പ്രായം നന്നേ കുറവ്, കൈയിലുള്ളത് പൂത്തകാശ്! 10.21 കോടിയുടെ ലംബോർഗിനി വാങ്ങി യുവസംരംഭകൻ
ആഡംബര കാറുകൾ വാങ്ങാൻ സാമ്പത്തികമില്ലാത്തവരായിരിക്കും നമ്മളിൽ പലരുമെങ്കിലും വലിയ വ്യവസായികളും സിനിമ താരങ്ങളുമെല്ലാം ഇത്തരത്തിലുള്ള വാഹനങ്ങൾ സ്വന്തമാക്കുന്ന വാർത്തകൾ അറിയാനും വായിക്കാനുമെല്ലാം മലയാളികൾക്ക് ഏറെ താത്പര്യമുള്ള കാര്യമാണ്. നമുക്ക് അടുത്തറിയാവുന്ന ഒരാൾ കാർ വാങ്ങിയ സന്തോഷമാണ് ഇതുവായിക്കുമ്പോൾ പലർക്കും ഫീൽ ചെയ്യുന്നത്. അടുത്തിടെ മലയാളിയായ വേണു ഗോപാലകൃഷ്‌ണൻ ആളുകൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയതും ഇത്തരത്തിൽ വലിയ ആഡംബര കാറുകൾ വാങ്ങിയാണ്. സംരംഭകർ പോലും ഇത്തരത്തിൽ അവരവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കുന്നത് കാണുമ്പോൾ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ നമുക്കും ഒരു പ്രചോദനം ലഭിക്കുകയും ചെയ്യും.
അത്തരത്തിൽ പ്രചോദനമാവുന്ന മറ്റൊരു വാർത്തയുമായാണ് ഇന്ന് ഞങ്ങൾ നിങ്ങളിലേക്ക് എത്തിയിരിക്കുന്നത്. അഭിഷേക് മോണ്ടി അഗർവാൾ എന്ന ഇന്ത്യയിലെ അറിയപ്പെടുന്ന യുവസംരംഭകൻ രാജ്യത്തെ തന്നെ അപൂർവം ചില കാറുകളിൽ ഒന്ന് വാങ്ങിയിരിക്കുകയാണ്. ഏതാണന്നല്ലേ, ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ റെവൽറ്റോയാണ് അഭിഷേകിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

കാർ ക്രേസി ഇന്ത്യ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവസംരംഭകന്റെ പുതിയ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇനി ആരാണ് അഭിഷേക് മോണ്ടി അഗർവാൾ എന്ന് സംശയമുള്ളവർക്കായി അദ്ദേഹത്തെ കുറിച്ച് ചെറുതായൊരു ഇൻട്രോ തരാം. ഐഐടി ബോംബെയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഹൗസുകളിൽ ഒന്നായ പർപ്പിൾ സ്റ്റൈൽ ലാബ്‌സിന്റെ സ്ഥാപകനാണ് കക്ഷി.
ഐഐടി ബോംബെയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ എംടെക് ബിരുദം നേടിയ ശേഷം അഭിഷേക് ആരംഭിച്ച കമ്പനിയാണിത്. വെറും 3 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഫാഷന്‍ ലോകത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു. കാര്‍ വാങ്ങുമ്പോള്‍ വെറും ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന പക്ഷക്കാരൻ കൂടിയാണ് ഇദ്ദേഹം.

ഇതാദ്യമായല്ല അഭിഷേക് ഒരു സൂപ്പർകാർ വാങ്ങുന്നത് എന്നതും രസകരമായ കാര്യമാണ്. കഴിഞ്ഞ വർഷം മക്ലാരന്റെ ഫസ്റ്റ് സീരീസ്-പ്രൊഡക്ഷന്‍ ഹൈ-പെര്‍ഫോമന്‍സ് ഹൈബ്രിഡ് (HPH) സൂപ്പര്‍കാറായ അർതുറ സ്വന്തമാക്കിയും ഈ യുവസംരംഭകൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോർച്ചിലേക്ക് പുത്തൻ ലംബോർഗിനിയുടെ റെവൽറ്റോ കൂടി പർപ്പിൾ സ്റ്റൈൽ ലാബ്‌സിന്റെ സ്ഥാപകൻ വാങ്ങിച്ചിരിക്കുന്നത്.
ലംബോർഗിനി തങ്ങളുടെ കാറുകളിൽ നൽകുന്ന ഡീപ് ബ്ലാക്ക് ഷെയ്ഡായ നെറോ നെമെസിസ് കളർ ഓപ്ഷനാണ് അഭിഷേക് തന്റെ റെവൽറ്റോയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയിലെ ലംബോർഗിനി ഡീലർഷിപ്പിൽ നിന്നാണ് കാർ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. 2023 ഡിസംബറിലാണ് റെൽവറ്റോ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി വിപണനത്തിന് എത്തുന്നതെങ്കിലും കഴിഞ്ഞ വർഷമാണ് സൂപ്പർകാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിക്കുന്നത്.

എന്തായാലും പരിമിതമായ യൂണിറ്റുകളിൽ മാത്രം വാങ്ങാൻ ലഭിക്കുന്ന റെവൽറ്റോ 2026 വിറ്റുതീർന്നതായി ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ലംബോർഗിനിയുടെ ഇതിഹാസ മോഡലായ അവന്റഡോറിന്റെ ആത്മീയ പിൻഗാമിയാണ് റെവൽറ്റോ. ലംബോർഗിനിയുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാർ എന്ന പ്രത്യേകതയും ഇതിനുണ്ട്. 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.
ഇതിൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളും 3.8 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കും ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇറ്റാലിയൻ ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ എഞ്ചിനാണ് ഇതെന്നാണ് ലംബോർഗിനിയുടെ അവകാശവാദം. 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 1,015 bhp പവറിൽ പരമാവധി 807 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറിന് 2.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ലംബോർഗിനി അവകാശപ്പെടുന്നത്. റെവൽറ്റോയുടെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ടേ. ഇന്ത്യയിൽ റെവൽറ്റോയ്ക്ക് 8.89 കോടി രൂപയാണ് എക്സ്ഷോറൂം വിലയെങ്കിലും ഏകദേശം 10.21 കോടി രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.


Click it and Unblock the Notifications