ഫുൾ ടാങ്കിൽ 900 കിലോമീറ്റർ വരെ ഓടിക്കാം, വൈറലായി പഴഞ്ചൻ എൻഫീൽഡ് ബൈക്ക്
ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത മോട്ടോർസൈക്കിൾ ബ്രാൻഡാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരത്തുകളെ കുടു കുടു ശബ്‌ദത്തിലൂടെ പ്രകമ്പനംകൊള്ളിച്ച എൻഫീൽഡ് ബുള്ളറ്റുകൾ വിദേശികൾക്കിടയിലും ഒരേപോലെ ജനപ്രിയനാണ്. വെറും ശബ്ദം കൊണ്ട് ലോക പ്രശസ്‌തനായവൻ എന്നു വേണമെങ്കിലും എൻഫീൽഡ് ബൈക്കുകളെ വിശേഷിപ്പിക്കാനാവും.
ഇന്ന് അത്യാധുനിക സാങ്കേതികവിദ്യകളുമായി റോയൽ എൻഫീൽഡ് ബൈക്കുകൾ കൂടുതൽ ആധുനികമായെങ്കിലും പണ്ടൊക്കെ ക്ലാസിക് ബൈക്കുകളുടെ മുഖമുദ്രയായിരുന്നു ബ്രാൻഡ്. ലോകത്തിലെ ഏറ്റവും പഴയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് പണ്ട് ഡീസൽ എഞ്ചിൻ മോഡലുകൾ വരെ തങ്ങളുടെ നിരയിലുണ്ടായിരുന്നു. ഇക്കാര്യം പുതുതലമുറയിലെ ആളുകൾക്ക് അറിയാൻ സാധ്യത കുറവാണെങ്കിലും 90 കിഡ്‌സിനൊക്കെ ഇതറിയാമായിരിക്കും. ഡീസൽ എഞ്ചിൻ മോട്ടോർസൈക്കിളുകൾ ശരിക്കും ഒരു വലിയ വിപ്ലവം തന്നെയായിരുന്നുവെന്നു വേണം പറയാൻ.

ഡീസൽ ടോറസ് എന്നായിരുന്നു ഇതിന്റെ പേര്. ഈ അപൂർവ മോട്ടോർസൈക്കിളിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളായി ഇന്റർനെറ്റിൽ വൈറലായിരുന്നു. ബൈക്ക് വിത്ത് ഗേൾ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ഡീസൽ എഞ്ചിൻ ലഭിച്ചിട്ടുള്ള ഏക മോഡലായിരുന്നു ടോറസ്. 1993-ലാണ് ഈ ബൈക്ക് വിപണിയിൽ എത്തുന്നത്. എന്നാൽ രാജ്യത്ത് നടപ്പിലാക്കിയ പുതിയ എമിഷൻ മാനദണ്ഡങ്ങൾ കാരണം 2000-ൽ ഡീസൽ ബുള്ളറ്റിനെ കമ്പനി നിർത്തലാക്കുകയായിരുന്നു.
മോട്ടോര്‍സൈക്കിള്‍ പോലുള്ള ചെറിയ വാഹനങ്ങളില്‍ ഡീസല്‍ എഞ്ചിന്‍ പ്രായോഗികമല്ലെന്നു തെളിയിക്കാനും ഈ മോഡൽകൊണ്ട് സാധിച്ചിട്ടുണ്ട്. ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമുള്ള ഡീസൽ ടോറസ് ബൈക്കിന്റെ വലിയൊരു പോരായ്‌മയായിരുന്നു വിറവൽ. എങ്ങനെയാണ് റോയൽ എൻഫീൽഡിന് വിറവൽ എന്ന ചീത്തപ്പേര് ലഭിച്ചതെന്നും ഇപ്പോൾ ചെറിയ പിടികിട്ടിയില്ലേ... ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് തുടരെ അറ്റകുറ്റപ്പണികളും ആവശ്യമായിരുന്നു. പക്ഷേ മൈലേജിന്റെ കാര്യത്തിൽ ആളൊരൽപം പുലിയാണ് കേട്ടോ.

ഇനി വൈറൽ വീഡിയോയിലേക്ക് കടന്നാൽ വീഡിയോയിൽ പരിചയപ്പെടുത്തുന്ന റോയൽ എൻഫീൽഡ് ഡീസൽ ടോറസ് ബുള്ളറ്റ് 1997 മോഡലാണ്. 26 വർഷം പഴക്കമുണ്ടെങ്കിലും നല്ലരീതിയിൽ മെയിന്റൈൻ ചെയ്‌തിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. റോയൽ എൻഫീൽഡ് ഒരിക്കലും മോട്ടോർസൈക്കിളിനൊപ്പം ഫിസിക്കൽ കീ നൽകിയിട്ടില്ലെന്നതും കൌതുകകരമായ മറ്റൊരു കാര്യമാണ്. ആളൊരു പഴഞ്ചനായതുകൊണ്ട് ഇലക്ട്രിക് സ്റ്റാർട്ടും ഇല്ലെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. പണ്ടത്തെ ബുള്ളറ്റൊക്ക ചവിട്ടി സ്റ്റാർട്ട് ചെയ്യുന്നതെല്ലാം വേദനിക്കുന്ന ഓർമകളാണ്.
ഇത്തരത്തിൽ ആമ്പ് കയറ്റി ചവിട്ടി ചവിട്ടി സ്റ്റാർട്ട് ചെയ്‌തിട്ടുള്ളവരുടെ വേദനയെ കുറിച്ചാണ് സൂചിപ്പിച്ചത്. മറ്റ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ടോറസ് 350 സിസി എഞ്ചിനായിരുന്നില്ല ഉപയോഗിച്ചിരുന്നത്. പകരം 325 സിസി, ഗ്രീവ്സ് ലോംബാർഡിനി ഫോർ-സ്ട്രോക്ക് ഡീസൽ എഞ്ചിനാണ് ഇതിന് തുടിപ്പേകിയിരുന്നത്. പലരും ഈ മോഡൽ വാങ്ങാനുള്ള ഒരു പ്രധാന കാരണം അതിന്റെ കാര്യക്ഷമതയാണ്.

