ഇതുകണ്ടാൽ മാരുതി വരെ അന്തംവിടും, പഴഞ്ചൻ 800 കാറിന്റെ ഞെട്ടിക്കുന്ന രൂപമാറ്റം ഹിറ്റ്
ഇന്ത്യൻ വാഹന വിപണിയുടെ സുപ്രധാന നാഴികക്കല്ലാണ് മാരുതി സുസുക്കിയും അവര് രൂപംകൊടുത്ത 800 ഹാച്ച്ബാക്കും. ഹിന്ദുസ്ഥാൻ അംബാസിഡറും പ്രീമിയർ പദ്‌മിനിയും പോലുള്ള സെഡാൻ മോഡുകൾ മാത്രം കണ്ടുപരിചയിച്ച ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്‌നത്തെ പൊളിച്ചെഴുതികൊണ്ടാണ് 1983-ൽ മാരുതി 800 പിറവിയെടുക്കുന്നത്. ഇന്നും നിരത്തുകളിൽ ഓടിത്തിമിർക്കുന്ന വാഹനത്തെ യുവതലമുറയുടെ വരെ ഹരമാണ്.
ഇന്നത്തെ തലമുറയിൽ പെട്ടവർ പോലും ഡ്രൈവിംഗ് പഠിച്ചത് മാരുതിയുടെ ഈ കാറിലായിരിക്കും. ഇതുമാത്രമല്ല, ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങൾക്കിടയിൽ കാറുകളെ ജനപ്രിയമാക്കിയ വാഹനവും ഈ 800 സിസി കാറാണെന്ന് വേണം വിശേഷിപ്പിക്കാൻ. ഇന്ത്യയിൽ വിറ്റ ആദ്യത്തെ SS80 പോലും മാരുതി കമ്പനി തിരികെ വാങ്ങിയതും ചരിത്രത്തിലെ പ്രധാന സംഭവമാണ്. പുതിയത് വാങ്ങാനാവില്ലെങ്കിലും യൂസ്‌ഡ് കാർ വിപണിയിൽ ഇന്നും ഈ എൻട്രി ലെവൽ വാഹനം വാങ്ങാൻ ആളുണ്ട്.

ആദ്യ കാർ വാങ്ങുന്നവരോ അല്ലെങ്കിൽ ഡ്രൈവിംഗ് പഠിച്ച് കൈതെളിയാനായോ വാങ്ങുന്നത് 800 തന്നെയാണ്. പിന്നെ ഏത് മാരുതി കാറും മോഡിഫൈ ചെയ്‌താൽ വേറെ ലെവലാണെന്ന് അറിയാമല്ലോ. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ മിടുക്കൻ വണ്ടിപണിക്കാരും ഉള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. വാഹന മോഡിഫിക്കേഷന്റെ കാര്യത്തിൽ ഇന്ത്യയിലെ ടോക്കിയോയായാണ് കേരളത്തെ വിശേഷിപ്പിക്കുന്നതു തന്നെ. ഈ വിളിപ്പേര് ശരിക്കും അർഥവത്താക്കുന്ന സംഭവമാണ് ഇന്റർനൈറ്റിലെ വൈറൽ കണ്ടന്റ്.
പൊടിപിടിച്ചു കിടന്ന ഒരു 1986 മോഡൽ മാരുതി 800 ഹാച്ചിനെ അതിന്റെ ഒറിജിനൽ രൂപത്തിലേക്ക് പുനസ്ഥാപിച്ചതാണ് സംഭവം. ഈ മാറ്റം കണ്ടാൽ മാരുതി വരെ അന്തംവിടുമെന്ന് ഉറപ്പാണ്. റീസ്റ്റോറേഷൻ, കസ്റ്റമൈസേഷൻ, റിപ്പയർ വർക്കുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള വർക്ക് ഷോപ്പായ ഓൺ റോഡ് ബോഡിഷോപ്പാണ് കാറിനെ കുറിച്ചുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയ രൂപത്തിലേക്ക് എത്തുന്നതിനു മുമ്പുള്ള കാറിന്റെ അവസ്ഥ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

37 വർഷം പഴക്കമുള്ള ഒരു കാറിന് എങ്ങനെ അടിപൊളിയാക്കാമെന്നാണ് ബാക്കി വീഡിയോ കാണിച്ചു തരുന്നത്. കാറിന്റെ യഥാർഥ ബ്രൗൺ ബോഡി പെയിന്റിന് പകരം ഇത്തവണ ചുവപ്പിലേക്കാണ് പുതുക്കിയെടുക്കുന്നത്. പഴയ നിറത്തിൽ കാര്യമായ കേടുപാടുകളൊന്നും വണ്ടിക്ക് സംഭവിച്ചിട്ടില്ലെന്നും വീഡിയോയിലൂടെ വ്യക്തമാണ്. എങ്കിലും, പല പാനലുകളിലും തുരുമ്പ് കയറാൻ തുടങ്ങിയിരിക്കുന്നതിനാലാണ് പുത്തൻ കളർ ഓപ്ഷൻ തെരഞ്ഞെടുക്കാൻ കാരണമായിരിക്കുന്നത്.
ഇത്തരം പഴയ കാറുകളിൽ റീസ്റ്റോർ ചെയ്യുമ്പോൾ മിക്ക വർക്ക്ഷോപ്പുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തുരുമ്പ്. ഈ മോഡലുകൾ ഇപ്പോൾ നിർമിക്കിന്നില്ലാത്തതിനാൽ പല പാർട്‌സുകളും ലഭ്യമാക്കുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ മറ്റ് പൊളിച്ചുകൊടുക്കുന്ന കാറുകളിൽ നിന്നും പാർട്‌സുകൾ കണ്ടെത്തുക, അല്ലെങ്കിൽ പാച്ച് വർക്കുകൾ നടത്തുക എന്നതാവും ഏക മാർഗം.

