സ്വർണത്തിൽ പണിത ബുള്ളറ്റ്, കള്ളൻ കൊണ്ടുപോയാലും തിരികെ കൊണ്ടുതരുന്ന ട്രിക്കാണ് അമ്മാവന്റേത്
കൾട്ട് ക്ലാസിക് മോട്ടോർസൈക്കിളുകൾ പണിയുന്നതിൽ റോയൽ എൻഫീൽഡിനുള്ള വൈദഗ്ധ്യം മറ്റൊരു ബ്രാൻഡിനും ഇല്ലെന്ന് തന്നെ പറയാം. ബുള്ളറ്റ് മുതൽ അടുത്തിടെ പുറത്തിറക്കിയ ബിയർ 650 വരെ നീളുന്ന മോഡൽ നിര കണ്ടാൽ ആർക്കായാലും ഒരു എൻഫീൽഡ് മുതലാളിയാവാൻ തോന്നും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോർസൈക്കിൾ നിർമാതാക്കൾ വെറൊരു വികാരമാണ്. സിംഗിൾ, ട്വിൻ സിലിണ്ടർ എഞ്ചിനുകളിൽ നിന്നും ഉയരുന്ന കുടു കുടു ശബ്‌ദം ഇന്ത്യക്കാർക്ക് എപ്പോഴും പ്രിയങ്കരമാവാൻ ഇതൊക്കെയാണ് കാരണവും. റോയൽ എൻഫീൽഡ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിൽ ഓടിയെത്തുന്ന ബൈക്ക് ബുള്ളറ്റായിരിക്കും.
പഴക്കം ചെന്ന ബുള്ളറ്റുകൾ വേറൊരു വൈബാണെന്നതും പറയണം. ഒരിടയ്ക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും പഴയ ബുള്ളറ്റുകൾക്കുണ്ടായിരുന്ന ഡിമാന്റ് സമാനതകളില്ലാത്തതായിരുന്നു. സാധാരണ ബൈക്കുകളിൽ നിന്നും വ്യത്യസ്‌തമായി വലത് വശത്ത് ഗിയറും ഇടത് വശത്ത് ബ്രേക്കുമുള്ള ബുള്ളറ്റ് അങ്ങനെ എല്ലാവർക്കുമൊന്നും ഓടിക്കാൻ വശം കിട്ടണമെന്നുമില്ല.

ട്രെൻഡ് നിലനിന്നിരുന്ന സമയത്ത് വാങ്ങിയതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് പലരും പഴയ ക്ലാസിക് ബുള്ളറ്റുകൾ വിറ്റുകൊണ്ടിരുന്നത്. കാലം മാറിയെങ്കിലും ഇന്നും ആളുകൾക്ക് ബുള്ളറ്റ് ഒരു വികാരമാണ്. പലതരത്തിൽ പണിത് മോടിപിടിപ്പിച്ച് കൊണ്ടുനടക്കുന്നത് ഇന്നും കാണാം. പക്ഷേ അതിൽ നിന്നുമെല്ലാം വ്യത്യസ്‌തമായി സ്വർണത്തിൽ പണിതൊരു റോയൽ എൻഫീൽഡിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
വീഡിയോ അൽപം പഴയതാണെങ്കിലും സംഗതി ഇന്റർനെറ്റിൽ വീണ്ടും ശ്രദ്ധനേടുകയാണ്. സ്വർണത്തിനോട് വല്ലാത്ത ഭ്രമമുള്ളൊരു അമ്മാവനാണ് ഈ ബുള്ളറ്റിന്റെ ഉടമ. എന്തായാലും സംഭവം കേരളത്തിലല്ലെന്ന് ഇപ്പോഴേ പറയാം കേട്ടോ. ഗോൾഡൻ ആക്‌സൻ്റുകൾ ഉപയോഗിച്ച് മോഡിഫൈ ചെയ്‌ത റോയൽ എൻഫീൽഡ് ബുള്ളറ്റ് പലർക്കും കൗതുകമായി തോന്നിയേക്കാം. മുമ്പെങ്ങും ഇത്തരത്തിലൊരു കസ്റ്റമൈസേഷൻ ആരും കണ്ടിട്ട് പോലുമുണ്ടാവില്ല. സ്വർണ കളറുണ്ടെങ്കിലും ഇതൊന്നും യഥാർഥ സ്വർണമല്ല കേട്ടോ.

