250 കോടി ഡോളറിന്റെ ആസ്‌തിയുള്ള മലയാളി, ഹെലികോപ്‌ടർ മുതൽ റോൾസ് റോയ്‌സ് വരെ സ്വന്തമായുള്ള ഈ കക്ഷിയെ അറിയുമോ?
മലയാളി വ്യവസായികളിലെ ഏറ്റവും സമ്പന്നരായവരിൽ ഒരാളാണ് ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്ഫെ വ്യവസായ സാമ്രാജ്യത്തിന് 250 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, സിമന്റ് തുടങ്ങിയ വ്യവസായങ്ങളിലാണ് ആർപി ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന എയര്‍ബസ് H 145 വരെ സ്വന്തമാക്കിയ ആദ്യ മലയാളി കൂടിയാണ് രവി പിള്ള. ഏകദേശം 100 കോടി ഇന്ത്യൻ രൂപ വരുന്ന ആകാശപേടകം ഇന്ത്യയിൽ വാങ്ങുന്ന ആദ്യത്തെ വ്യക്തിയും കേരളത്തിൽ നിന്നാണെന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്.
ആര്‍പി ഗ്രൂപ്പില്‍ ഈ വര്‍ഷം 80,000 പേര്‍ക്ക് കൂടി തൊഴിലൊരുക്കുമെന്നും അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിവിധ സംരംഭങ്ങളിലായി ഏകദേശം 2 ലക്ഷത്തിലധി ജീവനക്കാരാണ് രവി പിള്ളയുടെ കമ്പനികളിൽ ജോലി ചെയ്യുന്നത്. എയര്‍ബസ് H 145 വരെ സ്വന്തമാക്കിയ ഇദ്ദേഹത്തിന് കോടികൾ വിലമതിക്കുന്ന വമ്പൻ ആഡംബര കാറുകളുടെ കമനീയ ശേഖരവും സ്വന്തമായുണ്ട്. അദ്ദേഹത്തിൻ്റെ വിപുലമായ ആഡംബര കാർ ഗരാജിലെ ആ അതിഥികളെ ഒന്ന് പരിചയപ്പെട്ടാലോ?

കാറുകൾക്ക് മുമ്പ് തന്നെ 100 കോടി രൂപയോളം വില വരുന്ന എയർബസ് H 145 ഹെലികോപ്ടറിന്റെ കാര്യത്തിലേക്ക് തന്നെ ആദ്യം വരാം. എയർബസ് നിർമിച്ച ഹെലികോപ്ടർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. രണ്ട് പൈലറ്റുമാരെ കൂടാതെ 7 പേർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക. രണ്ട് സഫ്രാൻ HE ഏരിയർ 2C2 ടർബോഷാഫ്റ്റ് എഞ്ചിനുകളാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിനുകൾ പരമാവധി 785 kW പവർ വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ.
മണിക്കൂറിൽ 246 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും 20,000 അടി ഉയരത്തിൽ പ്രവർത്തിക്കാനും കഴിവുള്ള H145 ഒരു സാങ്കേതിക വിസ്മയമാണിത്. എയർബസ് H 145 ഹെലികോപ്റ്ററിൻ്റെ 1,500 യൂണിറ്റുകൾ മാത്രമാണ് ആഗോള വിപണിയിൽ നിർമിക്കുന്നത്. പിള്ളയെക്കൂടാതെ ലുലു ഗ്രൂപ്പ് ചെയർമാനായ എംഎ യൂസഫലിക്കും ഇതേ ഹെലികോപ്റ്റർ ഉണ്ട്. മൂന്നര മണിക്കൂർ നിർത്താതെ പറക്കാനുമാകും. അപകടത്തിൽപ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്‌സോർബിംഗ് സീറ്റുകളാണ് കോപ്ടറിൽ ഒരുക്കിയിട്ടുള്ളത്.

