അടുത്ത വർഷം വാഹനം വാങ്ങാൻ ചെലവ് കൂടും കേട്ടോ; കാരണമാവുന്നത് ഇക്കാര്യങ്ങൾ
ഇന്ത്യയിൽ കാറുകളുടെ വില അടുത്ത വർഷം കുതിച്ചുയരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഓരോ മൂന്നുമാസം കൂടുമ്പോഴും ഇൻപുട്ട് ചെലവുകളിലെ വർധനവിന് പഴിച്ചുകൊണ്ട് കമ്പനികളെല്ലാം തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കരണം നടത്തുന്നത് സാധാരണയായി മാറിയിട്ടുണ്ട്.

ഇതിനു പുറമെയാണ് വരുന്ന ഏപ്രിലിൽ നടപ്പിലാക്കാൻ പോകുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോഡലുകൾ നവീകരിക്കാൻ വാഹന നിർമാതാക്കൾ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതിനാലാണ് പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വില വർധിക്കുമെന്ന സൂചന പുറത്തുവരുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ വാഹന വ്യവസായം അതിന്റെ ഉൽപ്പന്നങ്ങൾ യൂറോ-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് തുല്യമായ ഭാരത് സ്റ്റേജ് VI (BS VI) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്നതിനായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.

ഈ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായുള്ള പരിവർത്തനത്തിൽ വാഹന നിർമാണ കമ്പനികൾക്ക് മൊത്തത്തിലുള്ള ഉത്പാദന ചെലവിൽ വർധനവുണ്ടാവും. ഇത് ഫോർ വീലർ പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വിലയിൽ കുത്തനെയുള്ള ഉയർച്ചക്കായിരിക്കും കാരണമാവുക.

ലൈവ് ഡ്രൈവിംഗ് മലിനീകരണ ലെവലുകൾ നിരീക്ഷിക്കാൻ ഈ വാഹനങ്ങൾക്ക് ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം പോലെയുള്ള കൂടുതൽ സങ്കീർണമായ ഉപകരണങ്ങൾ ആവശ്യമാണ്.

വാഹനം പുറന്തള്ളുന്ന മലിനീകരണം ക്രമപ്പെടുത്തുന്നതിന് ഈ ഉപകരണം കാറ്റലറ്റിക് കൺവെർട്ടറും ഓക്‌സിജൻ സെൻസറുകളായും പരിശോധിക്കും. ഏതു സാഹചര്യത്തിലും, മലിനീകരണ ചട്ടങ്ങൾ നിർദേശിക്കുന്ന പരിധി കവിയുന്നുവെങ്കിൽ, വാഹനം സർവീസിനായി സമർപ്പിക്കേണ്ടതുണ്ടെന്ന് വാർണിംഗ് ലൈറ്റ് വഴി ഉപകരണം സൂചിപ്പിക്കും.

കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും. ഇത് പെട്രോൾ എഞ്ചിനിലേക്ക് നൽകുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുകയും ചെയ്യും.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്‌ടറുകൾ ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള മലിനീകരണങ്ങളുടെ ഉള്ളടക്കം (കണികകൾ, നൈട്രജൻ ഓക്‌സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാനായി നവീകരിക്കേണ്ടതുമുണ്ട്.

പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കുന്ന മാറ്റം വാഹന വിലയിൽ നേരിയ വർധനവിന് കാരണമാകുമെ ന്ന് ICRA വൈസ് പ്രസിഡന്റും സെക്ടർ ഹെഡുമായ (കോർപ്പറേറ്റ് റേറ്റിംഗ്സ്) രോഹൻ കൻവർ ഗുപ്ത പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ മാറ്റങ്ങൾ വാഹനത്തിന് ആവശ്യമായി വരുന്നതിനാലാണ് ഈ അമിത ഭാരം ഉപഭോക്താക്കളിലേക്ക് എത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും കഴിഞ്ഞ 18 മാസങ്ങളായി പണപ്പെരുപ്പത്തെ നേരിടാൻ വാഹന നിർമാണ കമ്പനികൾ വില വർധന എടുക്കാൻ നിർബന്ധിതരായതിനാൽ, വാഹനത്തിന്റെ വിലയിൽ ഇനിയുള്ള വർധനവ് മിതമായ സ്വാധീനം ചെലുത്തുമെന്ന് ഗുപ്ത കൂട്ടിച്ചേർത്തു.

നേരത്തെ ചിപ്പ്ക്ഷാമവും മറ്റു ഉത്പാദനഘടകങ്ങളുടെ വിലക്കയറ്റവുമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികളെ നിർബന്ധിക്കുന്നത്. നിലവിൽ പണപ്പെരുപ്പം കാരണം ബാങ്കുകളും അടിക്കടി പലിശനിരക്ക് വർധിപ്പിക്കുന്നതും വാഹന മേഖലയെ വരും ദിവസങ്ങളിൽ കാര്യമായി ബാധിച്ചേക്കാം.

വാഹനം വാങ്ങുന്നവരിൽ ഭൂരിഭാഗം ആളുകളും ലോണടിസ്ഥാനത്തിലാണ് വാഹനം സ്വന്തമാക്കുന്നത്. ഉയർന്ന പലിശ നിരക്ക് എത്തുമ്പോൾ തിരിച്ചടവ് കൂടുന്നതിനാൽ പലരും പുതിയ വാഹനങ്ങൾക്ക് പകരം സെക്കൻഡ് ഹാൻഡ് തെരഞ്ഞെടുക്കുന്ന പ്രവണതയും ഇപ്പോൾ കൂടിയിട്ടുണ്ട്.


Click it and Unblock the Notifications