഫോർച്യൂണറിൽ വോഡ്‌ക ഒഴിക്കുന്ന വീഡിയോ
യാത്ര പോവാൻ ഇഷ്‌ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? പ്രായമാവുമ്പോൾ നമ്മുടെ പഴയ കമ്പനിക്കാരെല്ലാമായി ഒരു ലോംഗ് ട്രിപ്പ് (Long Trip) പോണമെന്ന് പ്ലാനുള്ളവരെല്ലാം കാണുമല്ലോ. അത് ഇഷ്‌ടപ്പെട്ട നല്ലൊരു കാറിലാണെങ്കിൽ സംഗതി കളറാവും. ഇപ്പോൾ പ്രായമായൊരു അപ്പൂപ്പൻ ഗ്രൂപ്പ് ടൂർ പോയ വീഡിയോയാണ് വൈറലായിരിക്കുന്നത്. യാത്ര പോയതു കൊണ്ടല്ല കേട്ടോ, അവർ കാണിച്ചു തന്നൊരു ട്രിക്കാണ് ഇന്റർനെറ്റിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. കാറും ആൽക്കഹോളും ഒരിക്കലും ചേരില്ലാത്ത രണ്ട് വിഷയങ്ങളാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതെല്ലാം വലിയ തെറ്റാണെന്ന് വണ്ടിയോടിക്കാത്തവർക്ക് വരെ അറിയാം.
എന്നാൽ കാറിൽ മദ്യം കലർത്തുന്ന വീഡിയോയാണ് ഇവിടുത്തെ സംസാര വിഷയം. പക്ഷേ അതെന്തിനാണെന്ന് അറിഞ്ഞാൽ പലരുടേയും കിളി പോയേക്കും. വണ്ടിഭ്രാന്തൻമാർക്ക് പോലും ചിലപ്പോൾ ഇതൊന്നും നേരത്തെ അറിയാൻ വയ്യാത്ത രഹസ്യമായിരിക്കും. ഈ ഹ്രസ്വ വീഡിയോയിൽ രണ്ട് പ്രായം ചെന്ന അപ്പൂപ്പൻമാർ ടൊയോട്ട ഫോർച്യൂണറിലേക്ക് വോഡ്‌ക ഒഴിക്കുന്നത് കാണാം, ഇതിന് പിന്നിലെ കാരണമാണ് നമ്മളെ അത്ഭുതപ്പെടുത്തിയേക്കാൻ പോവുന്നത്.

ദലിംസ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈയൊരു വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണറിന് മുന്നിൽ ബോണറ്റ് തുറന്ന് നിൽക്കുന്ന രണ്ട് സീനിയർ സിറ്റിസൺമാരെ കണ്ടല്ലോ അല്ലേ എല്ലാവരും. അവരുടെ കയ്യിലെ മാജിക് മോമന്റ്സിന്റെ വോഡ്ക കുപ്പിയായിരിക്കും ഇക്കൂട്ടത്തിൽ പലരും ആദ്യം ശ്രദ്ധിച്ചിട്ടുണ്ടാവുക. മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് വീഡിയോയിൽ അമ്മാവൻമാർ സൂചിപ്പിക്കാനും മറന്നിട്ടില്ല കേട്ടോ.
ഇതിനുശേഷം നീല ടി-ഷർട്ട് ധരിച്ചയാൾ കുപ്പിയിൽ നിന്ന് വിൻഡ്ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് റിസർവോയറിലേക്ക് വോഡ്ക ഒഴിക്കുന്നത് കാണാം. തണുത്ത കാലവസ്ഥയിൽ പോലും ഫോർച്യൂണറിലെ വൈപ്പർ മികച്ച രീതിയിൽ പ്രവർത്തിക്കാനാണ് തങ്ങൾ ഇത് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഈ ടാസ്‌ക്കിനായി അവർ മാജിക് മൊമെൻ്റ്‌സ് വോഡ്കയാണ് ഉപയോഗിക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. ഇനി എന്തിനാവാം ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിക്കുന്നവരായിരിക്കും അധികവും.

