ഓവർ ഓവർ! ഇന്ത്യയിൽ 'കത്തി'വിലയുള്ള കാറുകൾ ഇതാ
ഇന്ത്യയിൽ ഒരു കാറിന്റെ വിജയത്തെ നിർണയിക്കുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് അതിന്റെ വില (Price). മാത്രമല്ല കുറച്ചു വർഷങ്ങളായി വാഹന വിലയിൽ അടിക്കടിയുണ്ടാവുന്ന വർധനവ് ഉപഭോക്താക്കൾക്ക് വലിയ തലവേദന സൃഷ്‌ടിക്കാറുണ്ട്. ബുക്ക് ചെയ്‌ത വിലയായിരിക്കില്ല ചിലപ്പോൾ ഡെലിവറിയെടുക്കുമ്പോൾ എന്നതാണ് രസകരമായ കാര്യം.
കൊവിഡ് മഹാമാരിയുടെ നിഴലിൽ നിന്ന് ഉയരുന്ന ഇന്ത്യൻ വാഹന വിപണി വളരെ മത്സരാത്മകമായി മാറിയിരിക്കുകയാണിപ്പോൾ. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ തുടങ്ങിയ ഇന്ത്യയിലെ കാർ നിർമാതാക്കൾ തമ്മിലുള്ള മത്സരവും കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ തീവ്രമാണ്. അടിപൊളി മോഡലുകൾ പുറത്തിറക്കുന്നതിൽ ഇവരെല്ലാം ഒന്നിനൊന്ന് മുന്നിട്ടുനിൽക്കുകയാണ്. പുതിയ മലിനീകരണ മാനദണ്ഡങ്ങളും സ്‌ക്രാപ്പേജ് നയവും വരുന്നതോടെ മത്സരം കൂടുതൽ രൂക്ഷമാവുകയും ചെയ്യും.

ഇതിന്റെയെല്ലാം ഫലമായി ചെറിയ ഡീസൽ കാറുകളെല്ലാം ഏറെക്കുറെ അപ്രത്യക്ഷമായതിനും നാം സാക്ഷ്യംവഹിച്ചു. എക്കാലത്തെയും ജനപ്രിയമായ സബ്-4 മീറ്റർ സെഡാൻ വിപണിയും പതിയെ തകർന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം എസ്‌യുവി മോഡലുകളുടെ അമിതമായ തള്ളിക്കയറ്റമാണ്. എല്ലാ സെഗ്മെന്റുകളും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ആധിപത്യത്താൽ കീഴടങ്ങികൊണ്ടിരിക്കുകയാണ്. വരുന്ന നാളുകൾ ഇത്തരം വലിയ വാഹനങ്ങളുടേതാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എല്ലാ വിഭാഗത്തിലും ഇപ്പോൾ ധാരാളം ഓപ്ഷനുകൾ ഉണ്ടെങ്കിലും മുടക്കുന്ന പണത്തിന് വലിയ മൂല്യം നൽകുന്നവ വിരവിൽ എണ്ണാവുന്നവ മാത്രമാണ്. പക്ഷേ ഇന്ത്യയിൽ ഓവർ പ്രൈസ്‌ഡ് അഥവാ കത്തിവിലയുള്ള ചില ജനപ്രിയ കാറുകളുണ്ട്. അതായത് അർഹിക്കുന്ന വിലയിലും കൂടുതൽ മുടക്കിയാൽ മാത്രമേ ഇവ സ്വന്തമാക്കാനാവൂവെന്ന് സാരം. അത്തരത്തിൽ വിപണിയിൽ കത്തി വിലയെന്ന് തോന്നിയേക്കാവുന്ന ചില വാഹനങ്ങളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?

ഹോണ്ട സിറ്റി: ഇന്ത്യയിലെ ഇതിഹാസ കാറുകളുടെ പട്ടികയിൽ ഇടംപിടിക്കുന്നൊരു വാഹനമാണ് ഹോണ്ട സിറ്റി. ഒരു സ്റ്റാറ്റസ് സിമ്പൽ പോലെ കൊണ്ടുനടക്കുന്ന വണ്ടിക്ക് വിലയൽപം കൂടുതലാണെന്ന് പറഞ്ഞാൽ തർക്കിക്കാൻ ഒരുപാടാളുകൾ മുന്നോട്ടുവന്നേക്കാം. ഹോണ്ടയുടെ എഞ്ചിനീയറിംഗും വിശ്വാസീയതയും മോടിയും എല്ലാം കാറിനെ വേറെ ലെവലാക്കുന്നുണ്ട്. പക്ഷേ വിലയുടെ കാര്യം വരുമ്പോൾ ആളിച്ചിരി ഓവർ ആണെന്ന് പറയാതെ തരമില്ല.
അഞ്ചാം തലമുറയിലുള്ള സിറ്റിക്ക് നിലവിൽ 11.49 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതായത് ഓൺ-റോഡ് ഇറങ്ങുമ്പോൾ 12 ലക്ഷത്തിന് മുകളിൽ പോവുമെന്ന് ഉറപ്പ്. ഈ വിലയ്ക്ക് വിപണിയിൽ മറ്റ് അനേകം എസ്‌യുവികൾ ഉൾപ്പെടെ ലഭിക്കും. എന്തിന് സെഗ്മെന്റിലെ പ്രധാന എതിരാളിയായ ഏറ്റവും പുതിയ ഹ്യുണ്ടായി വെർണയ്ക്ക് വരെ 10.90 ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. ആയതിനാൽ വിലയുടെ കാര്യത്തിൽ ഹോണ്ട സിറ്റി കത്തിയാണെന്ന് പറയാതെ തരമില്ല.

