ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ബസ് ഓപ്പറേറ്ററായി PMI ഇലക്‌ട്രോ മൊബിലിറ്റി
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ബസ് ഓപ്പറേറ്ററായി മാറിയെന്ന് പ്രഖ്യാപിച്ച് PMI ഇലക്‌ട്രോ മൊബിലിറ്റി. 777-ലധികം ഇ-ബസുകൾ ഇന്ത്യൻ നിരത്തുകളിൽ ഇതിനോടകം എത്തിച്ചെന്നാണ് കമ്പനിയുടെ അവകാശവാദം.

ഗുജറാത്തിലെ സൂറത്തിലും സാന്നിധ്യം അറിയിച്ചശേഷമാണ് PMI ഇലക്‌ട്രോയുടെ ഈ പ്രഖ്യാപനം പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി 25 ഇലക്ട്രിക് ബസുകളും ഗുജറാത്തിലെ താപി നദിയുടെ തീരത്തുള്ള നഗരത്തിലെ പ്രവർത്തനത്തിനായി കമ്പനി വിതരണം ചെയ്യുകയും ചെയ്‌തു.

സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ കമ്പനിക്ക് മൊത്തം 150 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ആദ്യ ഗഡുവായി നൽകിയ 25 ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.

സൂറത്ത് ഉൾപ്പെടെ, PMI ഇലക്‌ട്രോ ഇനി രാജ്യത്തെ 23 നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. കേരളം, ലഡാക്ക്, ലഖ്‌നൗ, നാഗ്പൂർ, ഒഡീഷ, രാജ്‌കോട്ട്, ഡൽഹി, ആഗ്ര എന്നിവിടങ്ങളിൽ കമ്പനിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന പ്രമുഖ നഗരങ്ങളും സംസ്ഥാനങ്ങളുമായി മാറി.

PMI ഇലക്‌ട്രോ ഇലക്ട്രിക് ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം (RTMS), സിസിടിവി ക്യാമറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ബ്രാൻഡ് സജ്ജീകരിച്ചിട്ടുണ്ട്. എയർ സസ്‌പെൻഷൻ പോലുള്ള സുഖസൗകര്യങ്ങളാൽ ഇ-ബസുകൾ ബുദ്ധിമുട്ടുള്ള റോഡ് സാഹചര്യങ്ങളിൽ അനായാസം പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുകയും യാത്രക്കാർക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ലഡാക്ക് പോലുള്ള വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും ഞങ്ങളുടെ ഇലക്ട്രിക് ബസുകൾ തങ്ങളുടെ കഴിവ് തെളിയിക്കുകയും പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് PMI ഇലക്‌ട്രോ മൊബിലിറ്റി ചെയർമാൻ സതീഷ് ജെയിൻ പറഞ്ഞു.

ചൈനയുടെ Beiqi ഫോട്ടോൺ മോട്ടോർസിന്റെ പങ്കാളിത്തത്തോടെ PMI ഇലക്‌ട്രോ തങ്ങളുടെ സ്വന്തം ഇലക്ട്രിക് ട്രക്കുകളും ഇൻട്രാ-സിറ്റി ഇ-ബസുകളും നിർമിക്കാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനായി ഒന്നിലധികം സംസ്ഥാന പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി പൈലറ്റ് റണ്ണുകളും ട്രയലുകളും 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ ആരംഭിച്ചേക്കുമെന്നാണ് വിവരം.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വാങ്ങുന്ന ആദ്യ ഇലക്‌ട്രിക് ബസുകളാണ് PMI ഇലക്‌ട്രോയുടേത്. ഇവയുടെ വരവോടെ സിറ്റി സർക്കുലർ സർവീസുകൾക്ക് ഉത്തേജനമായിട്ടുണ്ട്. കുറഞ്ഞ ചെലവിൽ കൂടുൽ ലാഭമുണ്ടാക്കാൻ ഇതുവഴി കഴിഞ്ഞേക്കാം.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന PMI ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷനിൽ നിന്ന് കെഎസ്‌ആർടിസി-സ്വിഫ്റ്റ് ഓർഡർ ചെയ്ത 25 വാഹനങ്ങളിൽ ആദ്യത്തേതായ അഞ്ച് ഇ-ബസുകളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

രണ്ട് മണിക്കൂർ കൊണ്ട് പൂർണ ചാർജാവുന്ന ഈ ഇലക്ട്രിക് ബസുകൾക്ക് 120 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. 30 സീറ്റുകളുള്ള ഓരോ ബസിനും 92.43 ലക്ഷം രൂപയാണ് ചെലവ്, മൊബൈൽ ഫോൺ ചാർജിംഗ് യൂണിറ്റുകൾ, നിരീക്ഷണ ക്യാമറകൾ, എമർജൻസി അലർട്ട് ബട്ടൺ എന്നിവ ഇതിലെ ഫീച്ചറുകളാണ്.

നിലവിൽ ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് 37 രൂപ വീതം കെഎസ്ആർടിസി ചെലവാക്കുമ്പോൾ, ഇ-ബസുകൾ അവതരിപ്പിക്കുന്നതിലൂടെ തുക 20 രൂപയിൽ താഴെയായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീസലിന്റെ കുതിച്ചുയരുന്ന വില ഇ-ബസുകളെ ലാഭകരമായ നിക്ഷേപമാക്കുന്നുവെന്ന് കോർപ്പറേഷൻ കരുതുന്നു. ഒരു വർഷത്തിനിടെ സിഎൻജി വില ഇരട്ടിയിലേറെ വർധിച്ചതിനെ തുടർന്ന് സിഎൻജി ബസുകൾ വാങ്ങാനുള്ള പ്രാരംഭ പദ്ധതികൾ നിർത്തിവെച്ചിട്ടുമുണ്ട്.


Click it and Unblock the Notifications








