ബിഎസ്-VI രണ്ടാം ഘട്ടം 2023 ഏപ്രിൽ മുതൽ, പണികിട്ടുന്നത് ഈ കാറുകൾക്ക്
രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങൾ കർശനമാക്കുന്നത് വാഹന നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യം മാത്രമല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില പാസഞ്ചർ വാഹന മോഡലുകളുടെ ഉൻമൂലത്തിനും കാരണമാവുന്നൊരു സംഭവവികാസം കൂടിയാണ്. ഇത് ബിഎസ്-VI ചട്ടങ്ങൾ നിലവിൽ വന്നപ്പോൾ നാം കണ്ട കാഴ്ച്ചയുമാണ്.
ഇത്തരം കാറുകളുടെ പിൻമാറ്റം ഇന്ത്യയിൽ കാർ വാങ്ങുന്നവരിൽ പലരേയും നിരാശപ്പെടുത്താറുമുണ്ട്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ മാസം മുതൽ നടപ്പിലാവുന്നതിനു മുന്നോടിയായി രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹോണ്ട, ഹ്യുണ്ടായി എന്നിവരെല്ലാം 2023 ജനുവരി മുതൽ തങ്ങളുടെ മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ഉപഭോക്തൃ വികാരത്തെ ഒരു പരിധി വരെ തളർത്തിയിട്ടുണ്ടെന്നാണ് അനുമാനം.

ഇതിന്റെയെല്ലാം ഭാഗമായി കുറഞ്ഞത് 17 പാസഞ്ചർ കാറുകളെങ്കിലും പിൻവലിക്കാനും വാഹന നിർമാതാക്കൾ നിർബന്ധിതരാവും. 2023 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) എന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടുത്ത നാലു മാസത്തിനുള്ളിൽ പുതിയ എമിഷൻ നിയന്ത്രണം മൂലം നിർത്തലാക്കൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ 17 പാസഞ്ചർ വാഹനങ്ങളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ 800.
എന്താണ് റിയൽ ഡ്രൈവിംഗ് എമിഷൻ അഥവാ RDE?
റിയൽ ഡ്രൈവിംഗ് എമിഷൻസിന് (RDE) വാഹനങ്ങൾക്ക് ആ മോഡലുകളുടെ തത്സമയ ഡ്രൈവിംഗ് എമിഷൻ അളവ് നിരീക്ഷിക്കുന്ന ഒരു ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം ആവശ്യമാണ്. ഈ ഉപകരണം മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വാഹനങ്ങളുടെ പ്രധാന ഘടകങ്ങളെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.RDE നിരീക്ഷിക്കുന്ന പ്രധാന വാഹന ഘടകങ്ങളിൽ കാറ്റലറ്റിക് കൺവെർട്ടറും ഓക്സിജൻ സെൻസറുകളും ഉൾപ്പെടുന്നു. നിലവിലെ എമിഷൻ ടെസ്റ്റിംഗ് നടക്കുന്ന ലബോറട്ടറി ടെസ്റ്റിംഗ് അവസ്ഥയ്ക്ക് പകരം റിയൽ വേൾഡ് പരിതസ്ഥിതിയിൽ വാഹനങ്ങൾ പുറന്തള്ളുന്ന NOx പോലുള്ള മലിനീകരണം RDE പരിശോധിച്ച് അളക്കും.
വാഹനങ്ങളുടെ എമിഷൻ സ്റ്റാൻഡേർഡുകളുടെ ലബോറട്ടറി പരിശോധനയേക്കാൾ മികച്ച നിലവാരത്തിന് റിയൽ ഡ്രൈവിംഗ് എമിഷൻ അഥവാ RDE കാരണമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഈ ഉപകരണവും സമർപ്പിത എമിഷൻ ലെവൽ ടെസ്റ്റിംഗും അളക്കൽ പ്രക്രിയയും ഇന്ത്യയിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടമായി വിവരിക്കുന്നുയ ആദ്യ ഘട്ടം 2020 ഏപ്രിൽ മാസമാണ് ഇന്ത്യയിൽ തുടക്കമിട്ടത്. ഇത്തരം പുതിയ കാര്യങ്ങൾക്കായി വാഹന നിർമാതാക്കൾ തങ്ങളുടെ മോഡലുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നതാണ് തലവേദന സൃഷ്ടിക്കുന്ന കാര്യം.
