ഓർമകൾക്ക് 27 വർഷം; ആ 96 മോഡൽ ഔഡി കാർ ഇന്നും കൂടെയുണ്ടെന്ന് ജയസൂര്യ
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരത്തെ മനസിൽ ഓർക്കാൻ പറഞ്ഞാൽ 90 കിഡ്‌സിന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നായിരിക്കും വെടിക്കെട്ട് വീരൻ സനത് ജയസൂര്യയുടെ പേര്. മൊട്ടത്തലയുമായി എത്തി സിക്‌സറുകൾ അടിച്ച് പറപ്പിക്കുന്ന ഈ ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്‌മാൻ നമ്മുടെ കുട്ടിക്കാലത്തെ സുന്ദര ഓർമകളാണിന്ന്.
ഇന്ത്യൻ ക്രിക്കറ്റിന് ഓപ്പണിംഗിൽ സെവാഗ് എങ്ങനെയായിരുന്നോ അതേ ശൈലിയിൽ ബാറ്റുവീശുന്ന താരമായിരുന്നു ജയസൂര്യ. 1996 വിൽസ് വേൾഡ് കപ്പിൽ ശ്രീലങ്ക മുത്തമിട്ടതും ജയസൂര്യയുടെ മികവിലായിരുന്നു. രാജ്യത്തിന്റെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നാണിത്. അതും അതികായകരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ലങ്ക ലോകകീരിടത്തിൽ മുത്തമിടുന്നത്. ഈ ഓർമകൾ പങ്കുവെക്കുന്ന ഒരു ചിത്രവുമായി ജയസൂര്യ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

ഈ വിജയത്തിന് ചുക്കാൻ പിടിച്ചതുൾപ്പടെ ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ജയസൂര്യ 1996 വേൾഡ് കപ്പിലെ മാൻ ഓഫ് ദി സീരീസായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് സമ്മാനമായി ലഭിച്ച ഔഡി കാറിനൊപ്പം നിൽക്കുന്ന പണ്ടത്തെ ചിത്രം പുറത്തുവിട്ടാണ് ആരാധകരെ സുവർണകാലഘട്ടത്തെ കുറിച്ച് മുൻ ക്രിക്കറ്റ് താരം ഓർമിപ്പിക്കുന്നത്. ടൂർണമെന്റിൽ 221 റൺസ് നേടുകയും ഏഴ് നിർണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തതാണ് തന്റെ ഓൾറൗണ്ട് മികവ് ജയസൂര്യ കാഴ്ച്ചവെച്ചത്.
ചുവന്ന നിറത്തിലുള്ള ഔഡി കാർ വർഷങ്ങൾക്ക് ശേഷവും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും സുവർണ ഓർമകൾക്ക് 27 വർഷമായെന്നുമാണ് അടിക്കുറിപ്പിൽ സനത് ജയസൂര്യ കുറിച്ചിരിക്കുന്നത്. കാറിന്റെ പഴതും പുതിയതുമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. 1996 വേൾഡ് കപ്പ് ടൂർണമെന്റിലെ താരം ജയസൂര്യയാണെങ്കിലും ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അരവിന്ദ ഡിസിൽവയായിരുന്നു. സെഞ്ചുറിയും 3 വിക്കറ്റും 2 ക്യാച്ചുകളും നേടിയ ഡിസിൽവയാണ് ലങ്കയെ കിരീടത്തിലെത്തിച്ചത് എന്നതും ഈ അവസരത്തിൽ പറയേണ്ട കാര്യമാണ്.

ഔഡി A4 ക്വാട്രോ സെഡാനാണ് ജയസൂര്യക്ക് പുരസ്ക്കാരമായി ലഭിച്ചത്. കോംപാക്റ്റ് സെഡാന്റെ രുചികരമായ രൂപഭാവം, കിടിലൻ പെർഫോമൻസ്, എക്സിക്യൂട്ടീവ് ഇന്റീരിയർ തുടങ്ങിയ സംവിധാനങ്ങളോടെയാണ് ജർമൻ കാർ രൂപമെടുത്തിരിക്കുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി അഞ്ച് തലമുറകളിലായാണ് A4 നിർമിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ മോഡൽ പിറവിയെടുക്കുന്നത് 1994-ലാണ്.
ആന്റി-ലോക്ക് ബ്രേക്കുകൾ, പവർ വിൻഡോകൾ/ഡോർ ലോക്കുകൾ/മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ആന്റി-തെഫ്റ്റ് സിസ്റ്റം, പവർ ഡ്രൈവർ സീറ്റ്, പെർഫൊറേറ്റഡ് ലെതറെറ്റ് അപ്ഹോൾസ്റ്ററി, അലുമിനിയം വീലുകൾ, ഫോഗ്‌ലാമ്പുകൾ എന്നിങ്ങനെ കിലിടൻ ഫീച്ചറുകളുമായാണ് അക്കാലത്ത് ഔഡി A4 ക്വാട്രോ ഒരുക്കിയിരിക്കുന്നത്. സെഡാൻ ഒരു സെഡാൻ ആയും സ്റ്റേഷൻ വാഗണായും അക്കാലത്ത് ലഭ്യമായിരുന്നു. കാറിന്റെ രണ്ടാംതലമുറ ആവർത്തനം മുതൽ വാഹനം കൺവേർട്ടിബിൾ പതിപ്പിലും വിപണിയിൽ എത്തിയിട്ടുണ്ട്.

2.8 ലിറ്റർ V6 എഞ്ചിനായിരുന്നു സെഡാന് തുടിപ്പേകിയിരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് പരമാവധി 172 bhp പവർ വരെ ഉത്പാദിപ്പിക്കാനാവുമായിരുന്നു. സ്പീഡ് ഓട്ടോമാറ്റിക്/ക്വാട്രോ കോമ്പിനേഷൻ ഡ്രൈവിംഗിൽ മികച്ച അനുഭവമാണ് ഡെസാനിൽ ഒരുക്കിയിരിക്കുന്നത്. 9.5 സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗത കൈവരിക്കാനും ഔഡി A4 അക്കാലത്തേ പ്രാപ്‌തമായിരുന്നു. അതേസമയം കാറിന്റെ പരമാവധി വേഗത 191 കിലോമീറ്ററായും കമ്പനി നിശ്ചയിച്ചിരിക്കുന്നു.
നിലവിലുള്ള ഔഡി A4 പ്രീമിയം, പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. 43.12 ലക്ഷം മുതൽ 50.99 ലക്ഷം രൂപ വരെയാണ് ലക്ഷ്വറി സെഡാനായി ഇപ്പോൾ ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 190 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് സെഡാനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. എഞ്ചിനാവട്ടെ എഞ്ചിൻ സ്റ്റാൻഡേർഡായി 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായും ജോടിയാക്കിയിരിക്കുന്നു.


Click it and Unblock the Notifications








