ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങി, ഫ്ലാഗ്ഓഫ് ചെയ്‌ത് പ്രധാനമന്ത്രി
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഹൈഡ്രജന്‍ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിന്‍ യാഥാർഥ്യമായിരിക്കുകയാണ്. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈഡ്രജൻ തീവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്‌തിരിക്കുന്നത്. പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ച ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത പരിസ്ഥിതി സൗഹൃദ യാത്ര എന്നതാണ്. ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് ഈ പാസഞ്ചർ സർവീസ് പ്രവർത്തനം നടത്തുക. നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്.
ഫ്രാന്‍സ്, ജപ്പാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കുശേഷം ഹൈഡ്രജന്‍ ട്രെയിൻ പ്രവർത്തനം ആരംഭിച്ച ആറാമത്തെ രാജ്യമായും ഇന്ത്യ മാറി. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്ന ട്രെയിനിൽ 2600 പേർക്ക് സഞ്ചരിക്കാം. സർവീസിന്റെ സുഗമമായ പ്രവർത്തനത്തിനായി ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉത്പാദന, റീഫ്യൂവലിംഗ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്.

ഇവിടെ കംപ്രസ്‌ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ട്. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച ഈ ഹൈഡ്രജൻ പവർ ട്രെയിൻ ലോകത്തിലെ ഏറ്റവും നീളമേറിയതും ശക്തവുമായ ഹൈഡ്രജൻ പവർ പാസഞ്ചർ ട്രെയിനുകളിൽ ഒന്നാണ് കേട്ടോ. 10 കോച്ചുകളാണ് ഇതിലുള്ളതും. കൂടാതെ 3,200 bhp പവർ നിർമിത്താൻ കഴിയുന്ന പ്രൊപ്പൽഷൻ സിസ്റ്റവുമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.
നിലവിൽ ലോകമെമ്പാടും പ്രവർത്തിക്കുന്ന മിക്ക ഹൈഡ്രജൻ ട്രെയിനുകളിലും രണ്ട് മുതൽ നാല് വരെ കോച്ചുകൾ മാത്രമേയുള്ളൂ. ഇവിടെയാണ് 10 കോച്ചുകളുമായി നമോ ഗ്രീൻ റെയിൽ വേറിട്ടുനിൽക്കുന്നത്. ഇനി റൂട്ടും സമയവും കൃത്യമായി പറയുകയാണെങ്കിൽ ഹരിയാനയിലെ നോർത്തേൺ റെയിൽവേയുടെ 89 കിലോമീറ്റർ ദൂരമുള്ള ജിന്ദ്-സോനിപത് സെക്ഷനിലാവും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിൻ തുടക്കത്തിൽ ഓടിത്തുടങ്ങുക.

ജിന്ദ് ജംഗ്ഷൻ, ജിന്ദ് സിറ്റി, പാണ്ഡു പിണ്ഡാര ജംഗ്ഷൻ, ലളിത് ഖേര ഹാൾട്ട്, ഭംഭേവ, ഇസാപൂർ ഖേരി ഹാൾട്ട്, ബുട്ടാന ഹാൾട്ട്, ഖന്ദ്രായി ഹാൾട്ട്, റബ്രാഹ് ഹാൾട്ട്, ലാത്ത് ഹാൾട്ട്, മോഹന, ബർവാസ്നി ഹാൾട്ട്, സോനിപത് ന്യൂ, സോനിപത് എന്നിവയെ ബന്ധിപ്പിക്കുന്ന പാതയാണിത്. തുടക്കത്തിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. എങ്കിലും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹൈഡ്രജൻ ട്രെയിന് സാധിക്കും.
പതിവ് പ്രവർത്തന സാഹചര്യങ്ങളിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാസഞ്ചർ സർവീസുകളുടെ പ്രവർത്തനക്ഷമത, സുരക്ഷ, വിശ്വാസ്യത എന്നിവ തെളിയിക്കുന്നതിനാണ് ജിന്ദ്-സോനിപത്ത് റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ പറയുന്നു. ഓവർഹെഡ് ഇലക്ട്രിക് ലൈനുകളിൽ നിന്നോ ഡീസൽ ലോക്കോമോട്ടീവുകളിൽ നിന്നോ വൈദ്യുതി ഉപയോഗിക്കുന്ന പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ട്രെയിൻ ഒരു പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൺ (PEM) ഫ്യുവൽ സെല്ലാണ് ഉപയോഗിക്കുന്നത്. അതിൽ ഉയർന്ന മർദ്ദമുള്ള സിലിണ്ടറുകളിൽ സംഭരിച്ചിരിക്കുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജനുമായി സംയോജിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ട്രെയിനിന്റെ ട്രാക്ഷൻ മോട്ടോറുകൾക്ക് ശക്തി പകരുന്നത്. ഈ പ്രക്രിയയിൽ ജ്വലനം ആവശ്യമില്ല.
ട്രെയിൻ പുക പുറപ്പെടുവിക്കുന്നില്ല എന്നതിനാൽ ഫലത്തിൽ നേരിട്ടുള്ള കാർബൺ മലിനീകരണം പുറത്തുവിടുന്നില്ല. ഇത് ഡീസൽ-പവർ ട്രെയിനുകൾക്ക് ബദലായി മാറുന്നു. കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യകതകളും പാരിസ്ഥിതിക സഹായവും ഈ സാങ്കേതികവിദ്യയുടെ പ്ലസ് പോയിന്റാണ്. ഹൈഡ്രജൻ ട്രെയിനിനൊപ്പം ജിന്ദിൽ 14,700 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും.


Click it and Unblock the Notifications