ഇന്ത്യ പോലുള്ള രാജ്യത്ത് സ്വർണത്തിൽ ബുള്ളറ്റ് പണിത് നിരത്തിലിറക്കിയാൽ കള്ളൻ എപ്പോ അടിച്ചോണ്ട് പോയെന്ന് ചേദിക്കാനുണ്ടോ. അതിനാൽ ബുദ്ധിമാനായ ഉടമ ഗോൾഡൻ ലുക്കിനായി സ്വർണ നിറത്തിലുള്ള ആക്സസറികൾ മാത്രമാണ് ബുള്ളറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇനി സ്വർണം അടിച്ചെടുക്കാമെന്ന് കരുതി കള്ളൻ കൊണ്ടുപോയാലും കാര്യമില്ലെന്ന് സാരം. നിരാശനായി ചിലപ്പോൾ ബൈക്ക് തിരികെ കൊടുത്തേക്കും. ചില ക്രോം ഭാഗങ്ങൾ പിച്ചള പൂശിയ പാർട്‌സുകൾ ഉപയോഗിച്ച് ഉടമ സമർഥമായി മാറ്റിയതിനെല്ലാം പിന്നിൽ ഇതായിരിക്കും കാരണം.
ടേൺ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലാമ്പ് കവർ, നമ്പർ പ്ലേറ്റ്, ഫ്രണ്ട് ഫോർക്ക് കവറിൻ്റെ മുകൾ ഭാഗം എന്നിവയെല്ലാം ബ്രാസ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റോക്ക് ഹെഡ്‌ലൈറ്റുകൾ ഉടമ മാറ്റിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ഫൂട്ട്‌റെസ്റ്റുകൾ, ക്ലച്ച് ലിവർ, ഓഡോമീറ്റർ എന്നിവയും ഗോൾഡൻ ഷേഡിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിൻ്റെ ചെറിയ വിഗ്രഹം പോലും ഹാൻഡിൽ ബാറിൽ പിടിപ്പിച്ചിട്ടുണ്ട്.

സാധാരണ കാറുകളിലാണ് ഇത്തരം സംഗതികളെല്ലാം കാണാറുള്ളതെങ്കിലും ഈ ബുള്ളറ്റിനെ വേറിട്ടുനിർത്താൻ ഉടമ ചെയ്‌ത പണി പലർക്കും കോമഡിയായി തോന്നിയേക്കാം. റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ സൈഡ് കവർ, കിക്ക്സ്റ്റാർട്ടർ, ക്രാഷ് ഗാർഡ് എന്നിവയിലും സ്വർണം പൂശിയിട്ടുണ്ടേ. ഇതിൽ ചില പാർട്‌സുകൾക്ക് ഗ്ലോസി ഫിനിഷ് കൊടുത്തപ്പോൾ മറ്റുള്ളവ മാറ്റിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ഈ ബുള്ളറ്റിലെ സൈലൻസറിൽ വരെ ഗോൾഡൻ കളർ കൊടുത്തിട്ടുണ്ട്.
ബൈക്ക് മാത്രമല്ല കേട്ടോ, വീഡിയോയിൽ മോട്ടോർസൈക്കിളിൽ ഇരിക്കുന്ന അങ്കിളും ബൈക്കിന് ചേരുന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. സ്വർണ മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റും വാച്ചും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് കക്ഷി ഗമയോടെ വണ്ടിയിലിരിക്കുന്നത്. പലതരത്തിൽ തങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്ന ഉടമകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു ബുള്ളറ്റ് ആദ്യമായാവും നാം കാണുന്നത്. അതിനാൽ കൗതുകം ലേശം കൂടുതലായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