മഹീന്ദ്ര ബൊലേറെ നിയോ: TUV300 മുഖംമിനുക്കി എത്തിയതോടെ പുതിയ പേരിലാണ് അറിയപ്പെടാൻ തുടങ്ങിയത്. ബൊലേറോയുടെ മനോഹാരിത കൊണ്ടുവരാൻ ആധുനികവും എന്നാൽ പരമ്പരാഗതവുമായ എസ്‌യുവിയുടെ പേര് മാറ്റുകയായിരുന്നു. രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവി നിരയിലേക്ക് എത്തുമ്പോൾ ടാറ്റ നെക്സോൺ, മാരുതി ബ്രെസ പോലുള്ള ജനപ്രിയ മോഡലുകളുമായി ഏറ്റുമുട്ടാനുള്ള വിലയായിരുന്നില്ല കമ്പനി ഇതിന് സമ്മാനിച്ചിരുന്നത്.
9.63 മുതൽ 12.14 ലക്ഷം രൂപ വരെയാണ് ബൊലേറോ നിയോയുടെ എക്‌സ്ഷോറൂം വില. ടാറ്റ നെക്‌സോണും ഹ്യുണ്ടായി ക്രെറ്റയും പോലുള്ളവയാണ് ഈ വില ശ്രേണിയിൽ ആധിപത്യം പുലർത്തുന്നത്. ആയതിനാൽ ഈ വിലയ്ക്ക് മഹീന്ദ്ര ബൊലേറെ നിയോ വാങ്ങാൻ അധികം ആളുകൾ എത്തുന്നില്ല. വില അൽപം കുറച്ചിരുന്നെങ്കിൽ ഇതങ്ങ് വാങ്ങിയേക്കാമായിരുന്നു എന്നു കരുതുന്നവരും നമുക്കിടയിലുണ്ട്.

സിട്രൺ C5 എയർക്രോസ്: ഇന്ത്യയിലെ ഓവർ പ്രൈസ്‌ഡ് കാറുകളുടെ മുഖമാണ് C5 എയർക്രോസ് എന്നു വേണം പറയാൻ. കിടിലൻ എസ്‌യുവിയാണെങ്കിലും വില നിർണയത്തിന്റെ കാര്യത്തിൽ പാളിപ്പോയത് നിരാശാജനകമാണ്. ഇതിന് 37.17 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. എല്ലാത്തരം സാങ്കേതിക സവിശേഷതകളും ഫീച്ചറുകളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന വിലയെ ന്യായീകരിക്കാൻ സിട്രണിന് സാധിക്കുന്നില്ല.
ടൊയോട്ട ഹൈലക്‌സ്: ഇന്ത്യയിൽ എത്തുന്നുവെന്ന് കേട്ടപ്പോഴേക്കും പലരും സ്വന്തമാക്കണമെന്ന് മനസിൽ കുറിച്ച മോഡലാണിത്. പക്ഷേ വിലയുടെ കാര്യത്തിലേക്ക് അടുത്തപ്പോൾ പലരും നിരാശരായി. ടൊയോട്ട ഇന്ത്യൻ വിപണിയിൽ ഹൈലക്‌സ് അവതരിപ്പിക്കുന്നത് വളരെ വൈകിയാണ്. ഈ സമയം ഇസൂസു ഡി-മാക്‌സ് വി-ക്രോസ് കുറഞ്ഞ വിലയിൽ രാജ്യം വെട്ടിപ്പിടിക്കുകയും ചെയ്‌തു.
ടൊയോട്ട ഹൈലക്‌സിന് 30.40 മുതൽ 37.90 ലക്ഷം രൂപ വരെ വിലയിട്ടപ്പോൾ ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് 22 മുതൽ 27 ലക്ഷം രൂപ വരെ മാത്രമാണ് മുടക്കേണ്ടി വരുന്നത്. ഇത് ടൊയോട്ടയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഹൈലക്‌സ് വാങ്ങാമെന്ന് വിചാരിച്ചാൽ അപ്പോഴായിരിക്കും ഡി-മാക്‌സ് വാങ്ങിയാൽ പോക്കറ്റിൽ കിടക്കുന്ന ലക്ഷക്കണക്കിന് പൈസയുടെ പ്രായോഗികത ചിന്തിക്കുക. ആയതിനാൽ ഹൈലക്‌സിന് കത്തിവിലയാണെന്ന് പറയാം.

ടൊയോട്ട ഫോർച്യൂണർ: ഒരു ലക്ഷ്വറി കാർ വാങ്ങാനുള്ള വിലയാണ് ഫോർച്യൂണർ എസ്‌യുവിക്കുള്ളതെന്ന കാര്യം ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുൾ-സൈസ് സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണിത്. 32.59 മുതൽ 50.34 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണറിന്റെ എക്‌സ്ഷോറൂം വില വരുന്നത്. ടോപ്പ് എൻഡ് വേരിയന്റ് നിരത്തിലിറങ്ങുമ്പോൾ ഏകദേശം 60 ലക്ഷം രൂപയ്ക്ക് മുകളിൽ പോവും.


Click it and Unblock the Notifications








