ഡ്യുവൽ ചാനൽ എബിഎസിന്റെ അകമ്പടിയുള്ള ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകൾ
നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ് ഇരുചക്ര വാഹനങ്ങൾ. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പ്രായമാവുമ്പോൾ തന്നെ മോട്ടോർസൈക്കിളുകൾ ഉപയോഗിക്കാൻ തുടങ്ങുന്നവരാണ് നമ്മുടെ യുവതലമുറ. സേഫ്റ്റി നോക്കി കാറുകൾ വാങ്ങുന്ന നാം ബൈക്കുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ അത്ര ശ്രദ്ധിക്കാറില്ലെന്നു വേണം പറയാൻ.
ബ്രേക്കിംഗിന്റെ കാര്യമൊക്കെ വരുമ്പോൾ ഡിസ്‌ക് ബ്രേക്കാണോ മോഡലിനുള്ളത് എന്നുമാത്രമൊക്കെയായിരിക്കും ചിലപ്പോൾ നാം ശ്രദ്ധിക്കുക. എന്നാൽ അത്തരത്തിൽ വളരെ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ് ഡ്യുവൽ ചാനൽ എബിഎസിന്റേത്. അതായത് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. ഇത്തരത്തിൽ സംഭവിച്ച് ബൈക്ക് തെന്നി നീങ്ങിയുണ്ടാവുന്ന അപകടങ്ങൾ കുറയ്ക്കാണ് എബിഎസ് കൊണ്ടുവന്നത്.

125 സിസിയിൽ കൂടുതൽ എഞ്ചിൻ ഡിസ്‌പ്ലേസ്‌മെന്റുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് ഇന്ത്യയിൽ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇതൊരു സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയാണെങ്കിലും വാഹന നിർമാതാക്കൾ പലപ്പോഴും ചെലവ് ചുരുക്കുന്നത് സിംഗിൾ-ചാനൽ യൂണിറ്റ് വാഗ്ദാനം ചെയ്തുകൊണ്ടാണ്. ആധുനിക ഡ്യുവൽ ചാനൽ എബിഎസിൽ ഒരു ഇസിയു, ഫ്രണ്ട്, റിയർ വീലുകളിലെ സെൻസറുകൾ, ഹൈഡ്രോളിക് പമ്പ്, സോളിനോയ്ഡ് വാൽവ് എന്നിവ അടങ്ങിയിട്ടുണ്ട്.
ഫ്രണ്ട് വീൽ മാത്രം നിയന്ത്രിക്കുന്ന സിംഗിൾ ചാനലിൽ നിന്ന് വ്യത്യസ്തമായി രണ്ട് വീലുകളും ഇസിയു നിയന്ത്രിക്കുന്നതാണ് ഡ്യുവൽ ചാനൽ എബിഎസുകൾ. വിപണിയിൽ നിരവധി മോട്ടോർസൈക്കിളുകൾക്ക് ഡ്യുവൽ ചാനൽ എബിഎസിന്റെ അധിക സുരക്ഷ ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യയിൽ ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഏറ്റവും താങ്ങാനാവുന്ന 5 ബൈക്കുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

യമഹ FZ-25: ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന ക്വാർട്ടർ ലിറ്റർ ബൈക്കാണ് യമഹ FZ-25. അതോടൊപ്പം ഡ്യുവൽ-ചാനൽ എബിഎസ് വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും വില കുറവുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നുകൂടിയാണിതെന്നതും ശ്രദ്ധേയമായ കാര്യമാണ്. 1.50 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ ജാപ്പനീസ് മോഡലിന് 20.5 bhp കരുത്തിൽ 20.1 Nm torque വരെ നിർമിക്കുന്ന 249 സിസി, എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.
ബജാജ് പൾസർ NS200: അടുത്തിടെ ചില പരിഷ്ക്കാരങ്ങളോടെ പുറത്തിറക്കിയ 2023 പൾസർ NS200 മോട്ടോർസൈക്കിളിലാണ് ബജാജ് ഡ്യുവൽ ചാനൽ എബിഎസ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. 1.47 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇതിന് 199.5 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനുള്ളത്. ഇത് 24.1 bhp പവറിൽ 18.74 Nm torque വരെ നൽകാനും ശേഷിയുള്ളതാണ്. ആറു സ്പീഡാണ് ഗിയർബോക്‌സ് വരുന്നത്.

ടിവിഎസ് അപ്പാച്ചെ RTR 200 4V: 1.40 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന അപ്പാച്ചെ RTR 200 4V മോഡലാണ് ഇന്ത്യയിൽ ഡ്യുവൽ ചാനൽ എബിഎസ് വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു താങ്ങാനാവുന്ന മോട്ടോർസൈക്കിൾ. വിപണിയിൽ വൻഹിറ്റായ ഇതിന് 197.7 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 20.5 bhp കരുത്തിൽ 17.25 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണ്.
ബജാജ് പൾസർ NS160: കഴിഞ്ഞ ദിവസം കമ്പനി പൾസർ NS160 നേക്കഡ് സ്ട്രീറ്റ് ബൈക്കിനെയും ഡ്യുവൽ ചാനൽ എബിഎസ് സംവിധാനത്തോടെ പുറത്തിറക്കിയിരുന്നു. 1.35 ലക്ഷം രൂപ വില വരുന്ന ഈ മോഡലിന് 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 160.3 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 16.9 bhp പവറിൽ 14.6 Nm torque വരെ നിർമിക്കും. ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ ബൈക്കുകളിൽ ഒന്നുകൂടിയാണിത്.

ബജാജ് പൾസർ N160: ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഡ്യുവൽ ചാനൽ എബിഎസ് ഉള്ള മോട്ടോർസൈക്കിളാണിത്. 1.30 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വില വരുന്നത്. 164.82 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എഞ്ചിനാണ് പൾസർ N160 മോഡലിന്റെ ഹൃദയം. ഇത് 15.7 bhp കരുത്തിൽ 14.6 Nm torque വരെയാണ് വികസിപ്പിക്കുന്നത്. എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വരുന്നത്.


Click it and Unblock the Notifications








