ഇപ്പോഴും ഒരു മാറ്റവുമില്ല! ഇവി വാങ്ങിയാൽ കിട്ടുന്ന പണികളുടെ നീണ്ട ലിസ്റ്റ് ഇതാ...
പെട്രോൾ, ഡീസൽ വാഹനങ്ങൾ പതിയെ നിരത്തുകൾ ഒഴിയാൻ തുടങ്ങുമ്പോൾ ഇലക്‌ട്രിക് വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. പുതിയൊരു വണ്ടി വാങ്ങാം എന്നു ചിന്തിക്കുമ്പോൾ തന്നെ വൈദ്യുത മോഡലുകളെ കുറിച്ച് നാം ആലോചിച്ച് തുടങ്ങി എന്നതാണ് ഇവികളുടെ വിജയം. ഒന്നു ചാർജ് ചെയ്‌താൽ നമുക്ക് വേണ്ടിടത്ത് എത്താൻ പോന്ന റേഞ്ചും പല വാഹനങ്ങളും നൽകുന്നുമുണ്ട്.
എങ്കിലും പൂർണമായും ഇവികളെ മനസിലേക്ക് കയറ്റാൻ പലരും തയാറായിട്ടില്ലെന്നു വേണം പറയാൻ. കാരണം ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഇന്നും നിലനിൽക്കുന്നു എന്നതാണ് ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം. മലിനീകരണമില്ലെന്നും ഹരിത ബദലാണെന്നും എല്ലാം പറയുന്നുണ്ടെങ്കിലും ഇവയും പൂർണമായും പ്രകൃതിക്ക് ദോഷങ്ങളൊന്നും വരുത്തുന്നില്ലെന്ന് പറയാനുമാവില്ല. ടെയിൽ പൈപ്പിൽ നിന്നുമുള്ള മലിനീകരണമില്ലെങ്കിലും വൈദ്യുത കാറുകൾക്ക് കാരണമാകുന്ന മിക്ക ഉദ്‌വമനങ്ങളും അവയുടെ നിർമാണവും അവയുടെ ചാർജിംഗിനുള്ള വൈദ്യുതിയുടെ ഉറവിടവുമായി ബന്ധപ്പെട്ടതാണ്.

ഇത്തരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഗുണങ്ങൾ ദോഷങ്ങളേക്കാൾ കൂടുതലാണെന്ന് പലരും വാദിക്കുമ്പോൾ. ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നതിന്റെ പ്രധാന പോരായ്മകൾ കണക്കിലെടുക്കേണ്ടതും പ്രധാനമാണ്. നിങ്ങളൊരു ഇവി വാങ്ങാൻ പദ്ധതിയുടന്ന ആളാണെങ്കിൽ വൈദ്യുത വാഹനങ്ങളുടെ വലിയ പോരായ്‌മകളും പരിമിതികളും അറിഞ്ഞിരിക്കണം. ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിന്റെ പ്രധാന ആശങ്കകൾ എന്തെല്ലാമെന്ന് ഒന്ന് നോക്കിയാലോ?
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള ആദ്യത്തെ ആശങ്ക അതിന്റെ സേഫ്റ്റിയെ പറ്റി തന്നെയാവും. പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് കാറുകൾ വിപണിയിൽ പുതുമുഖങ്ങളാണ്. ഒരു അപകടവും മറ്റ് സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ഇലക്ട്രിക് കാറുകൾക്ക് തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം ഇന്റർനെറ്റിലൂടെയോ നേരിട്ടോ കണ്ട് മനസിലാക്കിയിട്ടുണ്ടാവും.

കാലക്രമേണ കൂടുതൽ ഗവേഷണ-വികസന കമ്പനികൾ ഇലക്ട്രിക് കാറുകളിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇലക്ട്രിക് കാറുകൾക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ സുരക്ഷയെക്കുറിച്ചുള്ള ചോദ്യം നിലനിൽക്കുന്നതാണ്. പ്രത്യേകിച്ച് ഇത്രയും ഉയർന്ന തുക മുടക്കി വാങ്ങുമ്പോൾ സേഫ്റ്റിയെ സംബന്ധിച്ച ചോദ്യം ഇന്നും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് ഇവി ഉടമകളെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.
ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള ഒരു പ്രധാന തടസം അത് വാങ്ങാനുള്ള ഉയർന്ന ചെലവാണ്. പരമ്പരാഗത കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് കാറുകളുടെ റണ്ണിംഗ് കോസ്റ്റെല്ലാം കുറവാണെങ്കിലും വിപണിയിലെ പ്രീമിയം മോഡലുകളുടെ വിലയാണ് ഇവ സ്വന്തമാക്കാനായി പോക്കിറ്റിൽ നിന്നും ഇറക്കേണ്ടത്. ഉദാഹരണത്തിന് ടാറ്റ നെക്‌സോണിന്റെ പെട്രോൾ പതിപ്പിന് 7.99 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.