മാരുതി കാറായതിനാൽ പാർട്‌സുകൾ കിട്ടുക അത്ര പ്രശ്‌നമുള്ള കാര്യമല്ലെന്ന് അറിയാമല്ലോ. ഈ റീസ്റ്റോറേഷന് വിധേയമാക്കിയ 1986 മോഡൽ 800-ന്റെ രണ്ട് ബംബറുകളും ശരിക്കും കാലപ്പഴക്കം ചെന്നതിനാൽ ഇവ രണ്ടും പുതിയത് വാങ്ങി ഫിറ്റ് ചെയ്യുകയായിരുന്നു. ടേൺ ഇൻഡിക്കേറ്ററുകൾ, ഫോഗ് ലാമ്പുകൾ എന്നിവയും മാറ്റി സ്ഥാപിച്ചതായി വീഡിയോയിൽ പറയുന്നു. എന്തായാലും പുതിയ നിറത്തോട് ഇവയെല്ലാം അടിപൊളിയായി യോജിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
പുതിയ രൂപത്തിലേക്ക് മാറാതെ കൾട്ട് ക്ലാസിക് കാറായി തോന്നാൻ അലോയ് വീലുകൾക്ക് പകരം സ്റ്റോക്ക് സ്റ്റീൽ റിമുകൾ നിലനിർത്തി വീണ്ടും പെയിന്റ് ചെയ്യുകയുണ്ടായി. പുതിയ ടയറുകളും ഉപയോഗിച്ചിട്ടുണ്ട്. നിത്യോപയോഗം അനുവദിക്കുന്ന രീതിയിൽ കാർ പുനഃസ്ഥാപിക്കണമെന്നായിരുന്നു ഉടമയുടെ ആവശ്യമെന്ന് വീഡിയോയിൽ പറയുന്നു. അത് കൃത്യമായി ചെയ്‌തിട്ടുണ്ടെന്ന് വണ്ടി കണ്ടാൽ മനസിലാക്കാം.

ഇനി അകത്തേക്ക് കയറിലാലും സ്റ്റോക്ക് കണ്ടീഷനിലാണ് മാരുതി 800 പണിതിറക്കിയിരിക്കുന്നത്. വണ്ടിഭ്രാന്തൻമാർക്കെല്ലാം അറിയാവുന്നതു പോലെ അറിയാവുന്നതുപോലെ കാറിന്റെ പഴയ പതിപ്പുകൾ എസി, പവർ സ്റ്റിയറിംഗ് അല്ലെങ്കിൽ മറ്റ് ഫീച്ചറുകളൊന്നും നൽകിയിട്ടില്ല. പവർ സ്റ്റിയറിംഗ് സ്ഥാപിച്ച് ഉപഭോക്താവിന്റെ ആഗ്രഹം നിറവേറ്റാൻ വർക്ക്ഷോപ്പ് തയാറായിട്ടുണ്ട്. കൂടാതെ എസിയും നൽകി ഇന്റീരിയർ പരിഷ്ക്കരിച്ചിട്ടുണ്ട്.
ഡാഷ്‌ബോർഡ് മാറ്റി, പകരം മാരുതി 800-ന്റെ പിന്നീടുള്ള തലമുറ ആവർത്തനങ്ങളിൽ നിന്നുള്ള യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം യാത്രകൾക്ക് മധുരമേകാനായി പുതിയൊരു മ്യൂസിക് സിസ്റ്റവും വാഹനത്തിൽ കയറിക്കൂടിയിട്ടുണ്ട്. കാറിന്റെ ഫ്ലോറും അടിവശം ആന്റി-റസ്റ്റ് കോട്ടിംഗും നൽകി. സീറ്റുകളും പുതിയതാണ്. സേഫ്റ്റി പ്രധാനമായതിനാൽ തന്നെ ഈ കാറിൽ സെൻട്രൽ ലോക്കിംഗും സ്ഥാപിച്ചിട്ടുണ്ട്.
ഈ കാർ പൂർണമായും പുനഃസ്ഥാപിക്കുന്നതിനൊപ്പം ദൈനംദിന ഉപയോഗത്തിന് കൂടുതൽ അനുയോജ്യമാക്കുകയും ചെയ്തുവെന്ന് പറയുന്നതാവും ഉത്തമം. എന്തായാലും ഇത്രയും പഴയൊരു കാർ ഇത്ര മനോഹരമായി റീസ്റ്റോറേഷൻ ചെയ്യണമെങ്കിൽ അത് കൈയടി അർഹിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഇനിയാരെങ്കിലും പുതിയ കാർ വാങ്ങുമോ എന്നു പോലും നാം സംശയിച്ചു പോവും. ആധുനിക കാറുകളോടൊപ്പം നമ്മുടെ നിരത്തുകളിൽ ഇത്തരം ക്ലാസിക് കാറുകളും ഓടിത്തിമിർക്കട്ടേ...!


Click it and Unblock the Notifications








