സെക്കൻഡ് ഹാൻഡ് കാർ വാങ്ങണോ പുതിയത് വാങ്ങണോ? ഏതാവും കൂടുതൽ മികച്ചത്
പലരും തലപുകഞ്ഞ് ആലോചിക്കുന്നൊരു കാര്യമാണ് ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങുകയെന്നത്. ഒരു ആഢംബര വസ്‌തു എന്ന നിലയിൽ നിന്നും നിത്യോപയോഗ വസ്‌തുവായി കാറുകൾ മാറിയത് അതിവേഗമായിരുന്നു.

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഈ കാലഘട്ടത്തിൽ വ്യക്തിഗത യാത്രകൾക്ക് വലിയ മുൻതൂക്കം ലഭിച്ചിട്ടുണ്ട്. അതായത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും കൂടുതൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാനാണ് ഇന്ന് പലരും ഇഷ്‌ടപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ കണ്ട പുത്തൻ വാഹനങ്ങളുടെ കടന്നുവരവ് കണക്കിലെടുക്കുമ്പോൾ തന്നെ അറിയാം കാറുകളുടെ ഡിമാന്റ് എത്രത്തോളമുണ്ടെന്ന്.

എന്നാൽ കാർ വാങ്ങുമ്പോൾ പുതിയതാണോ സെക്കൻഡ് ഹാൻഡാണോ കൂടുതൽ യുക്തിസഹമായതെന്ന് പലരും സ്വയമേ ചോദിക്കുന്ന കാര്യമാണ്. രണ്ടിന്റെയും ചില പ്രധാന ഗുണങ്ങളും ദോഷങ്ങളും നമുക്കൊന്ന് പരിശോധിച്ചാലോ?

സെക്കൻ ഹാൻഡ് കാറുകൾ വാങ്ങിയാലുള്ള ഗുണങ്ങൾ
ഒരു യൂസ്‌ഡ് കാർ വാങ്ങുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം സാമ്പത്തികമായി അത് വളരെ മികച്ച തെരഞ്ഞെടുപ്പാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുത്തൻ മോഡലുകളേക്കാൾ വളരെ വില കുറവാണ് ഇവയ്ക്ക് എന്നതിനാൽ മുടക്കുമുതൽ ലാഭിക്കാം.

ഇക്കാലത്ത് മിക്കവാറും എല്ലാ ബാങ്കുകളും സെക്കൻ ഹാൻഡ് കാറുകൾക്ക് ഫിനാൻസിംഗ് സൌകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. വിലയിലെ വ്യത്യാസം കണക്കിലെടുക്കുമ്പോൾ പുതിയ മോഡലിനേക്കാൾ ലോൺ തുകയും EMI കാലയളവും യൂസ്‌ഡ് കാറുകൾക്ക് കുറവായിരിക്കും എന്നതും ഒരു നേട്ടമാണ്.

നിങ്ങളുടെ സ്വപ്ന വാഹനം വാങ്ങാനുള്ള ഏറ്റവും നല്ല ഇടം കൂടിയാണ് യൂസ്ഡ് കാർ വിപണി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സെക്കൻഡ് ഹാൻഡ് വിപണിയിൽ ധാരാളം പ്രീമിയം/ആഡംബര കാറുകൾ ന്യായമായ വിലയിൽ സ്വന്തമാക്കാനാവും.

സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങിയാലുള്ള പോരായ്‌മകൾ
യൂസ്‌ഡ് കാർ വാങ്ങുന്നതിന്റെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണ് വിശ്വാസ്യത. നല്ലതുപോലെ പരിശോധിച്ച് വാങ്ങിയില്ലെങ്കിൽ ഇത്രയും പണികിട്ടാവുന്ന വേറൊരു ഇടപാടുമില്ല. പ്രത്യേകിച്ചും സെക്കൻ ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ഒരു അംഗീകൃത ഡിലർമാരെ പരിഗണിക്കുന്നതയാരിക്കും നല്ലത്.

അസംഘടിത വിൽപ്പനക്കാരനിൽ നിന്ന് വാങ്ങുമ്പോൾ. കുറച്ച് മാസങ്ങൾക്കു ശേഷം കൂടുതൽ തുക മെയിന്റനൻസിനായി മുടക്കേണ്ടി വരും. അംഗീകൃത വിൽപ്പനക്കാരിൽ നിന്ന് വാങ്ങിയാൽ 6 മാസം മുതൽ ഒരു വർഷം വരെ വാഹനത്തിന് വാറണ്ടി പോലുള്ള ആനുകൂല്യങ്ങളും അവർ നൽകും.

