കേരളത്തിലെ സീറ്റ് സഹോദരിക്ക് കൊടുത്ത് യുപിക്ക് പോയ എംപി, സഞ്ചാരം സാധാരണക്കാരന്റെ വലിയ കാറിലാ കണ്ടോ
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ (Toyota Innova). വിശാലമായ ക്യാബിൻ, പ്രീമിയം ഫീച്ചറുകൾ, റിഫൈൻഡും നല്ല പെർഫോമൻസുമുള്ള എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം ഒന്നിച്ചെത്തുന്ന വണ്ടി എല്ലാത്തരം ആളുകളുടേയും സ്വപ്‌ന വാഹനം കൂടിയാണ്. സിനിമാക്കാർക്കായാലും വലിയ വ്യവസായി പ്രമുഖർക്കായാലും രാഷ്ട്രീയക്കാർക്കായാലും ഇന്നോവയുടെ യാത്രാസുഖം തന്നെയാണ് ഇഷ്‌ടമാവുന്നത്. ഒപ്പം കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റും കൂടിയാവുമ്പോൾ ആളുകളെല്ലാം ഹാപ്പിയാണ്. ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിലുള്ള ഹൈക്രോസ് (Hycross) ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചാണ് വിപണിയിൽ എത്തിയതെങ്കിലും സ്വീകാര്യതയ്ക്ക് കുറവൊന്നുമില്ല.
അതിന്റെ കാരണം നല്ല മൈലേജുള്ള സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണെന്നതാണ് യാഥാർഥ്യം. ഒപ്പം ക്ലച്ചിന്റെ ശല്യമില്ലാതെ ഇത്രയും വലിയ വാഹനം കൊണ്ടുനടക്കാനുമാവും. 2022 ഡിസംബർ അവസാനത്തോടെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. നിലവിൽ 19.94 ലക്ഷം രൂപ മുതൽ 32.58 ലക്ഷം രൂപ വരെയാണ് മൾട്ടി പർപ്പസ് വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

7 സീറ്റർ, 8 സീറ്റർ ഓപ്ഷനുകളിൽ വാങ്ങാനാവും എന്നത് ഹൈക്രോസിന്റെ പ്രായേഗികത വർധിപ്പിക്കുന്ന കാര്യം കൂടിയാണേ. പൊതുവേ പറഞ്ഞാൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒരു വിലയേറിയ കാറാണ്. ടോപ്പ് എൻഡ് മോഡൽ ഓൺ-റോഡിൽ എത്തുമ്പോൾ ഏകദേശം 40 ലക്ഷത്തിന് മുകളിൽ മുടക്കേണ്ടതായും വരും. മുകളിൽ പറഞ്ഞതു പോലെ രാഷ്ട്രീയക്കാർക്കിടയിൽ ഏറെ ഹിറ്റായ ഇന്നോവ കേരളത്തിലെ മന്ത്രിമാരുടെ സ്ഥിരം സഹചാരിയാണ്.
ദീർഘദൂര യാത്രകൾ സ്ഥിരമായി ചെയ്യേണ്ടതിനാൽ യാത്രാസുഖവും കംഫർട്ടും വളരെ അനിവാര്യതയായതിനാലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് പോലുള്ള വാഹനങ്ങൾ ഇവർ തെരഞ്ഞെടുക്കുന്നത്. നമ്മുടെ തൃശൂർ എംപിയായ സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനവും ടൊയോട്ടയുടെ എംപിവിയാണ്. ഇപ്പോഴിതാ നമ്മുടെ വയനാട് എംപിയായ രാഹുൽ ഗാന്ധിയും ടൊയോട്ട ഹൈക്രോസിൽ യാത്ര ചെയ്യുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാനിരിക്കുന്ന രാഹുൽ ഗാന്ധി നിലവിൽ ഒരു സാധാരണ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറാണ് ഉപയോഗിക്കുന്നത് എന്നറിയുന്നത് പലർക്കും പുതുമയുള്ളൊരു കാര്യമായിരിക്കും അല്ലേ. വൈറൽ ഭയാനിയെന്ന ഇൻസ്റ്റഗ്രാം പേജിലാണ് രാഹുലിന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. ഫുൾ സെക്യൂരിറ്റിയോടെ നടന്നുവരുന്ന വയനാടിന്റെ എംപി ഹൈക്രോസിൽ കയറിപ്പോവുന്നതാണ് വീഡിയോയുടെ ഇതിവൃത്തം.
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ZX ഹൈബ്രിഡ് 7 സീറ്റർ വേരിയന്റാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നാണ് വിരം. ഈ വേരിയന്റിന് 30.70 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും എല്ലാമായി ഓൺ-റോഡ് വില ഏകദേശം 39 ലക്ഷം രൂപയോളം വരുമെന്നുമാണ് റിപ്പോർട്ടുകൾ. 2.0 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി വരുന്ന മോഡലിന് 184 bhp കരുത്തിൽ പരമാവധി 188 Nm ടോർക്ക് വരെ നൽകാനാവും.
ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 23.24 കിലോമീറ്റർ മൈലേജ് വരെ നൽകാൻ പ്രാപ്‌തമാണെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാങ്ങാനാവുക. രണ്ടാമത്തേത് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവുന്ന 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്.
സാധാരണയൊരു കാറാണെങ്കിലും സേഫ്റ്റിയിലൊന്നും യാതൊരു കുറവും വരുത്താതെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് പണികഴിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസർ ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകൾ എന്നിവയെല്ലാം എംപിവിയുടെ ഭാഗമാണ്.


Click it and Unblock the Notifications








