പെട്രോള്‍ പമ്പിലെ ചില തട്ടിപ്പുകള്‍, ഇനിയെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
പെട്രോൾ, ഡീസൽ വില വർധന മിക്ക വാഹന ഉടമകളെയും എപ്പോഴും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ കേരളത്തിൽ ഇന്ധന വിലയിൽ രണ്ട് രൂപയോളം കൂടാനിരിക്കുകയാണ്. ജീവിത ചെലവ് പിടിച്ചു നിർത്താൻ ഇനി കൂടുതൽ കഷ്ടപ്പെടേണ്ടി വരുമെന്ന് സാരം.
അർധരാത്രി മുതൽ 107 രൂപ മുതൽ 108 രൂപ വരെ പെട്രോളിന് ഇനി നൽകേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ പെട്രോൾ പമ്പിൽ നിന്നും പണികിട്ടാതെ സൂക്ഷിക്കേണ്ടതും വളരെ അത്യാവിശ്യമായ കാര്യമാണ്. കൂടുതൽ തട്ടിപ്പുകൾ നടക്കൊന്നൊരു സ്ഥലമാണിതെന്ന് പലർക്കും അറിയാമെങ്കിലും ഇവയൊന്നും കണ്ടുപിടിക്കാനോ മനസിലാക്കാനോ ഒരു സാധാരണക്കാരന് കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്.

ഇതുസംബന്ധിച്ച ചെറിയ അവബോധം പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. പെട്രോള്‍ പമ്പിലെ ചില തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകളും നാം അടുത്തിടെയായി വാർത്തകളിൽ നിരന്തരം കേൾക്കാറുമുണ്ടല്ലേ... ഈ തട്ടിപ്പുകൾ മനസിലാക്കാനും ഇതിനായി അവരുപയോഗിക്കുന്ന ചില തന്ത്രങ്ങളും എന്തെല്ലാമെന്നും നമുക്ക് ഒന്നു അറിഞ്ഞാലോ? പെട്രോളിനും ഡീസലിനുമൊക്കെ വില കുത്തനെ കയറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം ഉടായിപ്പുകൾ കൈയോടെ പിടിക്കേണ്ടതുമുണ്ട്.
ഷോർട്ട് ഫ്യൂവലിംഗ്: ഇന്ധനം നിറയ്ക്കാൻ എത്തുന്ന ഉപഭോക്താക്കൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെങ്കിൽ പമ്പുകാർക്ക് എളുപ്പത്തിൽ ചെയ്യാവുന്നൊരു കൗശലമാണ് ഷോർട്ട് ഫ്യൂവലിംഗ്. വാഹനത്തിൽ ഒരു നിശ്ചിത തുകയ്ക്ക് ഇന്ധനം നിറയ്ക്കാൻ പറയുമ്പോൾ ചെയ്യുന്ന ഈ ഉടായിപ്പ് സിസ്റ്റം റീ സെറ്റ് ചെയ്യാതെ അടിക്കുന്ന വിദ്യയാണിത്. ഉദാഹരണത്തിന് നിങ്ങൾ 1000 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ.

എന്നാൽ അറ്റൻഡർ മീറ്റർ പൂജ്യത്തിലേക്ക് റീസെറ്റ് ചെയ്യാതെ ഇന്ധനം നിറക്കാൻ തുടങ്ങിയാൽ ഉപഭോക്താവിന് 800 രൂപയുടെ പെട്രോൾ മാത്രമാവും ലഭിക്കുക. അതിനാൽ നിങ്ങളുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ റീഡിംഗ് മീറ്ററിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവിശ്യമായൊരു കാര്യമാണ്. ഇതിനായി സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മിഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആണെന്ന് ഉറപ്പിക്കുക
സിന്തറ്റിക് ഓയിൽ: അനുമതിയില്ലാതെ സിന്തറ്റിക് ഓയിൽ നിറയ്ക്കുന്നതും പെട്രോൾ പമ്പുകളുടെ കുതന്ത്രമാണ്. ഈ അടുത്തകാലത്താണ് ചില പെട്രോൾ പമ്പുകൾ വാഹനത്തിൽ സാധാരണ ഇന്ധനത്തിന് പകരം സിന്തറ്റിക് ഓയിൽ നിറയ്ക്കുന്ന ഒരു പുതിയ തന്ത്രം പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. പലപ്പോഴും ഉപഭോക്താവിന്റെ അനുവാദമില്ലാതെയോ അവരോട് പറയാതെയോ ആണ് അവർ ഇത് ചെയ്യുന്നത്. സാധാരണ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സിന്തറ്റിക് ഓയിലിന് ഏകദേശം 5 മുതൽ 10 ശതമാനം വരെ വില കൂടുതലായതിനാൽ കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.