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉടമസ്ഥാവകാശം കൈമാറുന്ന രേഖകൾ കൃത്യമായി പരിശോധിക്കുക എന്നതാണ്. ഇത് വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടാൻ സാധ്യതയുണ്ട്.

യൂസ്ഡ് കാർ വാങ്ങുന്നതിന്റെ മറ്റൊരു പോരായ്മ നിറം, ഫീച്ചറുകൾ, മോഡൽ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളിൽ ചിലപ്പോൾ വിട്ടുവീഴ്്ചച ചെയ്യേണ്ടിവരും എന്നതാണ്. ആവശ്യമുള്ള ബഡ്ജറ്റിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡൽ ലഭിച്ചില്ലെങ്കിൽ അന്വേഷണം മറ്റ് മോഡലുകളിലേക്ക് വ്യാപിപ്പിക്കേണ്ടി വന്നേക്കും.

പുതിയ കാർ വാങ്ങുന്നതിന്റെ ഗുണങ്ങൾ
ഒരു പുതിയ കാർ വാങ്ങുക എന്നതിനർഥം വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ ഫീച്ചറുകളും സവിശേഷതകളും ഉള്ള ഒരു വാഹനം ലഭിക്കും എന്നാണ്. മാത്രമല്ല ഒരു പുതിയ കാർ വാങ്ങുന്നതിന്റെ സന്തോഷവും വികാരവും സമാനതകളില്ലാത്തതാണ്.

സെക്കൻഡ് ഹാൻഡ് വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പുതിയ കാറിന്റെ മെയിന്റനെൻസ് ചെലവ് വളരെ കുറവാണ് എന്നത് വളരെ മേൻമ നൽകുന്ന കാര്യമാണ്. മാത്രമല്ല മിക്ക പുതിയ കാറുകൾക്കും ആദ്യത്തെ കുറച്ച് വർഷങ്ങളിൽ വളരെ കുറച്ച് പണികൾ അല്ലെങ്കിൽ പ്രശ്‌നങ്ങൾ മാത്രമേ ഉണ്ടാകൂ. കൂടാതെ അവ ഒന്നിലധികം വർഷത്തെ വാറണ്ടിയുമായി വരുന്നു എന്നതും ശ്രദ്ധേയമാണ്.

സ്പെയറുകളുടെ ലഭ്യതയും പുതിയ കാറുകളുടെ മേൻമയാണ്. സെക്കൻഡ് ഹാൻഡ് മോഡലുകളെ അപേക്ഷിച്ച് പുതിയ കാറുകൾക്ക് പലിശ നിരക്ക് കുറവാണ്. കൂടാതെ ഒരു പുതിയ കാറിനായി ബാങ്ക് ലോൺ എടുക്കുന്നതും വളരെ എളുപ്പമാണ്.

ഇനി പോരായ്‌മകൾ
യൂസ്‌ഡ് വാഹനങ്ങളെ അപേക്ഷിച്ച് പുതിയ കാറുകൾ കൂടുതൽ ചെലവേറിയതാണെന്ന് പറയേണ്ടതില്ലല്ലോ.. ചിലപ്പോഴൊക്കെ തുകയിലെ വ്യത്യാസം സെക്കൻഡ് ഹാൻഡ് വാഹനത്തിന് നൽകേണ്ടതിന്റെ ഇരട്ടിയാണ്. ഒരു പുതിയ കാർ വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ്, ആർടിഒ ഫീസ് മുതലായവ പോലുള്ള നിരവധി അധിക ചെലവുകൾ നൽകേണ്ടിവരും.

എന്നാൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ഇതെല്ലാം നമുക്ക് ഒഴിവാക്കാനാവും. യൂസ്‌ഡ് കാറിനെ അപേക്ഷിച്ച് പുതിയ കാറിന്റെ മൂല്യത്തകർച്ച കൂടുതലാണ്.

ആദ്യ മൂന്ന് വർഷങ്ങളിൽ ഇത് ശരാശരി 20 ശതമാനമാണ്. ഇതിനർഥം പുതിയ കാറിന് ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ അതിന്റെ മൂല്യത്തിന്റെ 60 ശതമാനം നഷ്ടപ്പെടുമെന്നതും നമുടെ മുടക്കു മുതലിന് നഷ്‌ടം വരുത്തുന്ന കാര്യമാണ്.


Click it and Unblock the Notifications