റോൾസ് റോയ്‌സ് ഗോസ്റ്റ്: രവി പിള്ളയുടെ ഗരാജിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനമാണ് റോൾസ് റോയ്‌സ് ഗോസ്റ്റ്. 2011-ലാണ് അദ്ദേഹം ഈ അൾട്രാ ലക്ഷ്വറി സെഡാൻ സ്വന്തമാക്കുന്നത്. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ളതാണെങ്കിലും ഈ കാർ അദ്ദേഹത്തിന്റെ ദൈനംദിന ഉപയോഗത്തിനുള്ള ഇഷ്ട വാഹനമായി തുടരുന്നു. പിള്ളയുടെ കൊല്ലത്തെ വസതിയിലാണ് വാഹനം ഇപ്പോഴുള്ളത്. 570 bhp കരുത്തിൽ 780 Nm torque ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ V12 ആണ് ഗോസ്റ്റിന്റെ ഹൃദയം.
മെർസിഡീസ് ബെൻസ് മെയ്ബാക്ക് S600: ദക്ഷിണേന്ത്യയിൽ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് രവി പിള്ള. അത്യാധുനിക ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ്, സീറ്റ് മസാജറുകൾ, ഇൻ്റഗ്രേറ്റഡ് പെർഫ്യൂം സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയ സൗകര്യങ്ങൾ നിറഞ്ഞ ആഡംബര സെഡാന്റെ വൈറ്റ് കളർ ഓപ്ഷനാണ് വ്യവസായി തെരഞ്ഞെടുത്തിരിക്കുന്നത്. 6.0 ലിറ്റർ V12 എഞ്ചിൻ തുടിപ്പേകുന്ന കാറിന് 530 bhp പവറിൽ 800 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

മെർസിഡീസ് മെയ്ബാക്ക് S500: മെയ്ബാക്കിന്റെ 600 കൂടാതെ രവി പിള്ള യാത്രകൾക്ക് കൂട്ടായി മെയ്ബാക്ക് S500 മോഡലും മുമ്പ് വാങ്ങിയിട്ടുണ്ട്. തൻ്റെ മകളുടെ വിവാഹ സമ്മാനമായാണ് അദ്ദേഹം ഈ വാഹനം വാങ്ങിയതെന്നാണ് വിവരം. S600 മോഡലിഷ നിന്ന് വ്യത്യസ്തമായി 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മെർസിഡീസ് ബെൻസിന്റെ S500 ആഡംബര കാറിന് കരുത്തേകുന്നത്. പരമാവധി 453 bhp പവറിൽ 700 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ് എഞ്ചിൻ.
ലക്ഷ്വറി എസ്‌യുവി പ്രേമികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയിട്ടുള്ള മറ്റൊരു പ്രധാനിയാണ് രവി പിള്ള. ഈ അൾട്രാ ലക്ഷ്വറി കാറുകൾക്ക് പുറമേ ആർപി ഗ്രൂപ്പിന്റെ ബിസിനസ് തലവന് ബിഎംഡബ്ല്യു 5 സീരീസ് സെഡാനുമുണ്ട്. 520d എന്ന വേരിയന്റാണ് പിള്ളച്ചേട്ടന്റെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഇതുവരെ വിറ്റഴിഞ്ഞതിൽ ഏറ്റവും വിജയകരമായ ബിഎംഡബ്ല്യു സെഡാനുകളിൽ ഒന്നായിരുന്നു ഇത്. ഇൻലൈൻ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 5 സീരീന്റെ ഹൃദയം. ഈ എഞ്ചിൻ പരമാവധി 190 bhp കരുത്തിൽ 400 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ഔഡിയുടെ A6 മാട്രിക്‌സാണ് രവി പിള്ളയുടെ ഗരാജിലെ അടുത്ത ലക്ഷ്വറി കാർ. 190 bhp പവറിൽ 400 Nm torque നൽകുന്ന ഇൻലൈൻ 4-സിലിണ്ടർ എഞ്ചിനാണ് ഈ സെഡാന് തുടിപ്പേകുന്നത്.


Click it and Unblock the Notifications








