സഫാരി ആദ്യം വാങ്ങിയ പാട്ടുകാരൻ, പുതുതായി 4.76 കോടിയുടെ ലംബോർഗിനിയും വീട്ടിലേക്ക്... ആളെ മനസിലായോ?
നടൻ, ഗായകൻ, സംവിധായകൻ എന്നിങ്ങനെ പല മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പർമിഷ് വർമയെന്ന പഞ്ചാബി താരം. റോക്കി മെന്റൽ, ദിൽ ഡിയാൻ ഗല്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഇദ്ദേഹത്തെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കുമല്ലോ. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ സജീവമായ കക്ഷിയെ ഫോളോ ചെയ്യുന്നത് 8.6 മില്യൺ ആളുകളാണ്. ഫിറ്റ്നെസിലും പ്രത്യേക ശ്രദ്ധകൊടുക്കുന്ന പർമിഷ് മോഡലിംഗ് രംഗത്തും സൂപ്പർസ്റ്റാറാണ്. തികഞ്ഞൊരു വണ്ടിഭ്രാന്തൻ കൂടിയായ പർമിഷ് പുത്തൻ ആഡംബര കാറുകൾ വാങ്ങി അടിക്കടി വാർത്തകളിൽ നിറയാറുമുണ്ട്.
ഇപ്പോഴിതാ ഗരാജിലേക്ക് മറ്റൊരു സൂപ്പർകാർ കൂടി വാങ്ങിയിരിക്കുകയാണ് പഞ്ചാബി താരം പർമിഷ് വർമ. റോൾസ് റോയ്‌സ് പോലുള്ള അത്യാധുനിക വാഹനങ്ങൾ ഇടംപിടിച്ചിരിക്കുന്ന പോർച്ചിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് 4.76 കോടി രൂപ വില വരുന്ന ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്കയാണ്. 'വിജയിച്ചതായി തോന്നുന്നു' എന്ന അടിക്കുറിപ്പോടെ പർമിഷ് തന്നെയാണ് പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.

പുതിയ സ്പോർട്സ് കാർ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുമുണ്ട്. ലംബോർഗിനി ഡൽഹിയിലെ മുൻനിര വിതരണക്കാരിൽ നിന്നുമാണ് ഇദ്ദേഹം വണ്ടി വാങ്ങിയിരിക്കുന്നത്. മാതാപിതാക്കളും സുഹൃത്തുകളും ഈ അസുലഭ നിമിഷത്തിൽ ഗായകനൊപ്പം ഉണ്ടായിരുന്നുവെന്നതും ഏറെ മധുരമുള്ള കാഴ്ച്ചയാണ്. ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്കയുടെ വെർഡെ മാന്റിസ് എന്ന കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതും.
സ്റ്റെറാറ്റോ, ടെക്നിക്ക, STO, ഇവോ സ്പൈഡർ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത വകഭേദങ്ങളിലാണ് ലംബോർഗിനി ഹുറാക്കൻ വിപണിയിലെത്തുന്നത്. ലാംബോ കാറുകളിൽ സാധാരണയായി കാണാറുള്ള പരമ്പരാഗത ഡിസൈൻ തന്നെയാണ് ടെക്‌നിക്കയും പിന്തുടർന്നിരിക്കുന്നത്. എങ്കിലും സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോ സ്ലംഗ് പ്രൊഫൈലാണ് സൂപ്പർകാറിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻ ബമ്പറിന്റെ ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്ന കറുത്ത ഗ്രിൽ-ടൈപ്പ് ഇൻടേക്കുകൾ വളരെ ആകർഷകമാണ്. പിന്നിലേക്ക് നോക്കിയാൽ ഒരു റിയർ സ്‌പോയിലറും ട്വിൻ എക്‌സ്‌ഹോസ്റ്റുകളും റിയർ ഡിഫ്യൂസറുമാണ് കാണാനാവുക. ഹുറാക്കൻ ഇവോ RWD മോഡലിനെ അപേക്ഷിച്ച് മികച്ച എയ്‌റോഡൈനാമിക് ബാലൻസും നൽകുന്നു.
ലംബോർഗിനി ഹുറാക്കൻ ടെക്നിക്കയിൽ 5.2 ലിറ്റർ V10 എഞ്ചിനാണ് ഉപയോഗിക്കുന്നത്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 640 bhp പവറിൽ പരമാവധി 565 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇറ്റാലിയൻ സൂപ്പർകാറിന് കഴിയുമെന്നതാണ് പ്രത്യേകത.

കൂടാതെ 9.1 സെക്കൻഡിൽ ലംബോർഗിനി ഹുറാക്കൻ ടെക്‌നിക്ക 0-200 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 325 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട് കേട്ടോ. ഇപ്പോൾ വാങ്ങിയ ലംബോർഗിനിക്ക് പുറമേ പർമിഷ് വർമയ്ക്ക് മെർസിഡീസ് ബെൻസ് G 63 എഎംജി, റോൾസ് റോയ്‌സ് വ്രെയ്ത്ത്, മെർസിഡീസ് മെയ്ബാക്ക് S650, മെർസിഡീസ് GLS600 തുടങ്ങിയ വമ്പൻ കാർ നിരയും സ്വന്തമായുണ്ട്.
2021 മോഡൽ ടാറ്റ സഫാരി പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിൽ ആദ്യം വാങ്ങിയതും പർമിഷായിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹം തന്റെ അമ്മയ്ക്ക് ഒരു ജീപ്പ് ഗ്രാൻഡ് ചെറോക്കി എസ്‌യുവി സമ്മാനമായി നൽകിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അമ്മ ജോലിയിൽ നിന്നും വിരമിച്ച അതേ ദിവസം തന്നെ ഒരു സർപ്രൈസായിട്ടാണ് താരം സമ്മാനം കൊടുത്തത്. അമേരിക്കൻ ബ്രാൻഡിന്റെ മുൻനിര എസ്‌യുവി പർമിഷ് വർമ തന്റെ അമ്മക്ക് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയും അന്ന് ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications








