ഇന്ത്യൻ സൂപ്പർക്രോസ് പോരാട്ടത്തിലേക്ക് റെയ്‌സ് മോട്ടോസ്‌പോർട്‌സും, അറിയാം കൂടുതൽ
മോട്ടോർസൈക്കിൾ റേസിംഗ് ലീഗായ സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസിലേക്ക് റെയ്‌സ് മോട്ടോസ്പോർട്‌സും. ലീഗിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉദ്ഘാടന സീസണിൽ തങ്ങളും മത്സരിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റെയ്‌സ് മോട്ടോയുടെ കീഴിലുള്ള റെയ്‌സ് മോട്ടോസ്‌പോർട്‌സ് ഇന്ത്യൻ സൂപ്പർക്രോസിന് കൂടുതൽ ഊർജം പകരുമെന്നാണ് വിലയിരുത്തൽ.
ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ഇലക്‌ട്രിക് മോട്ടോർസൈക്കിൾ റേസിംഗിന് കളമൊരുങ്ങുന്നത്. ഫെഡഫേഷൻ ഓഫ് മോട്ടോർ സ്പോർട്‌സ് ക്ലബ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി സഹകരിച്ച് ടീം SX1 സംഘടിപ്പിക്കുന്ന ഒരു ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള സൂപ്പർക്രോസ് ലീഗാണ് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ്. റെയ്‌സ് മോട്ടോസ്‌പോർട്‌സിന്റെ പ്രവേശനത്തോടെ സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ ആകെ എണ്ണം ആറായി.

2024 ജനുവരിയിലാണ് ഇന്ത്യയിലെ മോട്ടോർസ്‌പോർട്‌സ് വിഭാഗച്ചെ പുനർനിർവചിക്കാൻ ലക്ഷ്യമാക്കിയുള്ള ഉദ്ഘാടന സീസൺ അരങ്ങേറുക. കാണികളെ ആകർഷിക്കുകയും ഇന്ത്യൻ സൂപ്പർക്രോസിന്റെ മികവ് പ്രകടിപ്പിക്കുകയും ചെയ്യുന്ന ഉയർന്ന പോരാട്ടമായിരിക്കും ലീഗ് വാഗ്ദാനം ചെയ്യുക. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് റൈഡർ രജിസ്ട്രേഷൻ, പ്ലെയർ ലേലം, ISRL സീസൺ 1 ഷെഡ്യൂൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗിക SXI വെബ്സൈറ്റിൽ ലഭ്യമാണ്.
മുൻ അന്താരാഷ്‌ട്ര റേസർമാരും മുൻ സൂപ്പർക്രോസ് അന്താരാഷ്‌ട്ര റേസർമാരായ സഹോദരന്മാരായ ഈഷാൻ ലോഖണ്ഡേയും ആശ്വിൻ ലോഖണ്ഡേയും വീർ പട്ടേലുമായി ചേർന്നാണ് SXI രൂപീകരിച്ചത്. മുംബൈ ആസ്ഥാനമായുള്ള ടയർ നിർമാണ കമ്പനിയാണ് റെയ്‌സ് മോട്ടോ. 2022 നവംബറിലാണ് മഹൻസാരിയ ഗ്രൂപ്പ് "റെയ്‌സ്" എന്ന ബ്രാൻഡിന് തുടക്കം കുറിച്ചത്.

അതിനുശേഷം നൂതന യൂറോപ്യൻ സാങ്കേതികവിദ്യയും പെർഫോമൻസും സമന്വയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ പെർഫോമൻസ് ടൂ വീലർ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കാനും ബ്രാൻഡിനായി. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ടയറുകളുമായി എത്തിയ റെയ്‌സ് മോട്ടോയ്ക്ക് വിപണിയിൽ വേഗം ക്ലച്ചുപിടിക്കാനായിട്ടുണ്ട്. പ്രാരംഭ വിജയത്തെത്തുടർന്ന് മിറ്റാസുമായുള്ള സംയുക്ത സംരംഭത്തിനും കമ്പനി തുടക്കം കുറിച്ചു.
ഇന്ത്യൻ മോട്ടോർ സൈക്ലിംഗ് പ്രേമികളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി പ്രമുഖ യൂറോപ്യൻ ബ്രാൻഡുകളിൽ നിന്ന് ഉത്ഭവിച്ച, റൈഡിംഗ് ഗിയർ, ആക്‌സസറികൾ, അപ്പാരെൽ എന്നിവയുടെ സമഗ്രമായ ഒരു നിര അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. മോട്ടോർസ്‌പോർട്‌സിൽ ബ്രാൻഡിന്റെ സജീവമായ ഇടപെടലിൽ ആവേശഭരിതരാണ് തങ്ങളെന്ന് റെയ്‌സ് മോട്ടോയുടെയും മഹൻസാരിയ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്‌ടർ യോഗേഷ് മഹൻസാരിയ പറഞ്ഞു.

റെയ്‌സ് മോട്ടോയുടെ സ്വന്തം റേസിംഗ് ടീമിന്റെ സമാരംഭം ആവേശഭരിതരായ റൈഡർമാരും ആവേശഭരിതരായ കമ്മ്യൂണിറ്റിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പർക്രോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ വീർ പട്ടേൽ റെയ്‌സ് മോട്ടോസ്‌പോർട്‌സിന് ഊഷ്മളമായ സ്വാഗതം അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് (Indian Supercross Racing) രംഗം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി റെയ്‌സ് മോട്ടോയുടെ ആവേശവും മോട്ടോർ സ്‌പോർട്‌സിനോടുള്ള പ്രതിബദ്ധതയും തികച്ചും യോജിച്ചതാണെന്ന് പട്ടേലും അഭിപ്രായപ്പെട്ടു. ലീഗിന്റെ വിജയത്തിന് ടീമിന്റെ സംഭാവനകളെക്കുറിച്ചുള്ള പ്രതീക്ഷകൾ പ്രകടമാണെന്നും വീർ പട്ടേൽ കൂട്ടിച്ചേർക്കുകയുണ്ടായി.


Click it and Unblock the Notifications