ഒരു സാധാരണ ബുള്ളറ്റ് ലിറ്ററിന് 30 കിലോമീറ്റർ ഇന്ധനക്ഷമതയൊക്കെ നൽകുമ്പോൾ ഡീസൽ ബുള്ളറ്റ് 60 മുതൽ 70 വരെ മൈലേജാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. അതേ മൈലേജ് രാജാക്കൻമാരായ ബജാജ് പ്ലാറ്റിനയും ഹീറോ സ്പ്ലെൻഡറുമൊക്കെ നൽകുന്ന അതേ കണക്കുകൾ നൽകാൻ ഈ പുലിക്കുട്ടനും സാധിക്കുമായിരുന്നുവെന്ന് ചുരുക്കം. ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് മോട്ടോർസൈക്കിളിന് 900 കിലോമീറ്ററിലധികം സഞ്ചരിക്കാനാകും. ഇത് വളരെ വലിയ കണക്കായിരുന്നു.
അതും അന്നെ ഡീസൽ വില കണക്കിലെടുക്കുമ്പോൾ സംഭവം ഒന്നോർത്തുനോക്കിക്കേ. പോട്ടെ ഇന്നത്തെ വിലയിലായാലും സംഭവം വളരെ ലാഭകരമാണ്. എന്നാൽ പവർ കണക്കുകളുടെ കാര്യത്തിൽ ആളൊരൽപം മടിയനായിരുന്നു. ടോറസ് എന്നറിയപ്പെട്ടിരുന്ന ഡീസൽ ബുള്ളറ്റിന്റെ 325 സിസി എഞ്ചിൻ ഏകദേശം 6.9 bhp കരുത്ത് മാത്രമേ നൽകാനായിരുന്നുള്ളൂ. അക്കാലത്തെ ഏറ്റവും വേഗമേറിയ മോട്ടോർസൈക്കിൾ ആയിരുന്നില്ലെങ്കിലും അന്നത്തെ മൈലേജ് സങ്കൽപ്പത്തിൽ ആള് എല്ലാം തികഞ്ഞവനായിരുന്നു.
പല പ്രദേശങ്ങളിലും ഡീസൽ ബുള്ളറ്റ് കാർഷിക ഉപകരണമായും ഉപയോഗിച്ചിരുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം. മോട്ടോർസൈക്കിളിന്റെ ഫ്‌ളൈ വീലുമായി ആളുകൾ ബെൽറ്റ് ബന്ധിപ്പിച്ചിരുന്നു. എഞ്ചിൻ കവർ നീക്കം ചെയ്‌താൽ ഇക്കാര്യം എളുപ്പത്തിൽ ചെയ്യാനാവുമായിരുന്നു. ഇത് പിന്നീട് കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുകയായിരുന്നു ചെയ്‌തിരുന്നത്. ഈ എഞ്ചിൻ വളരെ കാര്യക്ഷമമായതിനാൽ ഇന്ധനം തീരുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നില്ല.
എങ്കിലും റോയൽ എൻഫീൽഡിന്റെ ഡീസൽ ബുള്ളറ്റ് വിലയുടെ കാര്യത്തിൽ അൽപം പ്രീമിയമായിരുന്നു. ആയതിനാൽ സാധാരണക്കാർക്ക് ഇത് അപ്രാപ്യമായിരുന്നുവെന്നു വേണം കരുതാൻ. ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വളരെ അപൂർവമായി ഡീസൽ ടോറസ് വിൽക്കാനുണ്ടായിരിക്കും. ഒരു ഓർമക്കായോ അല്ലെങ്കിൽ ക്ലാസിക് ബൈക്കുകളുടെ കളക്ഷനായോ വാങ്ങി വീട്ടിൽകൊണ്ടുവന്നാൽ സംഭവം ഗമയായിരിക്കും. ഓടിച്ചുകൊണ്ടു നടക്കാനാണെങ്കിൽ മെയിന്റനെൻസ് ഒരു പൊല്ലാപ്പായി മാറിയേക്കാം. അതോടൊപ്പം നല്ല മെക്കാനിക്കിനെ കണ്ടെത്താനും പ്രയാസമായിരിക്കും.


Click it and Unblock the Notifications