എന്തുകൊണ്ടാണ് RDE വാഹനങ്ങളെ ബാധിക്കുന്നത് എന്നു ചോദിച്ചാൽ 2023 ഏപ്രിൽ മുതൽ പുതിയ എമിഷൻ സ്റ്റാൻഡേർഡുകൾ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽ വരാനിരിക്കുന്ന വാഹനങ്ങളെല്ലാം റിയൽ ഡ്രൈവിംഗ് എമിഷൻ ഉപകരണത്തിനൊപ്പം അപ്‌ഡേറ്റ് ചെയ്ത മൈക്രോചിപ്പുകളും സജ്ജീകരിച്ചിരിക്കണം. നവീകരിച്ച സെമികണ്ടക്‌ടർ ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് പ്രഷർ, എഞ്ചിൻ ടെപ്രേച്ചർ, കണികാവസ്തുക്കൾ, നൈട്രജൻ ഓക്സൈഡ്, CO2, സൾഫർ തുടങ്ങിയ എക്‌സ്‌ഹോസ്റ്റ് എമിഷൻ ഉള്ളടക്കം എന്നിവ നിരീക്ഷിക്കും.
ഇന്ധനം കത്തുന്നതിന്റെ തോത് നിയന്ത്രിക്കുന്നതിനായി പുതിയ വാഹനങ്ങളിൽ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കണം. ഈ പരിഷ്ക്കാരങ്ങൾക്ക് വാഹന നിർമാതാക്കൾ അവരുടെ വാഹനത്തിന്റെ എഞ്ചിനുകളും മറ്റ് നിർണായക ഘടകങ്ങളും നവീകരിക്കേണ്ടതുണ്ട്. ഇത് വാഹനങ്ങൾ നിലവിലുള്ളതിനേക്കാൾ ചെലവേറിയതാക്കും. അതായത് ഏപ്രിലിന് മുന്നോടിയായി എല്ലാത്തരം വാഹനങ്ങൾക്കും വീണ്ടും ഒന്നുകൂടി വില വർധനവ് സംഭവിക്കുമെന്ന് അർഥം. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് പോലെ, RDE ഇന്ത്യയിലെ ഡീസൽ വാഹനങ്ങളെ വൻതോതിൽ സ്വാധീനിക്കും. ഇത് പുതിയ മാനദണ്ഡം നിലവിൽ വന്നതിന് ശേഷം അവയുടെ പെട്രോൾ എതിരാളികളേക്കാൾ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യും.
കൂടാതെ ഇത്തരം നവീകരണങ്ങൾ താങ്ങാനാവുന്ന വില കാരണം ഇന്ത്യയിൽ മികച്ച വിൽപ്പനയുള്ള എൻട്രി ലെവൽ മോഡലുകളുടെ വിലയെ വരെ ബാധിക്കും. പുതിയ പരിഷ്ക്കാരങ്ങൾ ഈ വാഹനങ്ങളുടെ വില ഗണ്യമായി ഉയർത്താനും വാഹന നിർമാതാക്കളെ പ്രേരിപ്പിക്കും. ഇത് പുതുതായി കാർ വാങ്ങുന്നവരുടെ ചെലവിനെയും വളരെയധികം സ്വാധീനിക്കും. അതുകൊണ്ടാണ് വരാനിരിക്കുന്ന മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്നതിനും അവരുടെ ഉൽപ്പന്ന നിര കാര്യക്ഷമമാക്കുന്നതിനുമായി കമ്പനികൾ ചില മോഡലുകൾ നിർത്തുന്ന കാര്യം വരെ ആലോചിക്കുന്നത്.
നിർത്തലാക്കിയേക്കാവുന്ന കാറുകൾ
ഇന്ത്യയിൽ പുതിയ RDE നിയമങ്ങൾ നിലവിൽ വരുന്നതോടെ പാസഞ്ചർ വാഹനങ്ങളിൽ നിരവധി ജനപ്രിയ മോഡലുകൾ നിർത്തലാക്കപ്പെടുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതിൽ മാരുതി സുസുക്കി ആൾട്ടോ 800, ഹ്യുണ്ടായി i20 ഡീസൽ, നാലാം തലമുറ ഹോണ്ട സിറ്റി, അഞ്ചാം തലമുറ ഹോണ്ട സിറ്റി ഡീസൽ, ഹോണ്ട അമേസ് ഡീസൽ, ഹ്യുണ്ടായി വേർണ ഡീസൽ, ഹോണ്ട ജാസ്, ഹോണ്ട WR-V, ടാറ്റ ആൾട്രോസ് ഡീസൽ, റെനോ ക്വിഡ് 800, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോൾ, മഹീന്ദ്ര മറാസോ, മഹീന്ദ്ര അൾട്യൂറാസ് G4, മഹീന്ദ്ര KUV100, സ്കോഡ ഒക്ടാവിയ, സ്കോഡ സൂപ്പർബ്, നിസാൻ കിക്ക്‌സ്.


Click it and Unblock the Notifications








