'സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി'; റോൾസ് റോയ്‌സിന്റെ ഫ്ലൈയിംഗ് ലേഡിക്ക് 112 വയസ്
ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുന്നൊരു കമ്പനിയുണ്ട് ലോകത്തിൽ. ആഡംബര കാറുകളുടെ രാജാക്കൻമാർ എന്നറിയപ്പെടുന്ന റോൾസ് റോയ്‌സിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ആഡംബരം തുളുമ്പുന്ന റോള്‍സ് റോയ്‌സ് കാറുകൾ നിരത്തുകൾക്ക് ഒരു പ്രത്യേക അത്ഭുതം തന്നെയാണ് നൽകുന്നത്.

ബ്രിട്ടീഷ് വാഹന നിർമാണ കമ്പനിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് അവരുടെ കാറുകൾക്ക് മുന്നിൽ കാണാനാവുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി എംബ്ലം. റോൾസ് റോയ്‌സിന്റെ ഈ ഫ്ലൈയിംഗ് ലേഡിക്ക് 112 വയസാണ് ഇപ്പോൾ പ്രായം. ബ്രാൻഡിന്റെ ബൗദ്ധിക സ്വത്തായി രജിസ്റ്റർ ചെയ്ത സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി നിലവിൽ വന്നത് 1911 ഫെബ്രുവരി ആറിനാണ്. സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി ചിഹ്നത്തിന്റെ വാർഷികം റോൾസ് റോയ്‌സ് മോട്ടോർ കാറുകൾ ആഘോഷിക്കുകയാണ്.

ഇക്കാലത്തിനിടയിൽ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുകയും പുതുക്കുകയും ചെയ്‌തിട്ടുണ്ട്. ആദ്യകാലത്ത് സ്പിരിറ്റ് ഓഫ് എക്സ്റ്റസിയെ ബോണറ്റിന് മുകളിൽ സ്ഥിരമായി പിടിപ്പിക്കുകയാണ് റോൾസ് ചെയ്തിരുന്നത്. ശരിക്കും പറഞ്ഞാൽ സ്പിരിറ്റിന്റെ ആധുനിക പതിപ്പ് യഥാർഥത്തിൽ സ്രഷ്ടാവും ചിത്രകാരനും ശിൽപിയുമായ ചാൾസ് സൈക്‌സ് 1911-ൽ നിർമിച്ച യഥാർഥ ഡ്രോയിംഗുകളോട് ഏറ്റവും അടുത്ത സാമ്യമുള്ളതുമാണ്.

എന്നാൽ ഈ സംഭവം കള്ളൻമാർ എന്തുകൊണ്ട് മോഷ്‌ടിക്കാൻ ശ്രമിക്കുന്നില്ലെന്ന് അറിയാമോ? അതിലേക്കും നമുക്ക് ഒന്ന് കണ്ണോടിച്ച് വരാം. ഇന്ന് വരുന്ന എല്ലാ റോള്‍സ് റോയ്‌സ് കാറുകളിലും സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിലകൊള്ളുന്നത്. ലക്ഷങ്ങൾ വിലവരുന്ന കുഞ്ഞ് ശിൽപം മോഷ്ടിക്കാൻ പലരും ശ്രമിച്ചിട്ടുമുണ്ട്. ഇതിന് പരിഹാരമായി വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ മാത്രം ഉയർന്നുവരികയും നിർത്തുമ്പോൾ താഴ്ന്ന് പോവുകയും ചെയ്യുന്ന ടെക്‌നിക് റോൾസ്‌സ് റോയ്‌സ് കൊണ്ടുവന്നു.

