പൃഥ്വിരാജിന്റെ ലംബോർഗിനി വിറ്റു, സ്വപ്‌ന വാഹനം സ്വന്തമാക്കിയത് കോഴിക്കോട്ടുകാരൻ
മലയാള സിനിമാ താരങ്ങളിലെ വാഹന പ്രേമികളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ലംബോർഗിനി കഥകളെല്ലാം പലതവണ വാർത്തകളിൽ ഇടംപിടിച്ചതുമാണ്. ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ അൾട്രാ സ്പോർട് കാർ കൊടുത്ത് ഇറ്റാലിയൻ ബ്രാൻഡിന്റെ തന്നെ സെക്കൻഡ് ഹാൻഡ് ഉറൂസ് പെർഫോമൻസ് എസ്‌യുവി പൃഥ്വി വാങ്ങിയതും പോയ വർഷമായിരുന്നു.
2018-ല്‍ ആയിരുന്നു പൃഥ്വിരാജ് ഹുറാക്കൻ സ്വന്തമാക്കിയത്. പിന്നീട് ഇത് മാറ്റിയാണ് ലംബോര്‍ഗിനിയുടെ ഉറൂസിനെ കൂടെക്കൂട്ടുന്നത്. വെറും 1,100 കിലോമീറ്റര്‍ മാത്രം ഓടിയ ഈ സ്പോർട്‌സ് കാർ ഇപ്പോൾ ഒരു കോഴിക്കോട്ടുകാരൻ സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന വാഹനം പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിൽ നിന്നും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദാണ് വാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രീമീയം കാർ ഡീലറായ റോയൽ ഡ്രൈവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും റോയല്‍ഡ്രൈവില്‍ ലംബോര്‍ഗിനി ഹുറാക്കന്റെ താക്കോൽ വാങ്ങുന്ന വീഡോയാ ഡീലർഷിപ്പ് പങ്കുവെച്ചിട്ടുണ്ട്. വാഹനം ഏറ്റുവാങ്ങാനെത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന അദ്ദേഹത്തിന്റെ മക്കളായിരുന്നുവെന്നതും കൗതുകക്കാഴ്ച്ചയായിരുന്നു. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണിത്.
ലംബോയുടെ ഈ സ്പോർട്‌സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാർഡോയുടെ പിൻഗാമിയായാണ് ഹുറാക്കൻ രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റർ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്. 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തിൽ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതിയാവുന്ന ലംബോർഗിനി ഹുറാക്കൻ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡിൽ ഷിഫ്റ്റുകൾ, സ്പോർട്ട് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പർ കാറിന്റെ പ്രത്യേകതകളാണ്. 2.99 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി ഹുറാക്കനായി 2018-ൽ പൃഥ്വിരാജ് 43.16 ലക്ഷം രൂപ റോഡ് നികുതിയായി അടച്ചിട്ടുണ്ട്.
അതോടൊപ്പം കൊച്ചിയിൽ നടന്ന ലേലത്തിൽ KL 07 CN 1 എന്ന ഫാൻസി നമ്പരിനായി താരം അക്കാലത്ത് 7.00 ലക്ഷം രൂപ അധികമായി നൽകിയിട്ടുമുണ്ട്.സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഫ്രണ്ട് ആക്‌സിലിന് മുകളിൽ ഡൗൺഫോഴ്‌സ് വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന എയർ ഇൻടേക്കുകളോട് കൂടിയ ബമ്പറുകളാണ് ഏറ്റവും വലിയ ഹൈലൈറ്റ്. 19 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

രണ്ട് സീറ്റർ മോഡലായ ലംബോർഗിനി ഹുറാക്കന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4459 mm നീളം 1924 mm വീതി, 1165 mm ഉയരം 2620 mm വീൽബേസ് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 2018-ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്‌ത് വാങ്ങിയ ഉറുസിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പൃഥ്വി വാങ്ങിയത്. ഹുറാക്കനെക്കാൾ പ്രായോഗികമായി വാഹനമാണ് ഈ എസ്‌യുവി. പ്രത്യേകിച്ച നമ്മുടെ നിരത്തുകൾക്ക്.
ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. പരമാവധി 641 bhp കരുത്തിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ഇതിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്.
വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും എസ്‌യുവിക്കാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും. പരമാവധി വേഗത 305 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ എംഎൽബി ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഉറുസ് രൂപമെടുത്തിരിക്കുന്നത് എന്നകാര്യവും എടുത്തു പറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








