പ്രേക്ഷകരുടെ മനംകവർന്ന മലയാള സിനിമ, സംവിധായകന് ബുള്ളറ്റ് സമ്മാനം കൊടുത്ത് നിർമാതാക്കൾ
ഒരു സിനിമ ഹിറ്റായാൽ നായകൻമാക്കും സംവിധായകർക്കുമെല്ലാം സമ്മാനം കൊടുക്കുന്നൊരു ട്രെൻഡ് തുടങ്ങിയിട്ട് നാളിമ്മിണിയായി. തമിഴ്, ഹിന്ദി പോലുള്ള മേഖലയിലാണ് ഈയൊരു കീഴ്വഴക്കം തുടങ്ങിയതെങ്കിലും ഇങ്ങ് മലയാളത്തിലും ഇപ്പോൾ ഇതൊരു ഫാഷനായി മാറിയിട്ടുണ്ട്. മോളിവുഡ് ലോകത്ത് അത്ര പതിവില്ലാത്ത കാര്യം ഇപ്പോൾ അധികമായി കണ്ടുവരുന്നുണ്ട്.
ബോക്‌സ്‌ഓഫീസിൽ ഗരുഡൻ ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ സംവിധായകൻ അരുൺ വർമ്മയ്ക്ക് കിയ സെൽറ്റോസ് സമ്മാനിച്ച് മാജിക് ഫ്രെയിംസിന്റെ ഉടമയും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ മാതൃകയായത് അടുത്തിടെ നാം ഏവരും ശ്രദ്ധിച്ചൊരു കാര്യമാണ്. ഇപ്പോഴിതാ അതിന് തുടർച്ചയായി മറ്റൊരു മലയാള സിനിമയുടെ വിജയം ആഘോഷിക്കാൻ സംവിധായകന് ബൈക്ക് സമ്മാനം നൽകി ആഘോഷിച്ചിരിക്കുകയാണ് നിർമാതാക്കള്‍.

റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ പഴഞ്ചൻ പ്രണയം എന്ന സിനിമയുടെ സംവിധായകനായ ബിനീഷ് കളരിക്കലിനാണ് സ്നേഹ സമ്മാനവുമായി ചിത്രത്തിന്റെ നിർമാതാക്കൾ എത്തിയത്. ഇതിഹാസ മൂവിസിന്‍റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷുവ എന്നിവര്‍ ചേർന്നായിരുന്നു സിനിമ നിർമിച്ചത്. തിയേറ്ററിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.
ഇതിനു പിന്നാലെയാണ് ക്രിസ്‌മസ് നാളിൽ സംവിധായകൻ ബിനീഷ് കളരിക്കലിന് റോയൽ എൻഫീൽഡ് ക്ലാസിക് 350 വാങ്ങി നൽകിയത്. ഇതിന്റെ ചിത്രങ്ങൾ ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിനൊപ്പം എത്തി ബൈക്കിന്റെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രങ്ങളിൽ നിർമാതാക്കളെയും കാണാം. പഴഞ്ചൻ പ്രണയം 2023 എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഇതേപ്പറ്റി സംവിധായകൻ ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും വൈറലായിട്ടുണ്ട്. ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; ഇത്രയും വലിയ തുടക്കം ലഭിച്ചത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു സിനിമ, അതുപോലെ എന്റെ ഭാര്യയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബുള്ളറ്റ്.
ഇത് രണ്ടും യാഥാർഥ്യമായത് ഈ വർഷമാണ്. അതിന് കാരണമായത് എന്റെ ഇടതു വശത്തു നിൽക്കുന്നവ ബിനു എസ്, വൈശാഖ് രവി, ഫ്രെയ്മിൽ ഇല്ലാത്ത സ്റ്റാൻലി ജോഷുവ എന്നിവരാണ്. ആത്മാർത്ഥമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്താൽ ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും കുറച്ചുപേർ എങ്കിലും കൂടെ ഉണ്ടാവും എന്നതിന്റെ ഉദാഹരണം ആണ് ഞാൻ.

എന്നെ വിശ്വസിച്ചു പണം മുടക്കി, അവസാനം വരെ കൂടെ നിന്നവരാണിവർ. ആ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തിയത് നിങ്ങൾ പ്രേക്ഷകർ ഓരോരുത്തരുമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതോടു കൂടി ഡയറക്ടർ ഉൾപ്പെടെ ബാക്കി എല്ലാരുടേം ജോലി കഴിയും പക്ഷെ ഒരു പ്രൊഡ്യൂസർക് അതിനു ശേഷമാണ് റിസൾട്ട് അറിയാൻ സാധിക്കുക.
ഇന്ന് ഇപ്പോൾ ആ റിസൾട്ട് ആയിട്ടാണ് എനിക്ക് ഈ ബുള്ളറ്റ് ഇവർ സമ്മാനിച്ചത്. അതിന് നിങ്ങളോട് ഒരുപാട് നന്ദി..പഴഞ്ചൻ പ്രണയം ടീമിനോടും എന്റെ ആത്മാർത്ഥമായ നന്ദിയെന്നും കുറിപ്പിൽ എഴുതിയ സംവിധായകൻ ഞാൻ ഇപ്പോൾ എന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പഴഞ്ചൻ പ്രണയത്തിന് നൽകിയത് പോലെ തന്നെ, ഇനിയും ഉണ്ടാവണമെന്നും പറയുന്നു.

നിലവിൽ റോയൽ എൻഫീൽഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ബുള്ളറ്റ് എന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന ഈ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിന് ധാരാളം ലേഡി ഫാൻസുമുണ്ട്. 1.52 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ബൈക്കിന്റെ സിഗ്നൽസ് ഡെസേർട്ട് സാൻഡ് വേരിയന്റാണ് ബിനീഷ് കളരിക്കലിന് സ്നേഹ സമ്മാനമായി ലഭിച്ചിരിക്കുന്നത്.
6,100 rpm-ൽ 20.2 bhp പവറും 4,000 rpm-ൽ 27 Nm torque ഉം സൃഷ്ടിക്കുന്ന 349 സിസി, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ക്ലാസിക് 350-യുടെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമ്മാതാക്കൾ സംവിധായകർക്കും നായകന്മാർക്കും സമ്മാനങ്ങൾ നൽകുന്ന പ്രവണത തമിഴ്, ഹിന്ദി, തെലുങ്ക് പോലെയുള്ള അന്യഭാഷകളിൽ നിന്നും നമ്മുടെയിടലേക്കും കടന്നുവന്നത് ഏറെ സ്വീകാര്യമായ കാര്യമാണ്.


Click it and Unblock the Notifications








