ട്രെൻഡ് മോളിവുഡിലും, ഗരുഡൻ വമ്പൻ ഹിറ്റ്; സംവിധായകന് 20 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമ്മാതാക്കൾ സംവിധായകർക്കും നായകന്മാർക്കും പുത്തൻ കാർ സമ്മാനിക്കുന്ന ട്രെൻഡ് ദേ മോളിവുഡിലേക്കും. മിഴ്, ഹിന്ദി പോലെയുള്ള അന്യഭാഷ മേഖലയിൽ കണ്ടതിനു സമാനമായ ട്രെൻഡ് പിടിച്ചിരിക്കുന്നത് നമ്മുടെ സ്വന്തം മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫനാണ്. നവംബർ മൂന്നിന് റിലീസായ സുരേഷ് ഗോപി ചിത്രം ഗരുഡൻ ബോക്‌സ് ഓഫീസ് തൂത്തുവാരിയതോടെയാണ് അതിന്റെ സന്തോഷം വ്യത്യസ്‌ത രീതിയിൽ ആഘോഷിക്കാൻ ലിസ്റ്റിൻ തീരുമാനിച്ചത്.
മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ തീയറ്ററിൽ നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം നേടിയ സിനിമ ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 13 കോടി രൂപയോളം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ വാനോളം പ്രശംസിക്കുന്നുണ്ട്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് എൻഡ് മോഡലാണ് സംവിധായകൻ അരുൺ വർമ്മയ്ക്ക് ലിസ്റ്റിൻ സ്റ്റീഫൻ സമ്മാനമായി നൽകിയിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ കാറിന്റെ താക്കോൽ സമ്മാനിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്യൂറ്റർ ഒലിവ് കളർ ഓപ്ഷനിലുള്ള സെൽറ്റോസ് എസ്‌യുവിക്ക് 20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം റോഡ് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി വാഹനത്തിന് കൊച്ചിയിൽ ഏകദേശം 22 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എന്നിങ്ങനെ വ്യത്യസ്‌ത ഓപ്ഷനുകളിൽ എത്തുന്ന സെൽറ്റോസിന്റെ ഏത് എഞ്ചിൻ മോഡലാണ് സമ്മാനം നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല. മിഡ്-സൈസ് എസ്‌യുവികൾ എങ്ങനെയാവണമെന്ന് ഇന്ത്യൻ വിപണിയെ പഠിപ്പിച്ച സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കിയ സെൽറ്റോസ്. 2019-ൽ അരങ്ങേറ്റം കുറിച്ച സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ജൂലൈയിലാണ് വിപണിയിൽ എത്തുന്നത്.
ഡിസൈനിലും പെർഫോമൻസിലും സാങ്കേതികവിദ്യയിലും സുരക്ഷയിലുമെല്ലാം കിടിലൻ മാറ്റങ്ങൾ കൊണ്ടുവന്ന എസ്‌യുവി ഗരുഡനേപ്പോലെ ഹിറ്റടിച്ച് മുന്നേറുകയാണ്. വിപണിയിൽ അവതരിപ്പിച്ച് വെറും രണ്ട് മാസത്തിനുള്ളിൽ അരലക്ഷം ബുക്കിംഗുകളും മറികടന്ന് സെൽറ്റോസ് കുതിക്കുകയാണിപ്പോൾ. അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ, സ്‌പോർട്ടിയർ പെർഫോമൻസ് എന്നിവയ്ക്ക് പുറമെ ടെക്-ലോഡഡ് ഇന്റീരിയഡ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്.

ടെക് ലൈൻ, ജിടി ലൈൻ, X ലൈൻ എന്നിങ്ങനെ മൂന്ന് പ്രൈമറി ട്രിമ്മുകളിലാണ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. ടെക് ലൈനിന് HTE, HTK, HTK പ്ലസ്, HTX, HTX പ്ലസ് എന്നീ അഞ്ച് വേരിയന്റുകളാണുള്ളത്. GTX പ്ലസ്, X ലൈൻ എന്നിവ ഓരോ ട്രിം വീതം ഉൾക്കൊള്ളുന്നു.
ഗരുഡൻ സംവിധായകന് സമ്മാനിച്ച പ്യൂറ്റർ ഒലിവ് നിറത്തിന് പുറമെ സ്പാർക്ക്ലിംഗ് സിൽവർ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ, ക്ലിയർ വൈറ്റ്, ഗ്ലേസിയർ വൈറ്റ് പേൾ, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ എട്ട് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും കിയ സെൽറ്റോസ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഗ്ലേസിയർ വൈറ്റ് പേൾ + അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ് + അറോറ ബ്ലാക്ക് പേൾ എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫുൾ-എൽഇഡി ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 17 ഇഞ്ച് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളുള്ള എസ്‌യുവി ശരിക്കും മുടക്കുന്ന കാശിനുള്ള മുതലുണ്ട്.
നിലവിൽ 10.89 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്ഷോറൂം വില വരുന്നത്. എഞ്ചിൻ വിശേഷങ്ങളിലേക്ക് വന്നാൽ പഴയ 1.5 ലിറ്റർ പെട്രോൾ, ഡീസൽ നിലനിർത്തിയെങ്കിലും പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും മുഖംമിനുക്കിയെത്തിയ കാറിലേക്ക് കൊണ്ടുവരാൻ ദക്ഷിണ കൊറിയൻ ബ്രാൻഡ് തയാറായി. ഇതിന് 158 bhp പവറിൽ പരമാവധി 253 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

6 സ്പീഡ് iMT അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് എഞ്ചിൻ ജോടിയാക്കാനാവുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാരുമായാണ് കിയ സെൽറ്റോസിന്റ് മത്സരം.


Click it and Unblock the Notifications








