മാർപ്പാപ്പയും ഇനി നിശബ്‌ദ കാറിൽ, പ്രത്യേകം പറഞ്ഞ് പണിത പുതിയ ആഡംബര കാർ മാർപാപ്പയ്ക്ക് കൊടുത്ത് ബെൻസ്
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പുതിയ വാഹനം കൈമാറി ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് (Mercedes Benz). ബുധനാഴ്ച്ച നടന്ന ഒരു പരിപാടിയിലാണ് ജർമൻ ഓട്ടോ ഭീമൻ EQG എന്നറിയപ്പെടുന്ന ഇലക്ട്രിക് ജി-വാഗൺ (G-Wagon Electric) എസ്‌യുവിയെ വത്തിക്കാന് കൈമാറിയിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇഷ്ടപ്രകാരമാണ് ഇലക്ട്രിക് വാഹനം കസ്റ്റമൈസ് ചെയ്തിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തീർഥാടകരെ അഭിവാദ്യം ചെയ്യാനാണ് പോപ്പ് ഈ വാഹനം ഉപയോഗിക്കുക. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ പോപ്‌മൊബൈൽ കൂടിയാണിത്.
ഓപ്പൺ-ടോപ്പ് വൈറ്റ് ഇലക്ട്രിക് ജി-വാഗൺ എന്തായാലും ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം ഫ്രാൻസിസ് മാർപാപ്പ റോം സന്ദർശിക്കുമ്പോൾ മുതൽ പുതിയ ഇലക്ട്രിക് ജി-വാഗൺ ഉപയോഗിക്കാൻ തുടങ്ങാനാണ് വത്തിക്കാൻ പദ്ധതിയിടുന്നത്. ഏകദേശം ഒരു നൂറ്റാണ്ടായി വത്തിക്കാനിലേക്ക് പോപ്പ്മൊബൈൽ വിതരണം ചെയ്‌തുവരുന്നത് മെർസിഡീസ് ബെൻസാണ്. ശരിക്കും പറഞ്ഞാൽ 1981 മുതൽ ബെൻസിന്റെ സുരക്ഷയും ആഡംബരവും മാർപ്പാപ്പയുടെ കൂട്ടിനായി എത്തുന്നത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വധിക്കാൻ ശ്രമിച്ചതിന് ശേഷം ജർമൻ ആഡംബര വാഹന നിർമാതാക്കൾ ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് കാറുകളാണ് പോപ്‌മൊബൈലായി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ തൻ്റെ ഔദ്യോഗിക വാഹനമായി ബുള്ളറ്റ് പ്രൂഫ് കാറുകൾ ഉപയോഗിക്കാൻ പോപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നതാണ് മറ്റൊരു വശം. അതിനാൽ ഫ്രാൻസിസ് മാർപാപ്പയുടെ ആവശ്യങ്ങൾക്കനുസരിച്ച് മെർസിഡീസ് ബെൻസ് പുതിയ പോപ്പ്‌മൊബൈൽ കസ്റ്റമൈസ് ചെയ്‌തിട്ടുണ്ട്.
പേൾ വൈറ്റ് നിറത്തിലുള്ള ഇലക്ട്രിക് ജി-വാഗണിന് പിൻ ബെഞ്ച് സീറ്റില്ല. പകരം ഉയരം ക്രമീകരിക്കാനാവുന്ന സെൻട്രൽ സ്വിവൽ സീറ്റാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ചുറ്റുമുള്ള ആളുകളെ അഭിസംബോധന ചെയ്യാൻ മാർപ്പാപ്പയെ സഹായിക്കാനാണ് ഈ കസ്റ്റമൈസേഷൻ ചെയ്തിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പുതിയ വാഹനം കൈമാറാനായത് കമ്പനിക്ക് ഒരു പ്രത്യേക ബഹുമതിയാണെന്ന് മെർസിഡീസ് ബെൻസ് ഗ്രൂപ്പിൻ്റെ സിഇഒ ഒല കല്ലേനിയസ് പറഞ്ഞു.

ഈ വർഷം ആദ്യം ആഗോള വിപണിയിൽ അവതരിപ്പിച്ച EQG 580 ഇലക്ട്രിക് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പുതിയ പോപ്‌മൊബൈൽ പണികഴിപ്പിച്ചിരിക്കുന്നത്. ഇതേ ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലും അവതരിപ്പിക്കും. ഇലക്ട്രിക് ജി-വാഗണിൻ്റെ ബുക്കിംഗ് ഇതിനോടകം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ടൺ ഭാരമുള്ള ഇലക്ട്രിക് ജി-ക്ലാസ് എസ്‌യുവി വളരെ കഴിവുള്ള ഒരു ഓഫ്-റോഡ് വാഹനം കൂടിയാണെന്ന് കേട്ടാൽ പലരുടേയും കണ്ണുതള്ളിയേക്കും.
ബ്രാന്‍ഡിന്റെ പരമ്പരാഗത ഓഫ്-റോഡ് ശേഷിയും ആഡംബരവും നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ഐക്കണിക് ജി-ക്ലാസ് ലൈനപ്പിലേക്കുള്ള ഈ ഏറ്റവും പുതിയ മോഡലിന്റെ വരവ്. EQG 580 ഇലക്ട്രിക് എസ്‌യുവിയിൽ 116 kWh ബാറ്ററി പായ്ക്കാണ് ബെൻസ് സജ്ജീകരിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ 473 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ബാറ്ററി 200 kW വരെ DC ഫാസ്റ്റ് ചാർജിംഗുമായി പൊരുത്തപ്പെടുന്നതിൽ ചാർജിംഗ് ഒരു തലവേദനയേ ആകില്ല. ഏകദേശം അരമണിക്കൂറിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ ഇലക്ട്രിക് എസ്‌യുവിയെ ഫാസ്റ്റ് ചാർജിംഗ് സഹായിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് വെറും അഞ്ച് സെക്കൻഡ് കൊണ്ട് സാധിക്കും.
ഓരോ വീലിലും നാല് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുന്ന ഇലക്ട്രിക് ജി-വാഗണിന് 579 bhp പവറിൽ 1,164 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്. എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എന്തായാലും ഫ്രാൻസിസ് മാർപാപ്പയുടെ പുത്തൻ വാഹനം വരും ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