ഇനി ആധുനിക റോൾസ് റോയ്‌സിന്റെ സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസി മോഷ്ടിക്കാൻ ആരെങ്കിലും എപ്പോഴെങ്കിലും ശ്രമിച്ചാൽ അതിനടിയിലുള്ള ഒരു മികച്ച ആന്റി-തെഫ്റ്റ് മെക്കാനിസം പ്രവർത്തിക്കുമെന്നും ഓർത്തുവെച്ചോ. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം എക്‌സ്‌റ്റസിയിൽ ചെലുത്തിയാൽ ശിൽപം പതിയെ താഴ്ന്നു പോവുകയും ചെയ്യും. പകരം ഒരു ബോഡി കളറിൽ പൂർത്തിയാക്കിയ ലിഡ് പാനൽ അതിനെ മറച്ച് ബോഡിയോട് ചേരുകയും ചെയ്യും.

3 ഇഞ്ച് നീളമുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസി റേഡിയറ്റര്‍ ഷെല്ലിനുള്ളിലേക്കാണ് മറയുന്നത്. 2004 മുതലുള്ള എല്ലാ റോൾസ് റോയ്‌സും ഈ ഫീച്ചർ സ്റ്റാൻഡേർഡായി അവതരിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല അപകടമുണ്ടാവുമ്പോൾ ഉയർന്നു നിൽക്കുന്ന ശിൽപം മൂലം കാൽനടയാത്രക്കാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലായും ഇത് പ്രവർത്തിക്കും. ക്യാബിനുള്ളില്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ മുഖേനയും ഡ്രൈവര്‍ക്ക് സ്പിരിറ്റ് ഓഫ് എകസ്റ്റസിയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം.

റോള്‍സ് റോയ്‌സ് പുറത്തിറക്കിയ ഫാന്റത്തിലാണ് സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തില്‍ ഒരുങ്ങിയ സ്പിരിറ്റ് ഓഫ് എക്സ്റ്റസി ആദ്യമായി ഇടംപിടിച്ചത്. പോയ വർഷം ഫ്ലൈയിംഗ് ലേഡിയുടെ പുതിയ പതിപ്പുമായി കമ്പനി അവതരിച്ചിരുന്നു. കമ്പനി സ്ഥാപിച്ച് 111 വർഷങ്ങൾക്കു ശേഷമാണ് റോൾസ് റോയ്സ് ലോഗോയിൽ മാറ്റം വരുത്തുന്നത്.

ഒരുകാൽ മുന്നോട്ടു വെച്ച രീതിയിൽ, ചിറകു പോലെ തോന്നിപ്പിക്കുന്ന വസ്ത്രം കുറച്ചുകൂടി ലംബമായി പിടിച്ച് മുന്നോട്ട് നോക്കി നിൽക്കുന്ന രീതിയിലാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് വളരെ ലളിതമായി പറയാം.മുമ്പത്തെ എക്സ്റ്റസിയെക്കാൾ കൂടുതൽ എയറോഡൈനാമിക് ട്യൂണിംഗും ഇതിനുണ്ട്. ഇത് ബ്രാൻഡിന്റെ ആദ്യ ഇവിയായ റോൾസ് റോയ്സ് സ്പെക്ടറിലായിരിക്കും ആദ്യമായി ഇടംപിടിക്കുക.

സ്പെക്‌ടറിന് ശേഷം വരുന്ന എല്ലാ പുതിയ റോൾസ് റോയ്‌സ് മോഡലുകളിലും പുതിയ ഡിസൈൻ ദൃശ്യമാകും, എന്നാൽ നിലവിലെ ഫാന്റം, ഗോസ്റ്റ്, വ്രെയ്ത്ത്, ഡോൺ, കള്ളിനൻ എന്നിവ നിലവിലെ ഡിസൈൻ ഉപയോഗിക്കുന്നത് തുടരും. ഫാൻ്റം 2 കൂപ്പെയുടെ പിൻഗാമിയായാണ് ഈ മോഡൽ വിപണിയിലേക്ക് എത്തുക.

കമ്പനിയുടെ ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി അലുമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് നിർമിക്കുന്നത്. വലിപ്പത്തിൽ ഈ മോഡൽ ഒരു റോൾസ് റോയ്സ് ഫാന്റം കൂപ്പെ പോലെയായിരിക്കും. 700 കിലോയാണ് ഭാരമെന്നാണ് വിവരം.


Click it and Unblock the Notifications