ഇന്ധന വിതരണ യന്ത്രങ്ങളിൽ ഇലക്ട്രോണിക് ചിപ്പുകൾ: ചില സമയങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്ന മെഷീനുകളിൽ ഒരു ഇലക്ട്രോണിക് ചിപ്പ് സ്ഥാപിച്ചിരിക്കുന്നത് കാണാം. ഇത് കുറച്ച് ഇന്ധനം മാത്രം വാഹനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനായാണ് പമ്പുകൾ സ്ഥാപിക്കുന്നത്. പക്ഷേ മീറ്ററിൽ മുഴുവൻ തുകയും കാണിക്കുകയും ചെയ്യും. 2020-ൽ തെലങ്കാനയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇവിടെ പെട്രോൾ പമ്പുകളിൽ ചിപ്പുകൾ സ്ഥാപിക്കുകയും ഓരോ 1,000 മില്ലി പെട്രോൾ അല്ലെങ്കിൽ ഡീസലിന് 970 മില്ലി ഇന്ധനം വിതരണം ചെയ്യുന്ന രീതിയാണ് ഇന്ധന വിതരണ യന്ത്രങ്ങളിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകളിലൂടെ പമ്പുകൾ ലാഭിച്ചിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പെട്രോളിന്റെ അളവിൽ നിങ്ങൾക്ക് സംശയം തോന്നിയാൽ പമ്പിലുള്ള അഞ്ച് ലിറ്റർ ക്യാനിൽ അളവ് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം.

പെട്രോൾ വിലയും പരിശോധിക്കുക: ഒരു പെട്രോൾ പമ്പിൽ കയറുമ്പോൾ പെട്രോൾ വില ആദ്യം തന്നെ നോക്കിയേക്കണേ... പെട്രോൾ പമ്പ് ഡീലർക്ക് ഇന്ധനത്തിന് അമിത നിരക്ക് ഈടാക്കാൻ അനുവാദമില്ല. അതിനാൽ ഇന്ധന വിതരണ മെഷീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയുമായി യഥാർഥ വില കണക്കാക്കുന്നതാണ് നല്ലത്. മാത്രമല്ല നയാര, റിലയൻസ് പോലുള്ള ചില പമ്പുകളിൽ സാധാരണ വിലയേക്കാൾ ചിലപ്പോൾ ഒന്നോ രണ്ടോ രൂപ കൂടുതലാവാനും സാധ്യതയുണ്ടെന്ന് ഓർമിക്കുക.
പെട്രോളിന്റെ മോശം ഗുണനിലവാരം: വാഹനത്തിൽ നിറയ്ക്കുന്ന പെട്രോളിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ ഒരു എഞ്ചിൻ ഫിൽട്ടർ പേപ്പർ ടെസ്റ്റ് ആവശ്യപ്പെടാനും സാധിക്കും. ഉപഭോക്തൃ സംരക്ഷണ നിയമം 1986 അനുസരിച്ച്, എല്ലാ പെട്രോൾ പമ്പുകളിലും ഫിൽട്ടർ പേപ്പറുകൾ ഉണ്ടായിരിക്കുകയും ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ പമ്പുകൾ നൽകുകയും വേണം. പെട്രോളിൽ മായം കലർന്നതാണോ എന്നറിയാൻ ഫിൽട്ടർ പേപ്പറിൽ കുറച്ച് പെട്രോൾ ഒഴിക്കുകയാണ് വേണ്ടത്. കറകൾ അവശേഷിക്കുന്നുണ്ടെങ്കിൽ പെട്രോളിൽ മായം കലർന്നതാണെന്ന് മനസിലാക്കാം. ഇല്ലെങ്കിൽ പെട്രോൾ ശുദ്ധമാണെന്ന് മനസിലാക്കാം.


Click it and Unblock the Notifications








