2 വർഷം മുമ്പ് ബുക്ക് ചെയ്‌ത ആഡംബര കാർ വീട്ടിലേക്ക്, സന്തോഷം പങ്കുവെച്ച് അയലത്തെ കോടീശ്വരൻ
വാഹനപ്രേമികൾക്ക് എല്ലാവർക്കും ഒരോപോലെ ഇഷ്‌ടമുള്ള സ്പോർട്‌സ് കാർ നിർമാതാക്കളാണ് പോർഷ. ഒരിക്കലും വാങ്ങാനാവില്ലെങ്കിലും ഇത്തരം ലക്ഷ്വറി കാറുകളോട് ഭ്രാന്തുള്ളവർ ഏറെയാണ്. സെലിബ്രിറ്റികളും വലിയ വ്യവസായികളുമെല്ലാം ഇത്തരം വാഹനങ്ങൾ വാങ്ങുന്നത് പോലും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസും സ്റ്റോറിയുമെല്ലാം ഇട്ട് നമ്മളിൽ പലരും ആഘോഷിക്കാറുണ്ട്. അടുത്തിടെയായി ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വിൽപ്പന വർധിച്ചുകൊണ്ടിരിക്കുകയാണെന്ന സന്തോഷ വാർത്തയും കമ്പനി പങ്കുവെച്ചിരുന്നു. മാരുതി പോലെ ഇന്ന് ബുക്ക് ചെയ്‌താൽ അടുത്ത ആഴ്ച്ച അല്ലെങ്കിൽ അടുത്ത മാസമൊന്നും വാഹനം കൈയിൽ കിട്ടത്തൊന്നുമില്ല കേട്ടോ.
നല്ല കാത്തിരിപ്പ് കാലയളവുമായിട്ടാണ് ജർമൻ വാഹന നിർമാതാക്കൾ തങ്ങളുടെ കാറുകളെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ചിലപ്പോൾ വർഷങ്ങളോളമുള്ള കാത്തിരിപ്പും വേണ്ടിവന്നേക്കും. ക്ഷമ വേണം സമയം എടുക്കുമെന്ന ദൃശ്യം രണ്ടിലെ ഡയലോഗ് ഇതിന് ഉത്തമ ഉദാഹരണമായിരിക്കും. പക്ഷേ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ആളുകളുണ്ടെന്നതാണ് രസകരമായ കാര്യം.

ഇപ്പോഴിതാ രായല കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രഞ്ജിത് പ്രതാപ് ചെന്നൈയിലെ ആദ്യത്തെ പോർഷ 911 സ്വന്തമാക്കി വാർത്തകളിൽ ഇടംനേടുകയാണ്. ബുക്ക് ചെയ്‌ത് 2 വർഷക്കാലത്തോളമുള്ള കാത്തിരിപ്പുകൾക്ക് ശേഷമാണ് സ്പോർട്‌സ് കാർ തമിഴ്നാട്ടിലെ ഈ കോടീശ്വരന്റെ കൈകളിലേക്ക് എത്തിയിരിക്കുന്നത്. മുമ്പ് ചെന്നൈയിൽ പോർഷ ബോക്‌സ്‌റ്റർ വാങ്ങിയ ആദ്യ വ്യക്തിയും രഞ്ജിത് പ്രതാപ് തന്നെയായിരുന്നു.
പോർഷ കാറുകൾ അപൂർവമായിരുന്ന കാലമായിരുന്നു അത്. രണ്ട് വർഷത്തോളം അദ്ദേഹം ബോക്സ്റ്റർ ഉപയോഗിച്ചതിനുശേഷമാണ് 911 സ്വന്തമാക്കണമെന്ന് ആഗ്രഹം ഉടലെടുത്തത്. അങ്ങനെ ഒട്ടും വൈകാതെ 2023 ജൂൺ-ജൂലൈ മാസത്തോടെ 911 ബുക്ക് ചെയ്യുകയും ചെയ്‌തു. സവിശേഷമായ കാറായതിനാൽ തന്നെ എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ഇദ്ദേഹം തയാറായിരുന്നു. ശരിക്കും പറഞ്ഞാൽ പല വണ്ടിഭ്രാന്തൻമാരും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന മിക്ക കാറുകളും രഞ്ജിത് പ്രതാപിന്റെ പോർച്ചിലുണ്ട്.

ലോകത്ത എണ്ണപ്പെട്ട ആഡംബര കാറുകളിൽ പലതും വാങ്ങിക്കൂട്ടിയ റായല കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അടിപൊളിയൊരു വാഹനപ്രേമിയാണെന്ന് വേണം പറയാൻ. രഞ്ജിത്തിന് കുട്ടിക്കാലം മുതലേ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള കമ്പം. കോളേജിൽ പഠിക്കുമ്പോൾ തന്നെ 1969 ഫോക്‌സ്‌വാഗൺ ബീറ്റിൽ 1300 ഉപയോഗിച്ചിരുന്നയാളാണ് ഈ കക്ഷി. ഒപ്പം ആസ്റ്റൺ മാർട്ടിൻ DB11 വോളാന്റേയുള്ള ഇന്ത്യയിലെ അപൂർവം ചില ആളുകളിൽ ഒരാളാണ് ഇദ്ദേഹം.
മെർസിഡീസ് ബെൻസ് എസ്-ക്ലാസിന്റെ മിക്കവാറും എല്ലാ തലമുറ മോഡലുകളും ഈ വ്യവസായി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ഒപ്പം മെർസിഡീസ് ബെൻസ് SL R129, മെർസിഡീസ് C107, മെർസിഡീസ് W110, മെർസിഡീസ് W108, മെർസിഡീസ് W111, മെർസിഡീസ് യുഎസ്-സ്പെക്ക് W123, W116, W201m, ജാഗ്വർ 240, റോൾസ് റോയ്‌സ്, 1979 മസ്‌താംഗ് തുടങ്ങിയ കിടിലൻ കാറുകളാലും രഞ്ജിത് പ്രതാപിന്റെ ഗരാജ് സമ്പന്നമാണ്. 1965-ൽ പുറത്തിറങ്ങിയ ഫോർഡ് തണ്ടർബേർഡാണ് അദ്ദേഹത്തിന്റെ ഗരാജിലെ മറ്റൊരു രസകരമായ മോഡൽ.

50, 60, 70 കളിലെ കാറുകൾ ശേഖരിക്കുന്നതിൽ പ്രതാപിന് പ്രത്യേക കമ്പം തന്നെയാണുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഏറ്റവും പുതിയ പോർഷ 911 വന്നെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 2 കോടി രൂപ മുതൽ 4.26 കോടി രൂപ വരെയാണ് പോർഷ 911 സ്പോർട് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിൽ 2.49 കോടി രൂപ ഓൺ-റോഡ് വില വരുന്ന കരേര മോഡലാണ് രായല കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വാങ്ങിയിരിക്കുന്നത്.
394 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള 3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ബോക്‌സർ എഞ്ചിനാണ് 911 കരേരയ്ക്ക് തുടിപ്പേകുന്നത്. വെറും 3.9 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ആഡംബര സ്പോർട്സ് കാറിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 294 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








