7 ലക്ഷത്തിന്റെ കാറിന് 1 കോടി രൂപയുടെ വിഐപി നമ്പർ: ഓണറെ തിരഞ്ഞ് സോഷ്യൽ മീഡിയ
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാർ എന്ന നിലയിൽ ശ്രദ്ധനേടിയ വാഹമാണ് എംജിയുടെ കോമെറ്റ് (MG Comet). ഇന്ന് നിരത്തുകളിൽ നിറഞ്ഞോടുന്ന ഇവി മിക്ക വീടുകളുടേയും മുറ്റത്തെത്തി കഴിഞ്ഞു. രണ്ടാമതൊരു വാഹനം വീട്ടിലേക്ക് വാങ്ങിയാലോ എന്നാലോചിക്കുന്നവരുടെ ആദ്യ ചോയ്‌സായി ഈ മോഡൽ മാറിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല പല സ്ത്രീകളുടേയും ഫേവറീറ്റ് കാറായി എംജി കോമെറ്റ് പേരെടുത്തിട്ടുമുണ്ട്. പെട്രോൾ അടിക്കേണ്ട, താങ്ങാനാവുന്ന വില, കൊണ്ടുനടക്കാനും പാർക്കിംഗിനും എളുപ്പം, മികച്ച റേഞ്ച് എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് കുട്ടിക്കാറിനെ ഇത്രയും ജനപ്രിയമാക്കിയത്.
പ്രാഥമികമായി സിറ്റി ഉപയോഗത്തിന് ബജറ്റ് വിലയിൽ മികച്ചത് എന്തെങ്കിലും നൽകാൻ എംജി ആഗ്രഹിച്ചതിന്റെ ഫലമാണ് കോമെറ്റ് ഇവി. എല്ലാവർക്കും സുപരിചിതമായി മാറിയ ഈ കുഞ്ഞൻ വാഹനത്തിന്റെ മറ്റൊരു വിശേഷമാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്. 7 ലക്ഷം രൂപ മുതൽ വിലയുള്ള കാറിന് അതിന്റെ ഉടമ വിഐപി നമ്പർ സ്വന്തമാക്കിയതാണ് സംഭവം.

ഇതിലെന്താ ഇത്ര പ്രത്യേകത എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവുക അല്ലേ. തലക്കെട്ടിൽ പറഞ്ഞതു പോലെ ഇതിനായി മുടക്കിയ തുകയാണ് ആളുകളെയെല്ലാം ഞെട്ടിച്ചിരിക്കുന്നത്. അതായത് 1 കോടി രൂപ മുടക്കിയാണ് തന്റെ എംജി കോമെറ്റിന് അതിന്റെ ഉടമ വിഐപി നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ ഓട്ടോജേർണൽ ഇന്ത്യ എന്ന പേജിൽ നിന്നാണ് അസാധാരണമായ ഈ സംഭവത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
RNQ 4RNQ 4 എന്ന വിഐപി നമ്പരിനായാണ് കോമെറ്റ് ഇവി ഉടമ ഒരു കോടി രൂപ പൊടിച്ചിരിക്കുന്നത്. ഓട്ടോജേർണൽ ഇന്ത്യ പേജിൽ പുറത്തുവിട്ട ഈ വീഡിയോയുടെ വിവരണം അനുസരിച്ചാണ് ഈ രജിസ്ട്രേഷൻ നമ്പറിന്റെ തുക വെളിപ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങളും കോടികളും മുടക്കി ഇഷ്ട നമ്പർ സ്വന്തമാക്കുന്നത് ഇന്ത്യയിൽ സ്ഥിരം കാഴ്ച്ചയാണെങ്കിലും 7 ലക്ഷത്തിന്റെ കാറിനാണ് ഒരു കോടിയുടെ നമ്പർ വാങ്ങിയിരിക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം.

കാറിൻ്റെ മൂല്യത്തിൻ്റെ ഏകദേശം 14 മടങ്ങ് തുക മുടക്കി ഒരു വിഐപി നമ്പർ വാങ്ങുക എന്നത് കേവലം അസംബന്ധമായ കാര്യമാണ്. ആളുകൾ തങ്ങളുടെ വിലയേറിയ ആഡംബര കാറുകളിൽ വിഐപി നമ്പറുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ബജറ്റ് വിലയിൽ വരുന്ന ഇത്തരമൊരു കാറിന്റെ നമ്പറിനായി കോടികൾ മുടക്കിയത് രാജ്യത്തെ ആദ്യ സംഭവമാണെന്ന് തോന്നുന്നു. വാഹനത്തിന്റെ ഉടമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.
എംജി കോമെറ്റ് ഒരു കോംപാക്ട് ഇലക്ട്രിക് കാറാണ്. മുകളിൽ പറഞ്ഞതു പോലെ പ്രാഥമികമായും സിറ്റി ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വാഹനമാണ്. എംജിയുടെ GSEV പ്ലാറ്റ്ഫോമിലാണ് മൈക്രോ കാർ പണികഴിപ്പിച്ചിരിക്കുന്നത്. സാധാരണയൊരു ഓട്ടോറിക്ഷയേക്കാൾ വലിപ്പക്കുറവാണ് ഇവിക്കുള്ളതെങ്കിലും ഇന്റീരിയറെല്ലാം അതിഗംഭീരമായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. 17.3 kWh IP67-റേറ്റഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് കോമെറ്റിന്റെ ഹൃദയം.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഇതിന് 41 bhp കരുത്തിൽ 110 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഒറ്റ ചാർജിൽ ഏകദേശം 230 കിലോമീറ്റർ റേഞ്ചാണ് എംജി കോമെറ്റിൽ കമ്പനി അവകാശപ്പെടുന്നത്. ഒരു ചെറിയ കാർ ആയതിനാൽ 2 മുതിർന്നവർക്കും 2 കുട്ടികൾക്കും മികച്ച സൌകര്യങ്ങളോടെ സഞ്ചരിക്കാനും കഴിയും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഒരു സാധാരണ എസി ചാർജർ ഉപയോഗിച്ച്, നിങ്ങൾക്ക് വെറും 7 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാം.
ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് 3 മണിക്കൂറിനുള്ളിൽ പൂർത്തിയാവുകയും ചെയ്യും. വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുയോജ്യമായ മൂന്ന് ഡ്രൈവിംഗ് മോഡുകളും മൈക്രോ ഇലക്‌ട്രിക് കാറിൽ കമ്പനി കൊടുത്തിട്ടുണ്ട്. എംജി കോമറ്റിന് 6.99 ലക്ഷം മുതൽ 9.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില വരുന്നത്. റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇഎസ്‌സി, ഹിൽ-ഹോൾഡ് കൺട്രോൾ, ക്രീപ്പ് മോഡ് എന്നിവയുൾപ്പെടെയുള്ള കിടിലൻ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്.
എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, വീല്‍ കവറുകളുള്ള 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയാണ് കോമെറ്റ് ഇവിയില്‍ എംജി മോട്ടോര്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍. വിദേശ വിപണികളിലുള്ള വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റര്‍ നീളവും 1505 മില്ലീമീറ്റര്‍ വീതിയും 1640 മില്ലീമീറ്റര്‍ ഉയരവും 2010 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്.


Click it and Unblock the Notifications