മദ്യത്തിന് മൈനസ് 114 ഡിഗ്രി സെൽഷ്യസിൽ വരെ പ്രവർത്തിക്കാനാവുമെന്നാണ് പറയുന്നത്. വിൻഡ്ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് റിസർവോയറിലെ വെള്ളവുമായി കലർത്തുന്നത് വെള്ളം ഐസാവുന്നത് ഒഴിവാക്കാൻ സഹായിക്കും. താഴ്ന്ന ഫ്രീസിങ് പോയിൻ്റ് ലിക്വിഡ് റിസർവോയറിൽ ചേർത്തിട്ടില്ലെങ്കിൽ, ശീതീകരിച്ച വെള്ളം, വലുപ്പത്തിൽ വികസിക്കുന്നതിനാൽ, മുഴുവൻ റിസർവോയറും തകർക്കാൻ സാധ്യതയുണ്ട്, ഇത് അസൌകര്യം ഉണ്ടാക്കുന്നു.
വെള്ളത്തിനൊപ്പം ഇങ്ങനെ ചെയ്‌തില്ലെങ്കിൽ വൈപ്പർ ഫ്ലൂയിഡ് റിസർവോയറിലെ വെള്ളം ഐസായി കട്ടപിടിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും കാരണവശാൽ വിൻഡ്ഷീൽഡ് വൃത്തിയാക്കേണ്ട അവസ്ഥ വന്നാൽ തണുപ്പുള്ളിടത്ത് വെള്ളം കട്ടയായേക്കും. റിസർവോയറിൽ മദ്യം ചേർക്കുന്നത് നല്ല ആശയമാണെങ്കിലും അതിൽ വോഡ്ക ചേർക്കുന്നത് അഭികാമ്യമല്ല കേട്ടോ. അതിന്റെ കാരണം വോഡ്കയിൽ 40 ശതമാനം എത്തനോൾ മാത്രമേ ഉള്ളൂ എന്നതിനാലാണിത്.

അതിനാൽ ഇത് റിസർവോയറിലെ വെള്ളവുമായി കലർത്തുന്നത് കൂടുതൽ നേർപ്പിക്കുകയും അതിൻ്റെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. വോഡ്ക ഉപയോഗിക്കുന്നതിന് മറ്റ് ദോഷങ്ങളുമുണ്ടേ. ആദ്യത്തേത് പോക്കറ്റ് കീറും എന്നതാണ്. ഈ ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഓട്ടോമോട്ടീവ്-ഗ്രേഡ് ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വോഡ്ക ചെലവേറിയതാണ്. അതോടൊപ്പം തന്നെ ശരിയായ വിൻഡ്ഷീൽഡ് വൈപ്പർ ദ്രാവകത്തിൽ ഉള്ള ക്ലീനിംഗ് ഘടകങ്ങളൊന്നും വോഡ്കയിൽ അടങ്ങിയിട്ടില്ല.
അതിനാൽ ഇത് പതിവായി ഉപയോഗിക്കുന്നത് കാറിലെ വിൻഡ്ഷീൽഡിന് കേടുവരുത്തും. ഫ്രീസിങ് താപനിലയിൽ അതായത് ഹിമാലയം പോലുള്ള സ്ഥലങ്ങളിലേക്ക് നിങ്ങൾ യാത്ര ചെയ്യുന്നവരാണെങ്കിൽ വാണിജ്യ നിലവാരത്തിലുള്ള വിൻഡ്ഷീൽഡ് വൈപ്പർ ലിക്വിഡുകൾ വാങ്ങി ഉപയോഗിക്കുന്നതാവും ഉചിതം. മൈനസ് 50 ഡിഗ്രി സെൽഷ്യസിൽ പോലും കട്ടപിടിക്കാത്ത നിരവധി ലിക്വിഡുകൾ വിപണിയിലുണ്ട്.
നിരവധി നെറ്റിസൺമാരാണ് അമ്മാവൻമാരുടെ ഈ വീഡിയോയോട് രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിൻഡ്ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് റിസർവോയറിൽ വോഡ്ക ഒഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മാജിക് മൊമന്റ് വെറും പാഴായിപ്പോകുമെന്നുമാണ് പലരുടേയും അഭിപ്രായം. പകരം ഐസോപ്രോപൈൽ ആൽക്കഹോൾ ഉപയോഗിക്കണമായിരുന്നുവെന്നും അവർ എടുത്തുപറയുന്നുണ്ട്. എന്തായാലും സംഗതി ഇന്റർനെറ്റ് ലോകത്ത് ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications








