സേഫ്റ്റി ഫസ്റ്റ്! വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നു നിൽക്കുന്ന സാഹചര്യമാണ് കുറച്ചുകാലമായി ഇന്ത്യയിലുള്ളത്. ആയതിനാൽ ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച് ആളുകൾ ചിന്തിച്ചു തുടങ്ങുകയും ചെയ്‌തിരിക്കുന്നു. എങ്കിലും പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരെല്ലാം എത്ര വില കൊടുത്തായാലും ഇന്ധനം നിറയ്ക്കാതിരിക്കില്ലല്ലോ... അതുമല്ല അത്തരം മോഡലുകൾ പെട്ടന്ന് നമുക്ക് ഉപേക്ഷിക്കാനുമാവില്ല.
പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വളരെ വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ളവയാണെന്ന് അറിയാമല്ലോ. പെട്രോൾ പമ്പുകൾ അവയുടെ സംഭരണ ടാങ്കുകളിൽ വലിയ അളവിൽ ജ്വലന ഇന്ധനം സംഭരിക്കുന്നതിനാൽ ഏറ്റവും സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷനുകൾ അഥവാ പെട്രോൾ പമ്പുകൾ. ഇന്ധനം നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് പലർക്കും അറിയുകയുമില്ല.

മുൻകരുതലുകൾ എടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അപകടസാധ്യതയുള്ള ഇത്തരം സ്ഥലങ്ങളിൽ സുരക്ഷിതരായിരിക്കാൻ ചില അടിസ്ഥാന കാര്യങ്ങൾ പാലിക്കുകയും പരിശീലിക്കുകയും വേണം. അവ എന്തെല്ലാമെന്ന് നമുക്ക് ഒന്നു പരിശോധിച്ചാലോ? ഇനി അടുത്ത തവണ പെട്രോൾ പമ്പിൽ ചെല്ലുമ്പോൾ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു വേണം ഇന്ധനം നിറയ്ക്കാൻ.
കുട്ടികളുമായി പമ്പിൽ ചെല്ലുമ്പോൾ അവരെ കൃത്യമായി നിരീക്ഷിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനത്തിൽ പെട്രോൾ സ്റ്റേഷനുകളിൽ വലിയ വാഹനങ്ങളും എത്തുന്നതിനാൽ ഇന്ധനം നിറയ്ക്കുമ്പോൾ സുരക്ഷിതമായ സ്ഥലത്ത് തുടരാൻ കുട്ടികളോട് നിർദ്ദേശിക്കേണ്ടത് പ്രധാനമാണ്. ഉയർന്ന തോതിൽ ഇന്ധനം സംഭരിക്കുന്നതിനാൽ ഈ സ്ഥലം പെട്ടെന്ന് അപകടകരമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യം തള്ളിക്കളാതിരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

വാഹനം പമ്പിൽ നിർത്തി ഇന്ധനം നിറയ്ക്കാനായി തുടങ്ങുന്നതിനു മുമ്പ് കാർ എഞ്ചിൻ ഓഫ് ചെയ്‌തുവെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഓൺ ചെയ്‌തിട്ട വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നത് പലയിടത്തും കണ്ടിട്ടുള്ള കാര്യവുമാണെങ്കിലും എഞ്ചിനും വാഹനത്തിന്റെ ഘടകങ്ങളും ജ്വലന പ്രക്രിയയിൽ ഉൾപ്പെടുന്നുണ്ടെന്നതിനാൽ ഈ സാഹചര്യത്തിൽ തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു അപകടമുണ്ടായാൽ വലിയ തീപിടിത്തം ഉണ്ടാകാൻ കൂടുതൽ സമയമെടുക്കില്ല. അതിനാൽ മുൻകരുതൽ എന്ന നിലയിൽ കാറിന്റെ എഞ്ചിൻ ഓഫ് ചെയ്യേണ്ടത് അനിവാര്യമാണ്.
നിങ്ങളുടെ സെൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിലും അവ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മൊബൈൽ ഫോണുകൾ റേഡിയേഷൻ പുറപ്പെടുവിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നതിനാണ് ഈ നിർദേശം മുന്നോട്ടുവെക്കുന്നത്. സൂര്യപ്രകാശമുള്ള ദിവസത്തിൽ മൊബൈൽ ചൂടാകുകയും സ്ഫോടന ഭീഷണി ഉയർത്താനും സാധ്യതയുണ്ട്. പക്ഷേ ഇന്ന് പലയാളുകളും പെട്രോൾ അടിച്ചതിന്റെ പണം കൈമാറുന്നത് യുപിഐ ആപ്പുകൾ ഉപയോഗിച്ചാണെന്നതും വളരെ രസകരമായ കാര്യമാണ്. ആയതിനാൽ പല പമ്പുകളും ഇതിനെ ഇപ്പോൾ വിലക്കാറുമില്ല.

ഒരു പെട്രോൾ പമ്പ് ഉയർന്ന ജ്വലന ശേഷിയുള്ള ടൺ കണക്കിന് ഇന്ധനത്തിന് മുകളിലാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ ഒരു ചെറിയ തീപ്പൊരി മതി ഇവിടം നരകതുല്യമാക്കാൻ. അതിനാൽ, തീപിടിക്കാൻ സാധ്യതയുള്ള ഒരു വസ്തുവും ഇന്ധന സ്റ്റേഷനിൽ ഉപയോഗിക്കരുത് എന്നത് വ്യക്തമായ ഒരു മുൻകരുതലാണ്. പുകവലി അരുത് എന്ന കാര്യം പൊതുവേ അറിയാമെങ്കിലും കുട്ടികൾ ഭൂതക്കണ്ണാടി (magnifying glass) ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കേണം.
കള്ളന്മാരെ സൂക്ഷിക്കേണ്ടതും ഒരു സുരക്ഷാ നിർദേശമാണ്. ഒരു യാത്രയിലായിരിക്കുമ്പോൾ ചുറ്റുപാടുകളെയും വ്യക്തികളെയും കുറിച്ച് എപ്പോഴും ബോധവാൻമാരായിരിക്കുക. ക്യാമറയൊക്കെ ഇപ്പോൾ മിക്ക പമ്പുകളിലും ഉണ്ടെങ്കിലും ഇവിടെ കയറുമ്പോൾ കാറിന്റെ വിൻഡോകൾ പൂർണമായും അടച്ചിടാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ, ആരെങ്കിലും നിങ്ങളുടെ സാധനങ്ങൾ കാറിൽ നിന്ന് എടുത്തേക്കാം.

ഇത്തരം കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചാൽ സുരക്ഷിതമായി ഇന്ധനം നിറച്ച് പുറത്തിറങ്ങാം. നമ്മുടെ ദിനചര്യയുടെ ഒരു ഭാഗമാണ് ഇന്ധനം നിറയ്ക്കുന്നത്. അത്രയേറെ ജീവിതത്തിന്റെ ഭാഗമായ ഈ കാര്യം കൂടുതൽ ശ്രദ്ധയോടെ അല്ലെങ്കിൽ അതീവ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മേൽപ്പറഞ്ഞ ടിപ്പുകൾ എന്തായാലും പിന്തുടരുക.


Click it and Unblock the Notifications








