ഈയൊരു ഒറ്റപ്പാട്ട് മതി ഇദ്ദേഹത്തെ അറിയാൻ, പുതിയ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി പഞ്ചാബി പോപ് ഗായകൻ
ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കുറച്ചുകാലങ്ങൾക്ക് മുമ്പ് ഇവി വിപണിയിൽ പല മോഡലുകൾ പരീക്ഷിച്ചുവെങ്കിലും വിൽപ്പനയില്ലാതെ നിരാശരായിരിക്കുകയായിരുന്നു കമ്പനി. എതിരാളികളായ ടാറ്റ മോട്ടോർസും എംജി മോട്ടോറുമെല്ലാം വൈദ്യുത വാഹന രംഗത്ത് വിപ്ലവം തീർക്കുന്നത് നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട മഹീന്ദ്ര ബോൺ ഇലക്‌ട്രിക് എസ്‌യുവികളിലൂടെ പേരുദോഷങ്ങളെല്ലാം അവസാനിപ്പിച്ച് മത്സരത്തിലേക്കിറങ്ങി. BE 6, XEV 9e എന്നീ രണ്ട് മോഡലുകൾ വിപണിയിലെത്തിയതോടെ ബ്രാൻഡിന്റെ തലവര തന്നെ മാറി. സെലിബ്രിറ്റികൾ വരെ കൂട്ടത്തോടെ വാങ്ങാനെത്തിയതും ഇവയ്ക്ക് മൈലേജായി.
ഇപ്പോൾ ഇന്ത്യക്കാർ സ്നേഹത്തോടെ ഇന്ത്യൻ ടെസ്‌ലകളെന്നാണ് BE 6, XEV 9e ഇവികളെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ പഞ്ചാബി പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്തി മഹീന്ദ്രയുടെ വൈദ്യുതി എസ്‌യുവിയെ സ്വന്തമാക്കിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പേര് കേട്ടാൽ പെട്ടന്ന് മലയാളികൾക്ക് മനസിലായില്ലെങ്കിലും 1995-ൽ പുറത്തിറങ്ങി ഇന്നും യുവതലമുറ ആസ്വദിക്കുന്ന ബോലോ ടാരാരാര എന്ന പഞ്ചാബി പാട്ട് പാടിയ വ്യക്തിയാണിതെന്ന് പറഞ്ഞാൽ വേഗം പിടികിട്ടും.

ഇദ്ദേഹം തന്റെ യാത്രകൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത് മഹീന്ദ്ര XEV 9e ഇലക്ട്രിക് എസ്‌യുവിയാണ്. ലേർ മെഹന്തിയും കുടുംബവും പുത്തൻ വാഹനത്തിന്റെ ഡെലിവറി ഏറ്റെടുക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡലിന്റെ ഏത് വേരിയന്റാണ് പഞ്ചാബി പോപ് ഗായകൻ സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുത്തൻ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിലാണ് XEV 9e പണികഴിപ്പിച്ചിരിക്കുന്നത്. നല്ല ഇന്റീരിയർ സ്‌പെയ്‌സ്, സ്റ്റെബിലിറ്റി, മികച്ച ഹാൻഡ്‌ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് ഈ പ്ലാറ്റ്‌ഫോം. ഒപ്പം അൾട്രാ-ഹൈ-സ്ട്രെങ്ത് ബോറോൺ സ്റ്റീൽ ഫ്രെയിലാണ് വാഹനത്തിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്. 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇവിയിലുള്ളത്.

മെച്ചപ്പെട്ട തെർമൽ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പലരും അമ്പരന്ന് പോയേക്കാവുന്ന തരത്തിലുള്ള പ്രകടനമാണുള്ളത്. ഇവിയുടെ 59 kWh മോഡലുകൾ 228 bhp കരുത്തിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.
ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 bhp പവറിൽ 380 Nm torque വരെയുമാണ് നൽകുന്നത്. ഈ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന വേരിയന്റുകൾക്ക് ഫുൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്. റേഞ്ച്, എവരിഡേ, റേസ് എന്നീ ഒന്നിലധികം ഡ്രൈവ് മോഡുകളും സിറ്റി ഡ്രൈവിംഗിനായി വൺ-പെഡൽ ഡ്രൈവും വരെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് മഹീന്ദ്ര XEV 9e ഇവിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന് പുറമെ റിയർസീറ്റ് യാത്രക്കാർക്കായി രണ്ട് അധിക സ്‌ക്രീനുകളും കൊടുത്തിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്.
7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ് എന്നിവയും അകത്തളത്തെ സൂപ്പറാക്കുന്നുണ്ട്. ഇതുകൂടാതെ മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 16-സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് പാർക്കിംഗ് തുടങ്ങിയ സംഗതികളും മഹീന്ദ്ര XEV 9E ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് ഫീച്ചറുകൾ.


Click it and Unblock the Notifications