എന്നാൽ കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായ നെക്സോൺ ഇവി പ്രൈമിന്റെ പ്രാരംഭ എക്സ്ഷോറൂം വില ഇന്ത്യയിൽ 14.49 ലക്ഷം രൂപയാണ് വരുന്നത്. അതായത് വളരെ കൃത്യമായി പറഞ്ഞാൽ ഈ സാഹചര്യത്തിൽ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന് അതിന്റെ സാധാരണ പെട്രോൾ വകഭേദത്തേക്കാൾ ഏകദേശം ഇരട്ടി വിലയാണ് ഉപഭോക്താക്കൾ മുടക്കേണ്ടത്. ഇക്കാര്യത്തിൽ ഉടനെങ്ങും പരിഹാരം കാണാനാവുമെന്ന സൂചനയും വിപണിയിൽ നിന്നും ലഭിക്കുന്നില്ല.
ഇവി വാങ്ങുന്നതിന്റെ അടുത്ത പ്രധാന വെല്ലുവിളിയും ആശങ്കയും ചാർജിംഗുമായി ബന്ധപ്പെട്ടതാണ്. ഇന്ധനം തീർന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ കുറച്ച് മിനിറ്റിനുള്ളിൽ ഫുൾ ടാങ്ക് അടിച്ച് യാത്ര തുടരാനാവും. അതേസമയം ഇലക്ട്രിക് കാറുകൾ പൂർണമായി ചാർജ് ചെയ്യാൻ മണിക്കൂറുകളെടുക്കും. പണ്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ നിലവിൽ ചാർജിംഗ് സമയം ഗണ്യമായി കുറഞ്ഞുവെങ്കിലും ഇപ്പോഴും അവ ഒരു പരമ്പരാഗത കാറുമായി പൊരുത്തപ്പെടുന്നില്ലെന്നത് വലിയൊരു പോരായ്‌മ തന്നെയാണ്. ഇതോടൊപ്പം ചാർജിംഗ് സംവിധാനങ്ങളുടെ ലഭ്യതക്കുറവും എടുത്തു പറയേണ്ടതാണ്.

ഇലക്ട്രിക് കാറുകൾക്ക് റേഞ്ചിന്റെ കാര്യത്തിലും പരിമിതികളുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം ഇലക്ട്രിക് കാറുകളുടെ റേഞ്ച് വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന വസ്‌തുത തള്ളിക്കളയാനാവില്ലെങ്കിലും നിലവിലെ അവസ്ഥയിൽ ഇതൊരു പോരായ്‌മയായി കണക്കാക്കുക തന്നെ വേണം. അതുമാത്രമല്ല, ഉയർന്ന റേഞ്ചുള്ള വാഹനങ്ങൾ ലക്ഷ്വറി സെഗ്മെന്റിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.
എൻട്രി ലെവൽ, മാസ് മാർക്കറ്റ് സെഗ്‌മെന്റുകളിലേക്ക് ഉയർന്ന റേഞ്ചുള്ള കാറുകൾ ഇതുവരെ എത്തിയിട്ടില്ല. യഥാർഥ സാഹചര്യങ്ങളിൽ പരമാവധി 300 കി.മീ വരെ റേഞ്ച് നൽകുന്ന വാഹനങ്ങൾ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. റേഞ്ച് നിരവധി ഘടകങ്ങൾ ഉപയോഗിച്ച് വ്യത്യാസപ്പെടുന്നുമുണ്ട്. കൂടാതെ ഉയർന്ന ചാർജിംഗ് സമയവും ഇത് ദീർഘനേരം ഇന്റർസിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ ഒരു വാഹനമായി മാറുന്നില്ല. നമ്മുടെ അടുത്തുള്ള പ്രദേശങ്ങളിലെല്ലാം പോയി തിരികെ വരാൻ മാത്രമാണ് ഇവ പ്രായോഗികമായിട്ടുള്ളത്.


Click it and Unblock the Notifications








