അമൽ ഡേവിസ് ആളൊരു 'കാർ' രസികൻ തന്നെ; സ്റ്റേറ്റ് അവാർഡിന് പിന്നാലെ 19 ലക്ഷത്തിന്റെ എസ്‌യുവിയും വീട്ടിലേക്ക്
പാൻഇന്ത്യൻ ലെവലിൽ ശ്രദ്ധയാകർഷിച്ച മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രേമലു. 9 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോളതലത്തിൽ 140 കോടിയോളം രൂപയാണ് വാരിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലെത്തിയ പ്രേമലു തീയേറ്ററുകളിൽ വൻ സ്വീകാര്യതയായിരുന്നു നേടിയത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും തെലങ്കാനയിലുമെല്ലാം പ്രേമലു (Premalu) വൻഹിറ്റായി. നസ്ലിനും മമിത ബൈജുവുമായിരുന്നു പ്രധാന താരങ്ങളെങ്കിലും പടത്തിലെ നായകന്റെ ചങ്ക് കൂട്ടുകാരനായ അമൽ ഡേവിസ് എന്ന കഥാപാത്രത്തിനും വലിയ സ്വീകര്യതയാണ് നേടാനായത്. സംഗീത് പ്രതാപാണ് ഈ വേഷം അടിപൊളിയാക്കിതയത്.
അങ്ങനെ സംഗീതിന്റെ മുഖവും മലയാളി പ്രേക്ഷകരുടെ മനസിൽ അതിവേഗം കയറിപ്പറ്റി. പ്രേമലു ഹിറ്റായി കക്ഷി തിളങ്ങി നിൽക്കുമ്പോൾ ഇരട്ടിമധുരമായി മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും സംഗീത് പ്രതാപിനെ തേടിയെത്തി. ഈ രണ്ട് സന്തോഷങ്ങൾക്ക് പുറമെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അമൽ ഡേവിസ്.

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂണാണ് സംഗീത് പ്രതാപിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇവിഎമ്മില്‍ കുടുംബസമേതം എത്തിയാണ് സംഗീത് തന്റെ പുതിയ വാഹനത്തെ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഓണം സ്പെഷ്യൽ എഡിഷൻ 1.0 ലിറ്റര്‍ പതിപ്പാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.
പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ടൈഗൂണിന്റെ ഓണം എഡിഷന് ഏകദേശം 19 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് റിപ്പോർട്ട്. മലയാളികൾക്കിടയിൽ ഏറെ ഫാൻസുള്ള വാഹന നിർമാതാക്കളാണ് ഫോക്‌സ്‌വാഗൺ. പോളോ മുതൽ ഇങ്ങോട്ട് ആളുകൾ നെഞ്ചിലേറ്റിയ ജർമൻ ബ്രാൻഡ് ഇന്ന് ടൈഗൂൺ, വെർട്ടിസ് തുടങ്ങിയ മോഡലുകളുമായാണ് കേരളീയരുടെ മനസിൽ കുടിയിരിക്കുന്നത്.

നിർമാണ നിലവാരം കൊണ്ടും പെർഫോമൻസ് കൊണ്ടും പകരംവെക്കാനില്ലത്ത കാറുകളാണ് ഫോക്‌സ്‌വാഗൺ എക്കാലവും നിർമിച്ചിട്ടുള്ളത്. അതുപോലെ തന്നെയാണ് ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഇറക്കിയ ടൈഗൂണും. മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷങ്ങളിൽ പങ്കുചേരാനായി കേരളത്തിന് മാത്രമായി പുറത്തിറക്കിയ മോഡലാണ് ടൈഗൂൺ ഓണം എഡിഷൻ.ടൈഗൂണിന്റെ ഓണം എഡിഷന് 14.08 ലക്ഷം രൂപ മുതൽ 15.63 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്സ്ഷോറൂം വില വരുന്നത്.
ഓണപ്പതിപ്പിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ടോൺ ഹോൺ, പാഡിൽ ലാമ്പുകൾ, ഫെൻഡറിൽ ടിഎസ്ഐ ബാഡ്ജ് എന്നിവയും അതിലേറെയും ഉണ്ടായിരിക്കും. ഇത് കൂടാതെ രണ്ട് മോഡലുകളും അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമായിരിക്കും. 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ മോഡൽ സ്വന്തമാക്കിയിരിക്കുന്നതിനാൽ 113 bhp പവറിൽ 178 Nm torque വരെ ലഭ്യമായി കുതിക്കാൻ അമൽ ഡേവിസിനാവും.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിലും വാഹനം സ്വന്തമാക്കാനാവും. എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയി വീലുകൾ, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും എസ്‌യുവിയുടെ പ്രത്യേകതയാണ്.
ഇതോടൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയുള്ള 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഫ്രണ്ട് സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മൈ ഫോക്‌സ്‌വാഗൺ കണക്ട്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, വയർലെസ് ചാർജർ, കപ്പ് ഹോൾഡറുകളുള്ള റിയർ ആംറെസ്റ്റ് പോലുള്ള സന്നാഹങ്ങളെല്ലാം കൂടെയാവുന്നതോടെ സംഗതി കളറാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








